കൊച്ചി: യൂസർ ഫീ ഇല്ലാതെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യ നീക്കം നടക്കില്ലെന്നും സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിനായി സമഗ്ര നിയമനിർമ്മാണവും ചട്ട ഭേദഗതികളും സർക്കാരിന്റെ പരിഗണയിലാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 2026-ാടെ കേരളത്തെ സമ്പൂർണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം.
ശുചിത്വ പട്ടികയിൽ ഒന്നാമതുള്ള മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യ സംസ്കരണത്തിന് ശക്തമായ നിയമമുണ്ട്. ഈ മാതൃകയാകും കേരളം പിന്തുടരുക. സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
ഹരിതകർമ്മ സേനയുടെ യൂസർ ഫീക്കെതിരെ ഉയർന്ന വിവാദങ്ങളാണ് നിയമ നിർമ്മാണത്തിലേക്ക് സർക്കാരിനെ എത്തിക്കുന്നത്. യൂസർ ഫീ ഇല്ലാതെ മാലിന്യ നീക്കം നടക്കില്ല. തുച്ഛമായ യൂസർ ഫീയാണ് വാങ്ങുന്നത്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് ദിവസം 1.75 രൂപ ഈടാക്കുന്നതിനെ അപരാധമായാണ് പലരും കാണുന്നത്. അതിന്റെ പേരിൽ ഹരിതകർമ്മ സേനക്കെതിരെ നടക്കുന്ന പ്രചാരണം അംഗീകരിക്കാനാകില്ല. അത്തരം നീക്കങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിത കർമ്മസേനാ പ്രവർത്തകർക്ക് എല്ലാ സഹായവും നൽകും.
അജൈവ മാലിന്യം സ്വന്തം പുരയിടത്തിലായാലും കുഴിച്ചിടാനോ കത്തിച്ചുകളയാനോ പാടില്ല. അത് ശാസ്ത്രീയമായി സംസ്‌കരിക്കണം. സംസ്ഥാനത്ത് മേയ് 31നകം 10 മാലിന്യ സംസ്കരണ പ്ലാന്റുകൾ കമ്മിഷൻ ചെയ്യും. 2025ഓടെ ഇത് 28 ആകും. ജനങ്ങളുടെ തെറ്റിദ്ധാരണ മുതലെടുത്ത് മാലിന്യ സംസ്കരണ പദ്ധതികൾ ചില ശക്തികൾ അട്ടിമറിക്കുന്നു എന്നാണ് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ.
മാലിന്യ സംസ്കരണം:
രാജ്യാന്തര എക്സ്പോ
ഫെബ്രുവരി 4 മുതൽ
കൊച്ചി: കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (ജി.ഇ.എക്സ്) മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി നാലിന് ഉദ്ഘാടനം ചെയ്യും. എറണാകുളം മറൈൻ ഡ്രൈവിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. സ്മാർട്ട് ഗാർബേജ് ആപ്പിന്റെ രണ്ടാം ഘട്ട ഉദ്ഘാടനവും മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ പതിപ്പിക്കുന്ന ഹോളോഗ്രാം സ്റ്റിക്കർ പുറത്തിറക്കലും ഇതോടനുബന്ധിച്ച് നടക്കും.
രണ്ടുനാൾ നീളുന്ന പരിപാടിയിൽ മാലിന്യ സംസ്കരണ രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും അവതരിപ്പിക്കും. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള വിദഗ്ദ്ധർ പങ്കെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ സെക്രട്ടറിമാരും പങ്കെടുക്കും.
നൂതന ആശയങ്ങൾ നടപ്പാകുന്നതോടെ 75000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |