ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ചാവേറിന്റെ ടീസർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾ നിറച്ചുകൊണ്ടുള്ള കഥാവതരണം നടത്താറുള്ള പതിവ് ടിനു പാപ്പച്ചനും ടീമും ഇത്തവണയും തെറ്റിച്ചിട്ടില്ല എന്ന സൂചന നൽകുന്നതാണ് ടീസർ. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററിലെ പ്രധാന ആകർഷണമായ ജീപ്പ് ടീസറിലും ഇടം പിടിച്ചിട്ടുണ്ട്. ജീപ്പിന് പിന്നിലായി കത്തിയുമായി കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും തെയ്യക്കോലവും കാണാം.
ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ സിനിമയുടെ ആദ്യാന്ത്യം പിടിച്ചിരുത്തുന്ന ടിനു പാപ്പച്ചൻ ചിത്രത്തിൽ ചാക്കോച്ചൻ നായകനായി എത്തുന്നു എന്ന വാർത്ത പുറത്തു വന്നത് മുതൽ ആരാധകർ ആകാംക്ഷാഭരിതരായിരുന്നു. ചിത്രത്തിന്റെ ചിത്രീകരണവേളയിൽ കൈയ്ക്ക് പരിക്കേറ്റ ചിത്രമടക്കം ചാക്കോച്ചൻ സമൂഹമാദ്ധ്യമം വഴി പങ്കു വെച്ചതോടെ ഇതുവരെ കണ്ടുവന്നതിനേക്കാൾ മികച്ച ആക്ഷൻ രംഗങ്ങളായിരിക്കും ചാവേറിലുണ്ടാവുക എന്നത് ഏറെക്കുറേ വ്യക്തമായിരുന്നു. അത് ശരി വെയ്ക്കുന്ന തരത്തിൽ വയലൻസ് നിറഞ്ഞ രംഗത്തിൽ കുഞ്ചാക്കോ ബോബനെയും ടീസറിൽ കാണാം.
സൂപ്പർ ഹിറ്റായ അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ. യു .മനോജ്, സജിൻ, അനുരൂപ് എന്നിവർ ചിത്രത്തിന്റെ ഭാഗമാവുന്നു.ഛായാഗ്രഹണം: ജിന്റോ ജോർജ്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം . പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |