SignIn
Kerala Kaumudi Online
Friday, 26 April 2024 10.24 PM IST

രണ്ടുപേരുടെ ജീവനെടുത്ത് റേസിംഗ് ബൈക്ക് മരിച്ചത് വഴിയാത്രക്കാരിയും ബൈക്ക് യാത്രികനും

accident

വിഴിഞ്ഞം: റേസിംഗ് ബൈക്ക് കാൽനട യാത്രക്കാരിയുടെ ജീവൻ കവർന്നതിനൊപ്പം ബൈക്ക് ഓടിച്ചിരുന്ന യുവാവിനും ജീവൻ നഷ്ടമായി. ബൈപ്പാസിൽ വാഴമുട്ടത്തിന് സമീപം ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പനത്തുറ തുരുത്തി കോളനിയിൽ അശോകന്റെ ഭാര്യ സന്ധ്യ (53) തത്ക്ഷണം മരിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പട്ടം പൊട്ടക്കുഴി ഗിരിദീപത്തിൽ റിട്ട. പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥൻ ബിനുവിന്റെയും ഷൈനിന്റേയും ഏകമകൻ എസ്.പി അരവിന്ദ് (24) വൈകിട്ട് 3.50ന് മരിച്ചു.

പന്ത്രണ്ട് ലക്ഷം രൂപ വിലവരുന്ന അരവിന്ദിന്റെ കാവസാക്കി നിഞ്ച ബൈക്കാണ് അപകടത്തിൽപെട്ടത്. ബൈക്ക് പൂർണമായും തകർന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ കോവളം കടൽതീരത്ത് ഫോട്ടോ ഷൂട്ട് കഴിഞ്ഞ് മടങ്ങിയ മൂന്നംഗ റേസിംഗ് സംഘത്തിനൊപ്പം ചേരാൻ അരവിന്ദ് ബൈക്കിൽ അമിതവേഗത്തിൽ കഴക്കൂട്ടത്തേക്ക് പോകുന്നതിനിടെയാണ് സന്ധ്യയെ ഇടിച്ചത്. ഉയർന്ന് തെറിച്ച് കാൽ വേർപെട്ട നിലയിൽ 150 മീറ്ററോളം അകലെ ഡിവൈഡറിലെ ചെടികളുടെ ഇടയിലേക്ക് വീഴുകയായിരുന്നു. വേർപെട്ട കാൽ റോഡിലേക്ക് തെറിച്ചുവീണു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയായിരുന്നു. നഗരത്തിൽ വീട്ടുജോലിക്ക് പോകുകയായിരുന്നു സന്ധ്യ.

സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണ അരവിന്ദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

അരവിന്ദിന്റെ ബൈക്ക് റേസിംഗ് സുഹൃത്തുക്കൾ അപകടസ്ഥലത്ത് എത്തിയെങ്കിലും രംഗം വഷളായതിനെ തുടർന്ന് മടങ്ങി.

സന്ധ്യയുടെ മൃതദേഹം സംസ്കരിച്ചു. മക്കൾ: അഞ്ജു, അഞ്ജിത. മരുമക്കൾ: രാജേഷ്, ജയൻ. അരവിന്ദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. ചിന്നിച്ചിതറിയ ബൈക്കിന്റെ അവശിഷ്ടങ്ങൾ തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവസ്ഥലത്ത് കാമറയില്ലാത്തതിനാൽ അപകടത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല.

അപകടമുണ്ടാക്കും

റേസിംഗ് ബൈക്കുകൾ

ഓടിത്തുടങ്ങി 30 സെക്കന്റുകൾക്കകം 80-90 കി.മീ വേഗതയിൽ എത്താൻ കഴിയുന്നവയാണ് റേസിംഗ് ബൈക്കുകൾ. തിരക്കേറിയ റോഡുകളിൽ അമിത വേഗത്തിൽ ഓടിക്കുന്നത് നിയന്ത്രണം നഷ്ടമായി അപകടത്തിന് ഇടയാക്കും. ദേശീയപാതയിൽ 50 കി.മീറ്ററും നാലുവരിപ്പാതയിൽ 60 കി.മീറ്ററുമാണ് പരമാവധി വേഗപരിധി. അമിത വേഗത്തിന് പരമാവധി ചുമത്തുന്ന പിഴ 1500 രൂപ മാത്രം. അപകടമുണ്ടാക്കിയാൽ ക്രിമിനൽ കേസെടുക്കും. മറ്റുള്ളവർക്ക് ജീവഹാനി സംഭവിച്ചാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും.

ആഡംബര ബൈക്കുകൾ, വില (ലക്ഷത്തിൽ)

കെ.ടി.എം ഡ്യൂക്ക്... 1.91

റോയൽ എൻഫീൽഡ് ഹിമാലയൻ... 2.15

യമഹ ആർ.15.എസ്... 1.63

ടി.വി.എസ് അപ്പാച്ചി ആർ.ടി.ആർ... 1.39

കാവസാക്കി ഇസഡ്-എക്സ് ആർ.ആർ... 14.99

4 ബി.എം.ഡബ്ലിയു.എസ് 1000 ആർ.ആർ... 19.5- 23.75

ഹോണ്ടാ സി.ബി.ആർ 1000 ആർ.ആർ...32.88

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.