SignIn
Kerala Kaumudi Online
Saturday, 16 May 2026 7.10 AM IST

വിലക്കയറ്റം പിടിച്ചുനിറുത്തണം

vilakkayattam

കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ നിത്യനിദാന ചെലവുകൾ ഇരട്ടിയിലധികമായി വർദ്ധിച്ചിട്ടുണ്ട്. എന്നാൽ കുടുംബങ്ങളുടെ വരുമാനം അതനുസരിച്ച് കൂടിയിട്ടുമില്ല. ഒരു വീട് ഒരു മാസം നടത്തിക്കൊണ്ടുപോകുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമായി മാറിയിട്ടുണ്ട്. അതിനാൽ വിപണിയിലെ വിലക്കയറ്റം അവരിൽ ശക്തമായ പ്രതികരണത്തിന് ഇടയാക്കും. ഇപ്പോഴാകട്ടെ, പലവ്യഞ്ജനത്തിനും പച്ചക്കറിക്കും വില തീപിടിച്ചതു പോലെ ഉയരുകയാണ്. ഇതിനുവേണ്ടി കേരളത്തിലെ കുടുംബങ്ങൾ ചെലവഴിക്കുന്ന തുകയിൽ തൊണ്ണൂറ് ശതമാനവും പോകുന്നത് അന്യസംസ്ഥാനത്തെ വിതരണക്കാരുടെയും കർഷകരുടെയും പോക്കറ്റുകളിലേക്കാണ്. പണ്ടൊക്കെ ചില സീസണുകളിലാണ് വിലക്കയറ്റമുണ്ടാവുക. ഇപ്പോൾ അങ്ങനെയൊന്നുമില്ല. ഒരു സാധനത്തിന്റെ വില ഇരട്ടിയാകാൻ ഒരാഴ്ച പോലും വേണ്ട. ഇത്തരം സന്ദർഭങ്ങളിൽ വില പിടിച്ചുനിറുത്തുന്നത് സർക്കാരിന്റെ വിപണി ഇടപെടലാണ്.

റേഷൻകടകളിലൂടെ മേന്മയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം ശക്തിപ്പെടുത്തുകയും,​ സപ്ലൈകോയിലൂടെയും കൺസ്യൂമർ ഫെഡിലൂടെയും ഹോർട്ടികോർപ്പിന്റെ ബങ്കുകളിലൂടെയും മറ്റും ന്യായമായ വിലയിൽ അവശ്യസാധനങ്ങളും പച്ചക്കറികളും വിതരണം ചെയ്യുന്നത് ത്വരിതപ്പെടുത്തുമ്പോൾത്തന്നെ പൊതു വിപണിയിലെ വില കുറയാൻ തുടങ്ങും. ഇപ്പോഴാകട്ടെ, മിക്ക പച്ചക്കറികളുടെയും വില കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലാണ്. തക്കാളി - 100, ബീൻസ് - 120, വെളുത്തുള്ളി - 300 എന്നിങ്ങനെയാണ് വില. കഴിഞ്ഞ മാസം കിലോയ്ക്ക് 100 രൂപയായിരുന്ന പരിപ്പിന്റെ വില ഇപ്പോൾ 160 ആണ്. ഉഴുന്നിന് 140 ആയി. ജയ അരി വില 39-ൽ നിന്ന് 42 ആയി. ഇങ്ങനെ വിലക്കയറ്റം അടിവച്ച് ഉയരുന്നത് സാധാരണക്കാരന്റെ മാത്രമല്ല, മെച്ചപ്പെട്ട വരുമാനമുള്ള ഇടത്തരക്കാരുടെ പോലും കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കും.

വായ്‌പാ തിരിച്ചടവും മറ്റ് പിടിത്തങ്ങളും കഴിഞ്ഞുള്ള തുകയാണ് പലർക്കും ശമ്പളമായി ലഭിക്കുന്നത്. ഇതിനുള്ളിൽ നിന്നു വേണം കുടുംബ ചെലവും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വാഹനങ്ങളുടെ ഇന്ധന ചെലവും വൈദ്യുതി ചാർജും മറ്റും നേരിടേണ്ടത്. ഒരാൾക്കു മാത്രം വരുമാനമുള്ള വീട്ടുകാർ ശരിക്കും ഒരു ഞാണിന്മേൽ കളി എന്ന പോലെയാണ് ഓരോ മാസവും മുന്നോട്ടു പോകുന്നത്. ഇതിനിടയിൽ അവശ്യസാധനങ്ങളുടെ വില കടിഞ്ഞാണില്ലാതെ പാഞ്ഞാൽ ഇതൊക്കെ നിയന്ത്രിക്കാൻ ഒരു സർക്കാരില്ലേ എന്ന് ഏതു പൗരനും ചിന്തിച്ചുപോകും. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ ചൂട് കൂടിയതുമാണ് വില കൂടാൻ കാരണമെന്നാണ് കടക്കാർ പറയുന്നത്. വില കൂടുന്നതിന് എപ്പോഴും എന്തെങ്കിലും ന്യായം വിൽപ്പനക്കാർക്ക് പറയാനുണ്ടാകും. അവർ പറയുന്ന വിലകൊടുത്ത് വാങ്ങുക എന്നല്ലാതെ വാങ്ങുന്നവർക്ക് മറ്റൊന്നും ചെയ്യാനില്ല.

വിലക്കയറ്റം സംബന്ധിച്ച് 'കേരളകൗമുദി" പ്രസിദ്ധീകരിച്ച വാർത്ത നിയമസഭയിൽ ചർച്ചയ്ക്ക് ഇടയാക്കി. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം. ജോൺ 'കേരളകൗമുദി" വാർത്ത ഉയർത്തിക്കാട്ടിയാണ് സർക്കാരിനെ നിശിതമായി വിമർശിച്ചത്. എന്തായാലും വിലക്കയറ്റം പിടിച്ചുനിറുത്താൻ നടപടിയുണ്ടാകുമെന്ന് ധനമന്ത്രിയും ഭക്ഷ്യവകുപ്പ് മന്ത്രിയും കൃഷിമന്ത്രിയും സഭയിൽ വ്യക്തമാക്കി. സപ്ളൈകോ വിതരണക്കാർക്ക് 600 കോടി രൂപ കുടിശിക നൽകാനുണ്ട്. അതിനാൽ അവർ വിതരണം ശരിയായ രീതിയിൽ നടത്താത്തതാണ് സപ്ളൈകോയുടെ ഷെൽഫുകൾ ഒഴിഞ്ഞുകിടക്കാൻ കാരണം. സപ്ളൈകോയ്ക്കും കൺസ്യൂമർ ഫെഡിനും ഹോർട്ടികോർപ്പിനും മറ്റും കൊടുക്കാനുള്ള കുടിശിക ധനവകുപ്പ് നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ കൂടിയ വില വെള്ളം പോലെ താഴെയിറങ്ങും. അടിയന്തരമായി അതിനുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY