കൊച്ചി: പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടി അമലാപോളിന് ദർശനം നിഷേധിച്ചത് വിവാദമായി. അഹിന്ദുവാണെന്ന് പറഞ്ഞാണ് തിങ്കളാഴ്ച ദർശനം നിഷേധിച്ചത്. 2023ലും ഇത്തരം രീതികൾ നിലനിൽക്കുന്നതിൽ ദുഃഖവും നിരാശയുമുണ്ടെന്ന് നടി ക്ഷേത്രം ഓഫീസിലെ സന്ദർശക ഡയറിയിൽ കുറിച്ചു.
''...എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷേ, അകലെനിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റംവരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും"" -ഇങ്ങനെയായിരുന്നു കുറിപ്പ്.
വിവാദം അനാവശ്യമെന്ന്
സംഭവത്തിൽ വിവാദം അനാവശ്യമാണെന്ന് ക്ഷേത്രം ഭാരവാഹികൾ. അമലാപോൾ ദർശനത്തിനെത്തിയപ്പോൾ ഓഫീസിലെത്തി വഴിപാട് എഴുതിയ ശേഷമാണ് ദർശനത്തിന് ഒരുങ്ങിയത്. പ്രത്യേക ക്യൂവിലൂടെ ദർശനത്തിനായുള്ള പാസെടുക്കുന്ന നേരത്താണ് ഭാരവാഹികൾ അമലയോട് ഹിന്ദുവാണോ എന്ന് ചോദിച്ചത്. അല്ലെന്ന് പറഞ്ഞപ്പോൾ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കാത്തതാണ് രീതിയെന്ന് അറിയിക്കുകയായിരുന്നു. കാര്യങ്ങൾ മനസിലാക്കിയ നടി മതിലിനു പുറത്തുനിന്ന് തൊഴാമെന്ന് പറയുകയും തൊഴുകയും ചെയ്തു. അതിനുശേഷം ഓഫീസിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അവർ തിരികെ ഓഫീസിലെത്തി പായസവും വാങ്ങിയാണ് മടങ്ങിയതെന്ന് ക്ഷേത്രം സെക്രട്ടറി പ്രസൂൺകുമാർ കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |