SignIn
Kerala Kaumudi Online
Friday, 24 May 2024 3.33 AM IST

കേന്ദ്ര ബഡ്‌ജറ്റിന് ഇനി രണ്ടുനാൾ,​ പ്രതീക്ഷിക്കാം അമൃതകാല വികസനത്തിന്റെ രണ്ടാംഘട്ടം

nirmala

കൊച്ചി: ഇന്ത്യയുടെ ആദ്യ മുഴുവൻസമയ വനിതാധനമന്ത്രിയെന്ന നിലയിൽ നിർമ്മല സീതാരാമൻ അവതരിപ്പിച്ച ആദ്യ ബഡ്‌ജറ്റുകളുടെ മുഖ്യലക്ഷ്യം കൊവിഡ് ഉൾപ്പെടെയുള്ള ആഘാതത്തിൽ നിന്നുള്ള സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ കരകയറ്റമായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം നിർമ്മല ഊന്നൽനൽകിയത് സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സ പശ്ചാത്തലത്തിൽ അടുത്ത 25 വർഷക്കാലം (100-ാം വാർഷികത്തിലേക്കുള്ള ദൂരം) വികസനത്തിന്റെ കുതിച്ചൊഴുക്ക് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കായിരുന്നു.

പി.എം-ഗതിശക്തി, ഉത്പാദനക്ഷമതാ വർദ്ധന, വികസന ഉൾപ്പെടുത്തൽ, ധനകാര്യനിക്ഷേപം എന്നിങ്ങനെ നാല് മുൻഗണനാപദ്ധതികളും നിർമ്മല അവതരിപ്പിച്ചു. വികസനത്തിന്റെ അമൃതകാലം ലക്ഷ്യമിട്ടുള്ള ഈ പ്രഖ്യാപനങ്ങളുടെ തുടർച്ചയാകും ഇക്കുറിയും നിർമ്മലബഡ്‌ജറ്റിന്റെ ഊന്നൽ.

മാനുഫാക്‌ചറിംഗ്

ഹബ്ബാകാൻ ഇന്ത്യ

15 ശതമാനം വിഹിതവുമായി ഇന്ത്യൻ ജി.ഡി.പിയുടെ നട്ടെല്ലാണ് മാനുഫാക്‌ചറിംഗ് മേഖല. ഇന്ത്യയെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) സ്കീമിൽ 25,938 കോടി രൂപയുടെ ആനുകൂല്യമാണ് 14 മേഖലകളെ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിരുന്നത്.

പി.എൽ.ഐയിൽ ഇതിനകം 70,000 കോടി രൂപയ്ക്കുമേൽ നിക്ഷേപവാഗ്ദാനവുമെത്തി. എം.എസ്.എം.ഇയടക്കം കൂടുതൽ മേഖലകളെ പി.എൽ.ഐയിൽ ഉൾപ്പെടുത്തുകയും ഇൻസെന്റീവ് ഉയർത്തുകയും വേണമെന്ന ആവശ്യം നിർമ്മല പരിഗണിച്ചേക്കാം.

പുതിയ മാനുഫാക്‌ചറിംഗ് കമ്പനികൾക്ക് 2024 മാർച്ചുവരെ കോർപ്പറേറ്റ് നികുതി 15 ശതമാനമായി കുറച്ചിരുന്നു. കാലാവധി നീട്ടാൻ സാദ്ധ്യതയുണ്ട്.

വിദ്യകൊണ്ട് മുന്നേറ്റം

കഴിഞ്ഞ ബഡ്‌ജറ്റിൽ വിദ്യാഭ്യാസമേഖലയ്ക്കായി നീക്കിവച്ചത് 2.6 ശതമാനം തുകയാണ്. ഉന്നതവിദ്യാഭ്യാസത്തിന് 40,​828 കോടി രൂപയും സ്കൂൾ വിദ്യാഭ്യാസത്തിന് 63,​449 കോടി രൂപയും നീക്കിവച്ചു. ഡിജിറ്റൽ വിദ്യാഭ്യാസത്തിനും ഊന്നലുണ്ടായി. ഇക്കുറിവിഹിതം 3-3.5 ശതമാനത്തിലേക്ക് ഉയർത്തിയേക്കാം.

വ്യവസായമാകാൻ ടൂറിസം

വ്യാവസായികപദവി നൽകണമെന്നതാണ് ടൂറിസംമേഖല ഉന്നയിക്കുന്ന മുഖ്യ ആവശ്യം. വായ്‌പകളിൽ മുൻഗണന ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ് നേട്ടം.

 വിദേശസഞ്ചാരികളെ ആകർഷിക്കുകയും വിദേശനാണ്യവരുമാനം നേടിത്തരുന്നതുമായ ട്രാവൽ ഏജൻസികളുടെ പ്രവർത്തനത്തിന് 'കയറ്റുമതി" പദവി വേണമെന്നും ആവശ്യമുണ്ട്.

ആരോഗ്യത്തിൽ ശ്രദ്ധ

ആരോഗ്യ,​ കുടുംബക്ഷേമ മന്ത്രാലയത്തിനുള്ള നീക്കിയിരുപ്പ് കഴിഞ്ഞ ബഡ്‌ജറ്റിലെ 86,​200 കോടി രൂപയിൽ നിന്ന് ഇക്കുറി ഒരുലക്ഷം കോടി രൂപയായി ഉയർത്തിയേക്കാം. ആരോഗ്യമേഖലയ്ക്കുള്ള ചെലവ് ജി.ഡി.പിയുടെ 2.5 ശതമാനമാണ് ഇപ്പോഴും ഇന്ത്യയിൽ. ഇത് തീരെക്കുറവാണ്. ചെലവ് 3-4 ശതമാനത്തിലേക്ക് ഉയർത്താനുള്ള നടപടിയുണ്ടായേക്കും. ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയിലേക്ക് കൂടുതൽപേരെ ആകർഷിക്കാനുള്ള പദ്ധതിയുമുണ്ടാകും.

 80 ശതമാനം മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ സാദ്ധ്യത. ആഭ്യന്തര നിർമ്മാണത്തിനും പ്രോത്സാഹനമുണ്ടാകും.

ഇളവ് തേടി ഇൻഷ്വറൻസ്

ആദായനികുതി ബാധകവരുമാനത്തിൽ ഇളവ് നേടാൻ ആരോഗ്യ ഇൻഷ്വറൻസ് പോളിസികളെ പ്രത്യേകവിഭാഗമായി പരിഗണിച്ച് ഇളവ് നിലവിലെ 1.5 ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. സെക്‌ഷൻ 80ഡി പ്രകാരമുള്ള ആനുകൂല്യം 50,​000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയാക്കണമെന്ന ആവശ്യവുമുണ്ടെങ്കിലും പരിഗണിക്കാൻ സാദ്ധ്യത വിരളം.

കൃഷിയാണ് കരുത്ത്

ജൈവകൃഷി,​ വളംമേഖലകൾക്ക് ഇക്കുറിയും ഊന്നലുണ്ടാകും. വളം സബ്സിഡിക്കുള്ള തുക കൂട്ടാനാണ് സാദ്ധ്യതയെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര വിലയിരുത്തുന്നു. നടപ്പുവർഷത്തെ നീക്കിയിരുപ്പ് 2.50 ലക്ഷം കോടി രൂപയാണെന്നാണ് വിലയിരുത്തൽ.

 താങ്ങുവില,​ പി.എം-കിസാൻ പദ്ധതി എന്നിവയിലും വർദ്ധന പ്രതീക്ഷിക്കാം.

കരകയറാൻ റിയൽ എസ്‌‌റ്റേറ്റ്

രാജ്യത്ത് ഏറ്റവുമധികംപേർ തൊഴിലെടുക്കുന്ന മേഖലകളിലൊന്നാണ് റിയൽ എസ്‌റ്റേറ്റ്. ആദായനികുതിയിൽ ഭവനവായ്‌പാ പലിശയിന്മേലുള്ള ഇളവിന്റെ പരിധി രണ്ടുലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കണമെന്നതാണ് മുഖ്യ ആവശ്യം. സെക്‌ഷൻ 80സി പ്രകാരം ഭവനവായ്‌പാത്തിരിച്ചടവിൽ വർഷം ഒന്നരവർഷം രൂപവരെ ഇളവുണ്ട്. ഇത് രണ്ടുലക്ഷം രൂപയാക്കിയേക്കാം.

കുതിപ്പിന് സ്‌റ്റാർട്ടപ്പ്

നികുതി (ടി.ഡി.എസ്)​ കുറയ്ക്കുക,​ ഫണ്ടിംഗ് ലഭ്യത സജീവമാക്കുക,​ വൈദഗ്ദ്ധ്യം ഉയർത്താൻ നടപടികളെടുക്കുക,​ പി.എൽ.ഐയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. പി.എൽ.ഐപോലെ എസ്.എൽ.ഐ (സർവീസ് ലിങ്ക്ഡ് ഇൻസെന്റീവ്)​ സ്കീം വേണമെന്നും ആവശ്യമുണ്ട്.

വികസനട്രാക്കിൽ അടിസ്ഥാനസൗകര്യം

അടിസ്ഥാനസൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ലക്ഷ്യത്തിലേക്കുള്ള പദ്ധതികളുടെ തുടർച്ച ഇക്കുറി പ്രതീക്ഷിക്കാം.

 ആസ്‌തി ദീർഘകാല പാട്ടത്തിന് നൽകി പണംനേടുന്ന നാഷണൽ മോണെറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻ.എം.പി)​ പദ്ധതിക്കും ഊന്നലുണ്ടാകും.

നികുതിയിൽ കണ്ണുംനട്ട്

ആദായനികുതി ഇളവിന്റെ പരിധി നിലവിലെ 2.5 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദായനികുതിയിലെ സ്‌റ്റാൻഡേ‌ർഡ് ഡിഡക്‌ഷൻ 50,​000 രൂപയിൽ നിന്ന് കുറഞ്ഞത് 75,​000 രൂപയാക്കിയേക്കാം.

 സെക്‌ഷൻ 80സി പ്രകാരമുള്ള ഇളവ് 2014-15 മുതൽ മാറ്റമില്ലാതെ 1.5 ലക്ഷം രൂപയാണ്. ഇത് 1.75 ലക്ഷമോ രണ്ടുലക്ഷം രൂപയോ ആക്കണമെന്ന ആവശ്യം ശക്തമാണ്.

ഉറ്റുനോട്ടം സ്വർണനികുതിയിലും

വർദ്ധിക്കുന്ന കള്ളക്കടത്ത് തടയാൻ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന് വ്യാപാര-വ്യവസായലോകം ശക്തമായി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം കഴിഞ്ഞവർഷം ഏവരെയും അമ്പരിപ്പിച്ച് ചുങ്കം കൂട്ടുകയാണുണ്ടായത്. ഫലത്തിൽ കള്ളക്കടത്ത് കൂടി.

 12.5 ശതമാനം ഇറക്കുമതിച്ചുങ്കവും 2.5 ശതമാനം സെസും 3 ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ ഇപ്പോൾ സ്വർണത്തിന് ആകെ നികുതിഭാരം 18 ശതമാനമാണ്. ഇക്കുറി ബഡ്‌ജറ്റിൽ ഇറക്കുമതിച്ചുങ്കം കുറച്ചേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, UNION BUDGET, NIRMALA SITHARAMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.