കുണ്ടറ: അമ്പിപ്പൊയ്കയിൽ കളരി അത്തിപ്പറമ്പിൽ ശ്രീദുർഗ്ഗ ഭദ്രാദേവി യോഗീശ്വര ക്ഷേത്രത്തിലെ നാൽപ്പതോളം വിളക്കുകൾ മോഷ്ടിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കണ്ണൂർ സ്വദേശി പ്രസാദ് (സലീം- 46), ഭാര്യ ചിറയിൻകീഴ് പെരുമാതുറയിൽ ഹസീന (43), കൊല്ലം കോർപ്പറേഷൻ വടക്കേവിളച്ചേരിയിൽ മസ്ഹർ (52) എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.
പ്രസാദ് വിവാഹശേഷമാണ് സലിം എന്ന പേര് സ്വീകരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒരു മാസമായി കുണ്ടറ അമ്പിപൊയ്കയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ദമ്പതികൾ. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാടകയ്ക്ക് വീട് എടുത്ത് സമീപപ്രദേശങ്ങളിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
ദമ്പതികൾ ആയതിനാൽ അയൽക്കാർക്ക് സംശയം തോന്നിയിരുന്നില്ല. കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിലവിൽ ഇവർ താമസിക്കുന്ന വാടക വീടിന് സമീപത്താണ് ഇവരുടെ മകൾ കുടുംബമായി താമസിക്കുന്നത്. മുൻപ് മകളുടെ വീട്ടിൽ താമസിച്ചിരുന്ന സമയത്തും പരിസര പ്രദേശങ്ങളിൽ മോഷണം നടത്തിയിരുന്നതായി സംശയിക്കുന്നുണ്ട്.
തൃശൂർ ചാവക്കാട് സ്റ്റേഷനിലെ രണ്ടു മോഷണ കേസുകളിൽ പ്രതികളായി ഇരുവരും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തപ്പോൾ കൊല്ലം കൂനമ്പായികുളം ക്ഷേത്രത്തിനു സമീപം ആക്രി വ്യാപാരം നടത്തുന്ന കൊല്ലം കോർപ്പറേഷൻ വടക്കേവിളച്ചേരിയിൽ മസ്ഹറാണ് (52) സ്ഥിരമായി ഇവരിൽ നിന്നു മോഷണ മുതൽ കൈപ്പറ്റിയിരുന്നതെന്ന് വ്യക്തമായി. മസ്ഹറിന്റെ ആക്രി സ്ഥാപനത്തിൽ നിന്നു തൊണ്ടിമുതലുകൾ കണ്ടെടുത്തു.
മോഷണ മുതലുകൾ കൈപ്പറ്റിയതിന് മസ്ഹറിനെ മൂന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ഗാർഡുകൾ ഇല്ലാത്ത ചെറിയ ക്ഷേത്രങ്ങളിലും മറ്റും കടന്നു കയറി വിളക്കുകൾ, കിണ്ടി, ഉരുളി എന്നിവ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നിർദ്ദേശാനുസരണം കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബി. അനീഷ്, എ. അനീഷ്, എ.എസ്.ഐമാരായ സുധീന്ദ്ര ബാബു, ഡെൽഫിൻ സി.പി.ഒമാരായ മെൽവിൻ, സുനിലാൽ, ദിനീഷ്, അരുൺ രാജ്, വിശാഖ് എന്നിവർ അടങ്ങിയ സംഘമാണ് 24 മണിക്കൂറിനകം കണ്ടെത്തി അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |