SignIn
Kerala Kaumudi Online
Friday, 22 May 2026 12.17 AM IST

ഉരുൾപൊട്ടൽ കേന്ദ്രത്തിന് നാലുകിലോമീറ്റർ അകലെവരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച് കെഎസ്ഇബി

rescue1

തിരുവനന്തപുരം: ചൂരൽമല ടെലഫോൺ എക്സ്‌ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ എസ് ഇ ബി അറിയിച്ചു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെ എസ് ഇ ബിയ്ക്ക് ഉണ്ടായത്.

മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 കെ.വി) ലൈനുകളും എട്ട് കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. രണ്ടു ട്രാൻസ്‌ഫോമറുകൾ കാണാതാവുകയും ആറ് ട്രാൻസ്‌ഫോമറുകൾ നിലംപൊത്തുകയും ചെയ്തു.ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്.

പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനങ്ങൾ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാൻസ്‌ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ട കൽപ്പറ്റ 33 കെവി സബ്‌സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.കൽപ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികളിലും ബാക്ക് ഫീഡിംഗിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്. ദുരന്തഭൂമിയോട് ചേർന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി സർക്കാർ ആശുപത്രി, വിംസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് പാലവും റോഡുകളും ഒലിച്ചുപോയതിനാലും
പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേക്ക് കടന്ന് വൈദ്യതി പുനഃസ്ഥാപന ശ്രമങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RESCUE, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA