SignIn
Kerala Kaumudi Online
Friday, 20 September 2024 2.21 PM IST

സിവിൽ സർവീസിന്റെ കാര്യക്ഷമത ഇനിയും വർദ്ധിക്കണം: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pina

കൊച്ചി: രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സിവിൽ സർവീസെന്ന നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞെങ്കിലും കാര്യക്ഷമതയിലും സേവനത്തിലും ഇനിയും മുന്നേറാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം ജീവനക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി സമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം നിർദ്ദേശിച്ചു.

അഴിമതിമുക്ത സിവിൽ സർവീസെന്ന മുദ്രാവാക്യമുയർത്തി എൻ.ജി.ഒ യൂണിയൻ പ്രവർത്തിച്ചതിന് ഫലമുണ്ടായി. അഴിമതിക്ക് ഇപ്പോൾ സംരക്ഷണം ലഭിക്കില്ല. എങ്കിലും സിവിൽ സർവീസിന്റെ പ്രവർത്തനത്തിന് പൂർണമേന്മ അവകാശപ്പെടാൻ കഴിയില്ല. ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് കൂടുതൽ വേഗത കൈവരിക്കണം.

2016ൽ അധികാരത്തിലെത്തിയപ്പോൾ ഫയലുകളും ജീവിതങ്ങളും സംബന്ധിച്ച പരാമർശം താൻ നടത്തിയിരുന്നു. ഫയലുകൾ തീർപ്പാക്കുന്നതിൽ നേടുന്ന പുരോഗതി ഗൗരവമായി പരിശോധിക്കണം. നാലുമാസം മുമ്പ് നടത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ 50 ശതമാനം ഫയലുകൾ തീർപ്പാക്കാനേ കഴിഞ്ഞുള്ളു. എന്തുകൊണ്ട് കഴിയുന്നില്ലെന്ന് പരിശോധിക്കണം. മറ്റു ചില സംസ്ഥാനങ്ങൾ കൈവരിച്ച കാര്യശേഷി നമുക്ക് പ്രകടിപ്പിക്കാൻ കഴിയുന്നില്ല. സാമൂഹ്യപ്രതിബദ്ധതയുള്ള സമീപനം സ്വീകരിക്കാൻ ജീവനക്കാർ തയ്യാറാകണം. ജനപ്രതിനിധികളും ഭരണതീരുമാനങ്ങൾ നടപ്പാക്കുന്ന ജീവനക്കാരും ഒരേമനസോടെ നീങ്ങേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വജ്രജൂബിലി ലോഗോയും തീം സോംഗും പ്രൊഫ.എം.കെ. സാനുവിന് കൈമാറി വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. എ.ഐ.എസ്.ജി.ഇ.എഫ് ജനറൽ സെക്രട്ടറി എ. ശ്രീകുമാർ, എഫ്.എസ്.ഇ.ടി.ഒ പ്രസിഡന്റ് എൻ.ടി. ശിവരാജൻ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ. എംപ്ളോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ സ്വാഗതവും ട്രഷറർ എൻ. നിമൽരാജ് നന്ദിയും പറഞ്ഞു.

ക്ഷേമപദ്ധതികൾ നിറുത്താൻ
മനസില്ല: മുഖ്യമന്ത്രി

കൊച്ചി: ധനക്കമ്മി കുറയ്ക്കാൻ ക്ഷേമപദ്ധതികൾ നിറുത്തലാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം നടപ്പാക്കാൻ മനസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി വായ്പകൾ സംസ്ഥാനത്തിന് ദോഷം ചെയ്തിട്ടില്ലെന്നും എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

2016ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വികസനത്തിന് പണമില്ലായിരുന്നു. പണം വരുന്നതുവരെ വികസനം പാടില്ലെന്ന സമീപനം സ്വീകരിക്കാൻ പറ്റില്ല. ഫണ്ട് കണ്ടെത്താനാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. അരലക്ഷം കോടി രൂപയുടെ പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. 65,000കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു.

കിഫ്ബി വായ്പയെ സർക്കാർ വായ്പയായി കാണണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇത് നടപ്പാക്കിയാൽ 12,500കോടി രൂപയുടെ നഷ്ടമുണ്ടാകും. ജി.എസ്.ടി വിഹിതത്തിലും 12,000കോടി രൂപയുടെ കുറവുണ്ടാകും. കേന്ദ്രം നൽകേണ്ട മറ്റു വിഹിതങ്ങളിലും കുറവ് വന്നിട്ടുണ്ട്. ധനക്കമ്മി നല്ലനിലയിൽ കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പെൻഷനുകൾ ഉൾപ്പെടെ ക്ഷേമപദ്ധതികൾ ഉപേക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സാധാരണക്കാർക്ക് നൽകുന്ന പദ്ധതികൾ ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NGO UNION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.