തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്നും, സംസ്ഥാനത്തിന് കിഫ്ബി കൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുളളുവെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകൾക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കുന്നുണ്ട്. എന്നാൽ രണ്ടു പദ്ധതികളും മുടക്കമില്ലാതെ നടക്കുന്നു. 2020ൽ 6000 കോടിയും കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഏകദേശം18000 കോടിയും കൈമാറി.ഇതുവരെ സാമ്പത്തിക പ്രശ്നമുണ്ടായിട്ടില്ല.ഒരു ലക്ഷം കോടിയുടെ ദേശീയ പാത പദ്ധതിയുൾപ്പെടെ നിരവധി വികസന പദ്ധതികളാണ് കിഫ്ബിയുടെ സഹായത്തോടെ നടന്നു വരുന്നത്. അതെല്ലാം പൂർത്തിയാക്കും.
ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ കിഫ്ബി പദ്ധതി ഉൾപ്പെടുത്തരുതെന്ന് എം.എൽ.എ.മാർക്ക് ധനവകുപ്പിൽ നിന്ന് കത്തെഴുതിയെന്ന റിപ്പോർട്ടുകളിൽ വസ്തുതയില്ല. നിയോജക മണ്ഡലാടസ്ഥാനത്തിലല്ല കിഫ്ബി പദ്ധതി നടപ്പാക്കുന്നത്. ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ചാണ്. കിഫ്ബി വായ്പയുടെ പേരിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ വായ്പാ ലഭ്യത തടയാൻ ശ്രമിച്ചാൽ അത് നിയമപരമായി നേരിടും കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയ സമീപനങ്ങൾ മൂലം കഴിഞ്ഞ വർഷം കിട്ടിയതിനെക്കാൾ 24000 കോടി ഈ വർഷം കുറഞ്ഞു. എന്നാൽ സംസ്ഥാനത്തെ ഒരു പദ്ധതിക്കും സാമ്പത്തികമുടക്കമുണ്ടായില്ല. ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ചയുളള രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ കേരളമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പങ്കാളിത്ത പെൻഷൻ:
പിന്മാറ്റം തീരുമാനിച്ചില്ല
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിൻമാറുന്നതിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഏതാനും സംസ്ഥാനങ്ങൾ പിൻമാറിയെങ്കിലും അടച്ച തുക തിരിച്ചു കിട്ടിയിട്ടില്ല.വാറ്റ് നികുതി കുടിശിക പിരിക്കുന്നതിൽ ആംനസ്റ്റി പദ്ധതികൾ ഗുണം ചെയ്തു. 940 കോടിയായിരുന്നു കുടിശിക.ഇതിൽ 2019-20ൽ 270 കോടിയും കഴിഞ്ഞ വർഷം 137 കോടിയും നടപ്പ് വർഷം 41 കോടിയും ആംനസ്റ്റി പദ്ധതിയിലൂടെ പിരിഞ്ഞു കിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |