ന്യൂഡൽഹി: ഫെഡറേഷൻ പ്രസിഡന്റും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണങ്ങൾ നിഷേധിച്ച് ഗുസ്തി ഫെഡറേഷൻ. അദ്ധ്യക്ഷനെതിരെ കായികതാരങ്ങൾ നടത്തി വന്ന മീ ടൂ ക്യാംപെയിന് പിന്നിൽ വ്യക്തിതാത്പര്യങ്ങളും രഹസ്യ അജണ്ടയുമുണ്ടെന്നാണ് വിഷയത്തിൽ കായികമന്ത്രാലയത്തിന് ഫെഡറേഷൻ നൽകിയ കത്തിലെ വിശദീകരണം. താരങ്ങളുടെ പരാതി അന്വേഷിക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കാമെന്ന ഉറപ്പിൻമേൽ പ്രതിഷേധം ഒത്തുതീർപ്പിലെത്തിച്ചെങ്കിലും ലൈംഗികാതിക്രമം നടന്നിട്ടില്ല എന്നാണ് ഫെഡറേഷന്റെ ഔദ്യോഗിക നിലപാട്.
നിലവിൽ ബ്രിജ് ഭൂഷണെതിരെ നടപടികളൊന്നും തന്നെ കൈക്കൊണ്ടിട്ടില്ല. പകരമായി സമരം ഒത്തുതീർപ്പിലെത്തിച്ച ഉപാധിപ്രകാരം മേരികോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗ്വേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും അടങ്ങുന്ന സമിതിയെ ഒളിമ്പിക്സ് അസോസിയേഷൻ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ ബ്രിജ് ഭൂഷണെ അദ്ധ്യക്ഷ പദവിയിൽ നിന്നും നീക്കിയിട്ടുണ്ട്. .
അതേസമയം ഫെഡറേഷൻ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരുന്നത്. തുടർന്നായിരുന്നു സമവായ നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു. ബ്രിജ് ഭൂഷൺ അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കണം, കേസെടുത്ത് അറസ്റ്റ് ചെയ്യണം, ഫെഡറേഷൻ പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങൾ മുന്നോട്ട് വച്ചത്.
ബ്രിജ് ഭൂഷണും പരിശീലകരും വനിതാതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ചായിരുന്നു. ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |