
റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. സീരിയലിലും സിനിമകളിലും അവതരിപ്പിച്ച ജനപ്രിയ കഥാപാത്രങ്ങളിലൂടെയും മഞ്ജു ശ്രദ്ധേയയാണ്. ഇപ്പോഴിതാ മാതൃദിനത്തിൽ തന്റെ അമ്മയെക്കുറിച്ച് താരം പങ്കുവച്ച വൈകാരിക വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയോടുള്ള തന്റെ സ്നേഹവും കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള കുറ്റബോധവും പങ്കുവയ്ക്കുന്നതായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. ജീവിതത്തിന്റെ പാതിവഴിയിൽ നിൽക്കുമ്പോഴാണ് അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് താൻ ബോധവതിയാകുന്നതെന്ന് മഞ്ജു പറയുന്നു.
'എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക്. ജീവിതം ഈ 44-ാം വയസിൽ എത്തി നിൽക്കുമ്പോഴാണ് ഞാൻ, നിങ്ങൾ കൊണ്ട വെയിലിനെയും നിങ്ങൾ ഒഴുക്കിയ വിയർപ്പിനെയും ഉള്ളിലൊതുക്കിയ ആവലാതികളേയും കുറിച്ച് അറിയുന്നത്. എന്റെ ഇന്നലെകളിൽ ഞാൻ ഒരുപാട് ഒച്ച ഉയർത്തി സംസാരിച്ചിട്ടുണ്ട്. വഴക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. നന്ദികേട് കാണിച്ചിട്ടുണ്ട്. ഒരു മാപ്പ് പോലും ഞാൻ ചോദിച്ചിട്ടില്ല.
അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. കാരണം മാപ്പിനും അപ്പുറം എന്റെ അമ്മ എന്നെ സ്‌നേഹിക്കും. ആ ഒരുറപ്പ് എനിക്ക് നിങ്ങളിൽ തോന്നിയിട്ടുണ്ട്. ഒരിക്കലും എന്റെ അമ്മച്ചി, ഭയപ്പെടരുത്. ആരും ഇല്ലാതായി പോകുമെന്ന് പേടിക്കരുത്. നിങ്ങൾക്ക് ഞങ്ങളുണ്ട്. നിങ്ങൾ പ്രസവിച്ച്, മുലയൂട്ടി വളർത്തിയ രണ്ട് മക്കൾ. ഞങ്ങൾ ഇല്ലാതായാലേ നിങ്ങൾ ഈ ഭൂമിയിൽ ഒറ്റക്കാവൂ. എനിക്ക് എവിടെ ജീവിക്കാനും പേടിയില്ല. പക്ഷേ എന്റെ അമ്മയില്ലാത്തിടത്ത്, അങ്ങനെ ഒരു ലോകത്ത് ജീവിക്കാൻ പേടിയാണ്'.- മഞ്ജു പത്രോസ് കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
