സിനിമയുടെ ഒരു പ്രശസ്ത വ്യക്തി മരിച്ചപ്പോൾ മറ്റൊരു നടൻ കാണിച്ച കോപ്രായങ്ങൾ തുറന്നുപറഞ്ഞ് നടൻ ടിനി ടോം. മരിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താതെയാണ് അദ്ദേഹം സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
'കൃത്യമായി എനിക്ക് പേരുകൾ പറയാൻ പറ്റില്ല. ചില കാര്യങ്ങൾ മറച്ചുവച്ചുകൊണ്ട് തന്നെ പറഞ്ഞില്ലെങ്കിൽ ശരിയാകില്ല. ചില കഥാപാത്രങ്ങളുടെ പേരുകൾ ഞാൻ പറയാം. എല്ലാവരുടെയും പറയില്ല. അതൊന്നും നിങ്ങൾ ഊഹിക്കുകയും വേണ്ട. കേരളത്തിൽ അറിയപ്പെടുന്ന, അല്ലെങ്കിൽ ഇന്ത്യൻ സിനിമയിലൊക്കെ അറിയപ്പെടുന്നൊരാളുടെ മരണമാണ്.
രാത്രി പതിനൊന്നരയോടെ നടൻ ബാബു രാജ് എന്നെ വിളിച്ച് മരണവിവരം പറഞ്ഞു. ടിനി ഒന്ന് പെട്ടെന്ന് വരണമെന്ന് പറഞ്ഞു. നമ്മൾ അമ്മയുടെ ആൾക്കാരല്ലേ, നമ്മളില്ലെങ്കിൽ വളരെ മോശമാണെന്ന് പറഞ്ഞു. മരിച്ചയാളുടെ ബന്ധുക്കളൊക്കെ വരണം. ഞാൻ അവിടെ ചെല്ലുമ്പോൾ മൃതദേഹത്തിന് ചുറ്റും ക്യാമറ നിറഞ്ഞുനിൽക്കുകയാണ്. ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടയ്ക്ക് ആറാട്ട് സൂപ്പറായിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്ണൻ ചേട്ടൻ എന്നോട് പറയുകയാണ്. ഇതൊക്കെ ഈ സമയത്താണോ പറയേണ്ടതെന്ന് ഞാൻ ചോദിച്ചു. മരണം എന്ന് പറയുന്നത് ക്ഷണിക്കപ്പെടാതെ എത്തുന്ന കോമാളിയാണ്. അവിടെ നടക്കുന്ന കാര്യങ്ങളിലും കോമാളിത്തരമുണ്ടാകും. നേരം കുറേ വൈകിയാണ് ഞാൻ വീട്ടിലേക്ക് പോയത്.
സംഘടനാ പ്രവർത്തനം കൂടി ചെയ്യുന്നതുകൊണ്ട് കാലത്ത് ബ്രേക്ക്ഫാസ്റ്റ് പോലും കഴിക്കാതെ ഞാൻ തിരിച്ചുവന്നു. ഒരു പ്രധാന സ്ഥലത്ത് പൊതുദർശനത്തിന് വച്ചു. പ്രധാനപ്പെട്ട രാഷ്ട്രീയക്കാരൊക്കെ വന്നു. അവിടെയാണ് കഥയിലെ ഒരു നായകൻ വരുന്നത്. മലയാള സിനിമയിൽ അത്യാവശ്യം അറിയപ്പെടുന്ന ആളാണ്. ചെറിയ വേഷങ്ങളും വലിയ വേഷങ്ങളും സംവിധാനമൊക്കെ ചെയ്യുന്നയാളാണ്.
പുള്ളി വീട്ടിൽ നിന്ന് ലൈവ് കണ്ടിട്ടാണ് വന്നിരിക്കുന്നത്. പ്രശസ്തനായ രാഷ്ട്രീയക്കാരനൊപ്പമാണ് വന്നത്. പുള്ളിയ്ക്ക് ക്യാമറ വീക്ക്‌നെസാണ്. പുള്ളി ക്യാമറ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഞാൻ പുള്ളിയെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
പുള്ളി വിഷമം നടിക്കുകയാണെന്ന് എനിക്ക് മനസിലായി. എന്നെ നോക്കി ഒരു ചിരി ചിരിച്ചു. ലൈവിൽ പോകണമെന്നാണ് പുള്ളിയുടെ ആഗ്രഹം. എനിക്കാണെങ്കിൽ വിശന്നിട്ട് കണ്ണ് കാണുന്നില്ല.'- നടൻ പറഞ്ഞു. ഈ 'നായകന്റെ കുറെ കോപ്രായങ്ങൾ ടിനി ടോം വെളിപ്പെടുത്തുന്നുണ്ട്.
മറ്റൊരു നടനെക്കുറിച്ചും ടിനി പറയുന്നുണ്ട്. 'അലൻസിയർ ചേട്ടൻ ആ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ സമയത്താണ് നമ്മുടെ രണ്ടാമത്തെ നായകന്റെ രംഗപ്രവേശം. മരിച്ച ആളുമായി ബന്ധപ്പെട്ടയാളാണ്. കുടിയനായിട്ടാണ് ആ നാട്ടിൽ അറിയപ്പെടുന്നത്. കണ്ണ് കണ്ടാലറിയാം വെള്ളമടിച്ചിട്ടുണ്ടെന്ന്. എന്നെ നോക്കി ഒരു ആക്ഷൻ കാണിച്ചു. ഇത് കണ്ട് അലൻസിയർ ചെട്ടന് ചെറുതായി ചിരി വരുന്നുണ്ട്.' -ടിനി ടോം പറഞ്ഞു.