
അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് നടൻ ദിലീപ്. സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ലെന്നാണ് ദിലീപ് ഫേസ്‌ബുക്കിൽ കുറിച്ചത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട,
സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരാൾ ഇനി ഇല്ല എന്നറിയുമ്പോൾ വാക്കുകൾ മുറിയുന്നു.... സ്വന്തം പ്രവർത്തന മേഖലയിൽ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാൾ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും. ആദരാഞ്ജലികൾ.
മേഘം, ഇഷ്ടം, പാസഞ്ചർ തുടങ്ങി നിരവധി സിനിമകളിൽ ദിലീപും ശ്രീനിവാസനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയാണ് ശ്രീനിവാസൻ അന്തരിച്ചത്. തൃപ്പൂണിത്തുറതാലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചിട്ടുണ്ട്. അന്തിമോപചാരം അർപ്പിക്കാനായി മമ്മൂട്ടി, ഭാര്യ സുൽഫത്ത്, രമേശ് പിഷാരടി, രഞ്ജിത്ത്, രൺജി പണിക്കർ, മഞ്ജു പിള്ള അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖർ എത്തിയിരുന്നു.
ഭൗതിക ശരീരം ഒരു മണി മുതൽ മൂന്ന് മണിവരെ ടൗണിൽ ഹൗളിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |