തിരുവനന്തപുരം: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് പരമ്പരാഗതവും വളർന്നുവരുന്നതുമായ മേഖലകളിൽ തുല്യശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമതുലിതമായ ബഡ്ജറ്റാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. 2023നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി യു.എൻ പ്രഖ്യാപിച്ചതോടെ, ഇന്ത്യയിലെ മില്ലറ്റ് കർഷകരെക്കുറിച്ച് ആഗോള അവബോധം വളർത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെയും മില്ലറ്റ് ഉത്പാദനത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുമുള്ള ബഡ്‌ജറ്റിലെ പദ്ധതികൾ അഭിനന്ദനീയമാണ്.
സാമ്പത്തിക സേവനങ്ങളിലേക്ക് വേഗത്തിൽ കടന്നു ചെല്ലാൻ മൈക്രോ ലോണുകൾ നൽകുന്ന എൻ.ബി.എഫ്.സി, എം.എസ്.എം.ഇകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം വർദ്ധിപ്പിക്കാനുള്ള നീക്കം ശക്തിപകരും. എം.എസ്.എം.ഇകളെ ഉൾപ്പെടുത്താനും പാൻകാർഡ് ഒരു പൊതു ഐഡന്റിറ്റിയാക്കാനും ഡിജിലോക്കറിലെ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കാനുമുള്ള തീരുമാനം ഉപയോക്തൃ ഡോക്യുമെന്റേഷന് വലിയ ഉത്തേജനം നൽകും. പൊതു, സ്വകാര്യ പങ്കാളിത്തത്വത്തോടെ ടൂറിസം മേഖല വികസിപ്പിക്കാനുള്ള നിർദ്ദേശം മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായകരമാകും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ മരുമകനാണ് അദീബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |