SignIn
Kerala Kaumudi Online
Tuesday, 19 March 2024 1.16 PM IST

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, പൊലീസ് അന്വേഷണം വേണമെന്ന് അടൂർ

adoor
adoor

ചെയർമാൻ സ്ഥാനം രാജിവച്ചുകൊണ്ട് അടൂർ പറ‌ഞ്ഞത്

തിരുവനന്തപുരം: സത്യസന്ധരും ഉന്നത ശ്രേണിയിൽപ്പെടുന്നവരുമായ ഒരു പൊലീസ് സംഘത്തെക്കൊണ്ട് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് രാജിക്കത്ത് നൽകിയശേഷം വാർത്ത ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡയറക്ടറുടെ രാജിയോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾക്ക് തിരശ്ശീല വീണുവെന്നു കരുതുന്നത് തെറ്റാണെന്നും അദ്ദേഹത്തിന്റെ രാജി പ്രശ്നങ്ങൾ കുറച്ചുകൂടി തീവ്രമാക്കുമെന്നുമാണ് തനിക്കു തോന്നുന്നതെന്ന് അടൂർ പറഞ്ഞു . കുറ്റവാളികളെ തിരിച്ചറിയാതെ നേരും നെറിയുമായി പ്രവർത്തിച്ചവരെ തേജോവധം ചെയ്യാനും സമൂഹമദ്ധ്യത്തിൽ അവഹേളിക്കുവാനുമാണ് അന്വേഷണനാടകങ്ങളിലൂടെ ഒരുമ്പെട്ടത്. തിരുത്താനാവാത്ത വലിയൊരു ദുരന്തമാണ് ഇതിന്റെയെല്ലാം ഫലമായി വരുത്തിവച്ചിരിക്കുന്നത്. കുറ്റവാളികൾ ഗേറ്റ്‌കീപ്പറായാലും ശുചീകരണ ജോലിക്കാരായാലും അദ്ധ്യാപകരായാലും അനദ്ധ്യാപകരോ വിദ്യാർത്ഥികൾ തന്നെയോ ആയാലും അവരെ കണ്ടെത്തി തക്ക ശിക്ഷ നൽകേണ്ടത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടർന്നുള്ള നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്.

ശങ്കർ മോഹനെ

അപമാനിച്ചു

നാശത്തിന്റെ വക്കിലെത്തി നിന്നിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാപരിശീലനകേന്ദ്രമാക്കുന്നതിനും വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ച മൂന്നുകൊല്ലമാണ് പിന്നിടുന്നത്. ഈ വിഷയത്തിൽ തന്നോടൊത്ത് അഹോരാത്രം പണിയെടുത്ത ഒരു വ്യക്തിയായിരുന്നു ശങ്കർ മോഹൻ. തിരക്കഥാരചനയിലും സംവിധാനത്തിലും പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ഈ രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും (ഡയറക്ടറേറ്റ് ഒഫ് ഫിലിം ഫെസ്റ്റിവൽസ്, ഷോർട്ട് ആൻഡ് ഡോക്യുമെന്ററി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മുംബയ്, ഗോവാ അന്താരാഷ്ട്ര ചലച്ചിത്രമേള) (തുടർച്ചയായി അഞ്ചുതവണ). സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത എന്നീ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷസ്ഥാനങ്ങളിൽ, എന്തെങ്കിലും പരാതിക്കോ പഴിക്കോ വകനൽകാതെ നാല് പതിറ്റാണ്ടിലധികം കാലം പ്രശസ്തമായ രീതിയിൽ സർക്കാർ സേവനം നടത്തിയിട്ടുള്ളയാളാണ്. ഇദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവർത്തന പരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല. അത്തരത്തിലുള്ള ഒരു മലയാളി പ്രൊഫഷണലിനെയാണ് നമ്മൾ ക്ഷണിച്ചുവരുത്തി, അടിസ്ഥാന രഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും ചാർത്തി, അപമാനിച്ച് പടികടത്തിവിടുന്നതെന്ന് അടൂർ പറഞ്ഞു.

തുടക്കം മുതൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്ന ഒരാരോപണം ഡയറക്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ ദളിത് ശുചീകരണജോലിക്കാരെ നിർബന്ധിച്ച് അടിമപ്പണി ചെയ്യിച്ചിരുന്നുവെന്നാണ്. എന്റെ അന്വേഷണത്തിൽ, ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ജോലിക്കാരിൽ ആരും തന്നെ പട്ടികജാതിയിൽ പെടുന്നവരല്ല. നായരും ക്രിസ്ത്യാനിയും ആശാരിയുമെല്ലാമാണവർ.

ഡയറക്ടറുടേത് ഔദ്യോഗിക വസതിയാണ്. നിയമന വ്യവസ്ഥപ്രകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലെ ഔദ്യോഗിക വസതി ഇനിയും യാഥാർത്ഥ്യമാകാത്തതുകാരണം അദ്ദേഹത്തിന് ചെറിയൊരു വീട് ഒട്ടുമാറിയുള്ള ഒരു റബർതോട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായിത്തന്നെ സജ്ജീകരിക്കുകയായിരുന്നു.

ഇതനുസരിച്ച് ദിനംപ്രതി അവിടെച്ചെന്ന് ശുചീകരണം നടത്താനുള്ള ചുമതല സ്വീപ്പർമാരിൽ നിക്ഷിപ്തമാണ്. എന്നാൽ ആ വീടും മുറ്റവും പ്രായേണ ചെറുതായതിനാലും അങ്ങോട്ടെത്താനുള്ള ദൂരം കണക്കിലെടുത്തും ഡയറക്ടർ തീരുമാനിച്ചത് അത്തരം ശുചീകരണം ആഴ്ചയിലൊരിക്കൽ മാത്രം മതിയെന്നാണ്. അതിനായി ഒരാളെ മാത്രം നിയോഗിച്ചു.

ഫയൽ പൂഴ്ത്തിയ തന്ത്രം

ഒരു ഓഫിസ് ക്ലാർക്ക് ദളിതവിവേചനം നടക്കുന്നുവെന്ന പരാതിയുമായി പട്ടികജാതി കമ്മിഷനെ സമീപിക്കുകയും വിദ്യാർത്ഥി നേതാക്കളെ സ്വാധീനിച്ച് മാദ്ധ്യമങ്ങളിലാകെ വാർത്ത പരത്തുവാൻ വഴിയൊരുക്കുകയും ചെയ്യുകയായിരുന്നു. ഇയാൾ തന്റെ കൈവശമെത്തുന്ന ഫയലുകളെല്ലാം സ്ഥിരമായി പൂഴ്ത്തിവച്ച്, സമയബന്ധിതമായി നടപ്പാക്കേണ്ട പല വിഷയങ്ങളിലും അക്ഷന്തവ്യമായ അനാസ്ഥ കാട്ടി തടസം

സൃഷ്ടിക്കുകയായിരുന്നു. എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റ് ലഭ്യമാക്കുന്ന

തീനുവേണ്ടി തയ്യാറാക്കിയ അപേക്ഷയുൾക്കൊള്ളുന്ന ഫയൽ ഇയാളുടെ കൈയിൽ പെട്ട്

നീക്കാതെ ഇട്ടിരുന്നത് ഏതാണ്ട് ഒരു കൊല്ലക്കാലമാണ്. ആ സമയം വിദ്യാർത്ഥികൾ

ഗ്രാന്റ് കിട്ടിത്തതിൽ പ്രതിഷേധിച്ച് സമരത്തിലായിരുന്നു. ഇയാൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും മേലിൽ നിർദ്ദിഷ്ടജോലികൾ കാലതാമസം കൂടാതെ ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്തതോടെ ഡിസംബർ 22ന് തന്റെ താൽക്കാലിക നിയമന കാലാവധി തീർന്നാൽ പുനർനിയമനം നടന്നേക്കില്ലെന്നു ഭയന്നാവണം ഇയാൾ എസ്.സി, എസ്.ടി കമ്മിഷനെ സമീപിച്ചത്. ഇയാൾ ഡയറക്ടർക്കെതിരായി കുറെയധികം പരാതികൾ കമ്മിഷന് അയച്ചിരുന്നു. എന്നാൽ കമ്മിഷന്റെ തെളിവെടുപ്പിനുശേഷം അയാൾ പറഞ്ഞുനടക്കുന്നത് കമ്മിഷനെപ്പറ്റിയുള്ള അപവാദങ്ങളാണ്.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആത്മാർത്ഥസേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കണം, എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് സമരം ആരംഭിച്ചത്. ആരംഭശേഷമാണ് സമരകാരണങ്ങളെപ്പറ്റി നേതാക്കൾ ആലോചിച്ചുതുടങ്ങിയതെന്ന് “തോന്നുന്നു. എന്തായാലും അവർ തിരുവന്തപുരത്തേക്ക് രഹസ്യയാത്ര നടത്തിയത് സിനിമ കാണാനല്ല, മറിച്ച് സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്ത് ആരോപണങ്ങൾ ഫലവത്തായി മാദ്ധ്യമങ്ങളിൽ പടർത്തിവിടുന്നതിനു വേണ്ടിയാണ്. കള്ളം കള്ളങ്ങളെ പ്രസവിക്കുന്നുവെന്ന ആപ്തവാക്യം സാർത്ഥകമാക്കിക്കൊണ്ടായിരുന്നു പിന്നെയുള്ള പ്രവർത്തനങ്ങൾ, കണ്ടതും കേട്ടതുമൊക്കെ നേരായിരിക്കുമെന്ന് ജനസാമാന്യവും കരുതി.

ആരൊക്കെയാണ് ഈ സമരാഘോഷങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചതെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

രാജി നിർബ്ബന്ധമാണോ എന്ന്

മുഖ്യമന്ത്രി ചോദിച്ചു

രാജിവയ്ക്കുന്നതിൽ വിഷമമില്ല. സന്തോഷം മാത്രം. രാജിക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചപ്പോൾ രാജി നിർബ്ബന്ധമാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. കാര്യങ്ങളെല്ലാം വിശദമായി അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിനെ വലിയ നിലവാരത്തിൽ എത്തിക്കണമെന്നായിരിന്നു എന്റെ ആഗ്രഹം. അതിനായി എന്നെക്കാൾ പ്രയത്നിച്ച ആളാണ് മോഹൻശങ്കർ എന്നും അടൂർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADOOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.