
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ എട്ടാം നമ്പർ സ്റ്റേറ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം വാമനപുരത്ത് ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാറിന്റെ ടയർ ഊരിപ്പോകുകയായിരുന്നു. മന്ത്രിയും സ്റ്റാഫും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. വാമനപുരത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. കാറിന്റെ പിന്നിലെ ചക്രം ഊരി തെറിക്കുകയായിരുന്നു. ഇതോടെ വണ്ടി നിയന്ത്രണംവിട്ട് അവിടെ നിന്നു. വാമനപുരം എം എൽ എ ഡി കെ മുരളിയുടെ വാഹനത്തിൽ അദ്ദേഹം യാത്ര തുടർന്നു.
അപകടത്തിൽ ദുരൂഹത സംശയിക്കുന്നതായി മന്ത്രി ഒരു ചാനലിനോട് പറഞ്ഞു. ടയർ ഊരിപ്പോയിട്ടും അതിന്റെ ബോൾട്ടുകളെല്ലാം അതിൽ തന്നെയുണ്ടായിരുന്നു. ഇന്നോവ ക്രിസ്റ്റയാണ്. ഇത്തരത്തിൽ ടയർ ഊരിപ്പോകുന്നത് കേട്ടുകേൾവിപോലുമില്ലാത്ത കാര്യമാണ്. മൂന്ന് ദിവസം മുമ്പ് വാഹനം സർവീസ് ചെയ്തിരുന്നു. അതിനാൽത്തന്നെ ടയർ ഊരിത്തെറിക്കാനുള്ള സാദ്ധ്യതയില്ല.
വലിയ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഔദ്യോഗിക വാഹനമായതിനാൽ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ തന്നെയായിരുന്നു ഇട്ടിരുന്നത്. ഇന്നലെ പുലർച്ച അരമണിക്കൂറോളം വൈദ്യുതി നിലച്ചു. ആ സമയത്ത് എന്തെങ്കിലും സംഭവിച്ചോയെന്ന് സംശയമുണ്ട്. അവിടത്തെ സിസിടിവി പരിശോധിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |