കറാച്ചി: ചരിത്രത്തിൽ ഇന്നുവരെ കാണാത്ത തകർച്ചയിലേക്ക് കൂപ്പുകുത്തി പാകിസ്ഥാന്റെ സാമ്പത്തിക രംഗം.ഡോളറുമായുള്ള വിനിമയത്തിൽ പാക് കറൻസി തകർന്നതോടെയാണ് സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായത്. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. ഒറ്റദിവസത്തെ ഇടിവ് 24 രൂപ. രാജ്യാന്തര നാണയനിധിയിൽ നിന്ന് (ഐ എം എഫ് ) വായ്പ ലഭിക്കുന്നതിനായി രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റിൽ മാറ്റംവരുത്തിയതാണ് മൂല്യം ഇടിയാൻ കാരണമെന്നാണ് റിപ്പോർട്ട്.
കറൻസി നിരക്കിന്മേലുളള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് നിരക്ക് നിർണയിക്കാനും ഐ എം എഫ് നേരത്തേ പാക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദൈനംദിന ചെലവുകൾക്കുപോലും കാശില്ലാതെ ബുദ്ധിമുട്ടുന്ന പാകിസ്ഥാൻ ഐ എം എഫ് നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്തു. കഴിഞ്ഞവർഷം അനുവദിക്കുകയും എന്നാൽ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുന്നതുമായ 6.5 ബില്യൺ ഡോളറിന്റെ സഹായം എങ്ങനെയും നേടിയെടുക്കാനാണ് ഐ എം എഫ് നിർദ്ദേശങ്ങൾ ഇപ്പോൾ പാകിസ്ഥാൻ നടപ്പാക്കുന്നത്.
സാമ്പത്തിക രംഗം കൂപ്പുകുത്തിയതോടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. ഒരു കിലോ ഗോതമ്പുമാവിന് 3000 രൂപവരെ വിലയുയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ധാന്യപ്പൊടിയ്ക്കായി ജനങ്ങൾ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണസാധനങ്ങളുമായി പോകുന്ന ട്രക്കുകൾ തടയുന്നതിന്റെയും ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. നഗരങ്ങൾ ഉൾപ്പടെ പലയിടങ്ങളിലും ഭക്ഷണസാധനങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. പ്രതിസന്ധി കടുത്ത് രാജ്യത്തിന്റെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വന്നതോടെ അമേരിക്കയോടും പാക് സർക്കാർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
#Pakistan can't even manage atta crisis despite stealing millions of dollars' worth of resources from Balochistan. To progress,we must #FreeBalochistan. Until we stay under Pak's occupation,we'll not develop.@Balochzaag @BalochMqb @Hani_Baloch7 @imranbaloch1 @imdadBaloch77 pic.twitter.com/wKqprYqiLv
— Sohrab Haider (@SohrabHaider7) January 26, 2023
പ്രതിസന്ധി പരിഹരിക്കാൻ കടുത്ത ചെലവുചുരുക്കൽ നടപടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ജനപ്രതിനിധികൾക്ക് ശമ്പളത്തോടൊപ്പം നൽകുന്ന അലവൻസുകൾ നിർത്തലാക്കുകയും വിദേശയാത്രകളും വിലകൂടിയ വാഹനങ്ങൾ വാങ്ങുന്നതും വിലക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഇന്ധന ഉപയോഗം പരാമാവധി കുറയ്ക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ വില കൂട്ടും.
ഇപ്പോൾ തന്നെ രാജ്യത്ത് വൈദ്യുതി ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ്. മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും രാത്രി എട്ടുമണിക്കുശേഷം പ്രവർത്തിക്കരുതെന്ന കർശന നിർദ്ദേശം കഴിഞ്ഞമാസം മുതൽ തന്നെ നടപ്പാക്കിയിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാജ്യത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്. ഗ്രിഡിൽ വന്ന തകരാറാണ് ഇതിന് കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം എങ്കിലും ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാൽ രാജ്യത്തെ വൈദ്യുത നിലയങ്ങളുടെ പ്രവർത്തനം നിറുത്തിവയ്ക്കേണ്ടി വന്നതാണ് പ്രതിസന്ധിക്ക് യഥാർത്ഥ കാരണമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഡീസൽ, കൽക്കരി നിലയങ്ങളിലൂടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |