കൊച്ചി: എറണാകുളം പറവൂരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്റെ ലെെസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹോട്ടലിൽ അടിയന്തിര പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വ്യത്തിഹീനമായി പ്രവർത്തിച്ചതും ലെെസൻസ് ഇല്ലാതിരുന്നതുമായ രണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. 37 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 68 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ 28 പേർ പറവൂർ താലൂക്ക് ആശുപത്രിയിലും 20 പേർ സ്വകാര്യ ആശുപത്രിയിലും മൂന്നുപേർ കളമശേരി മെഡിക്കൽ കോളേജിലുമാണ് ചികിത്സ തേടിയത്. തൃശൂരിലും കോഴിക്കോടുമുളള ആശുപത്രികളിലാണ് മറ്റുളളവർ.
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കൂട്ടത്തിൽ രണ്ട് കുട്ടികളുമുണ്ട്. ഒൻപതുപേർ കുന്നുകര എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളാണ്. ഇവർ മജ്‌ലിസ് ഹോട്ടലിൽ നിന്നും തിങ്കളാഴ്‌ച വൈകിട്ട് കുഴിമന്തിയടക്കം കഴിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |