SignIn
Kerala Kaumudi Online
Tuesday, 05 May 2026 11.06 PM IST

ഫലപ്രഖ്യാപനം;  ജാഗ്രതയോടെ കണ്ണൂർ;  ആശങ്കയുടെ നിഴൽ 

Increase Font Size Decrease Font Size Print Page
d

കണ്ണൂർ ജില്ലയിൽ ഫലപ്രഖ്യാപന ദിനം അടുക്കുമ്പോൾ കണ്ണൂർ ചർച്ച ചെയ്യുന്നത് വിജയ പ്രതീക്ഷകൾ മാത്രമല്ല, ഏത് ദിശയിൽ നിന്ന് സംഘർഷം പൊട്ടിപ്പുറപ്പെടുമെന്നാണ്. കണ്ണൂർ ജില്ലയുടെ ദശകങ്ങൾ നീണ്ട അക്രമ ചരിത്രമാണ് അതിന് കാരണം.ഇത്തവണ ഫലം വരുന്നതിന് മുന്നോടിയായി പൊലീസ് നടത്തിയ ഊർജ്ജിത പരിശോധനയ്ക്കിടെ പാനൂരിലെ മേലെ പൂക്കോം ചിത്രവയലിൽ നിന്ന് കണ്ടെടുത്ത മൂന്ന് ബോംബുകൾ; രണ്ട് സ്റ്റീൽ ബോംബും ഒരു നാടൻ ബോംബും ഉത്കണ്ഠയ്ക്ക് കൂടുതൽ ആഴം നല്‍കുന്നു. സ്റ്റീൽ ബോംബുകൾ പഴക്കം ചെന്നതാണ്. എന്നാൽ നാടൻ ബോംബ് പുതുതായി ഉപയോഗിക്കാൻ തയ്യാറാക്കിയതാണ്.

പാനൂർ മേഖല അശാന്തം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനം പാനൂർ കലാപ ഭൂമിയായിരുന്നു. ആൾക്കൂട്ടം തെരുവിൽ വടിവാൾ വീശുന്ന, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതേ മേഖലയിൽ ബോംബ് കണ്ടെടുക്കപ്പെടുമ്പോൾ, ജനങ്ങളുടെ നെഞ്ചിൽ തീയാണ്. ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് ഇറങ്ങി; ബോംബ് നിർവീര്യമാക്കി. അന്വേഷണം തുടരുന്നു. ആരാണ് ഇത് ഒളിപ്പിച്ചത് ?, ആർക്ക് വേണ്ടി? ഈ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

പയ്യന്നൂർ: സംഘർഷ നിഴലിൽ
പയ്യന്നൂരും ഇത്തവണ ജാഗ്രതാ ലിസ്റ്റിൽ ഉണ്ട്. സി.പി.എമ്മിലെ ആഭ്യന്തര തർക്കമാണ് ഇത്തവണ പയ്യന്നൂരിനെ സംഘർഷ നിഴലിലാക്കുന്നത്. ജയ-പരാജയ വ്യത്യാസം ഏതാനും വോട്ടുകളുടേതാകാം. അങ്ങിനെ സംഭവിച്ചാൽ സംഘർഷ സാദ്ധ്യത വർദ്ധിക്കും.പയ്യന്നൂർ നഗരപ്രദേശത്ത് രാത്രി പട്രോളിങ്ങ് ശക്തിപ്പെടുത്തിയിരിക്കുകയാണ്. തളിപ്പറമ്പിലും സ്ഥിതി സമാനമാണ്. തളിപ്പറമ്പ് നഗരസഭ, ചുറ്റുമുള്ള ഗ്രാമപഞ്ചായത്തുകൾ; ഇടതും വലതും ഒരുപോലെ ആഴത്തിൽ വേരൂന്നിയ ഇവിടെ വിജയം ആർക്കൊപ്പമായാലും സംഘർഷത്തിന് സാദ്ധ്യതയുണ്ട്. തളിപ്പറമ്പ് മേഖലയിലും ശക്തമായ പൊലീസ് വിന്യാസം ഉണ്ട്. ക്വിക്ക് റെസ്‌പോൺസ് ടീമുകൾ, ഡ്രോൺ നിരീക്ഷണം, ക്യാമറ ഹോട്ട്‌സ്‌പോട്ടുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഫലം വരുന്ന ദിനത്തിൽ സോഷ്യൽ മീഡിയ ഏറ്റവും അപകടകരമാകുന്ന അവസ്ഥയാണ്. ഒരു സ്ഥലത്ത് ഒരു ചെറിയ സംഘർഷം നടന്നാൽ
ഉടൻ, ആ ദൃശ്യം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിനത്തിൽ തിരഞ്ഞെടുപ്പിനു ശേഷം ജില്ലയിൽ വ്യാപക അക്രമം നടന്നിരുന്നു. കൂത്തുപറമ്പ്, പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായത്.

ജാഗ്രതയിൽ 23 കേന്ദ്രങ്ങൾ

2026 ഫലപ്രഖ്യാപനത്തിനുശേഷം ഉണ്ടാകാൻ സാദ്ധ്യതയുള്ള അക്രമങ്ങൾ തടയാൻ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 23 കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ചില സ്ഥാനാർഥികൾക്കും അവരുടെ വീടുകൾക്കും പ്രത്യേക പൊലീസ് സംരക്ഷണം നല്‍കി. പാർട്ടി ഓഫീസുകളും വീടുകളും നിരീക്ഷണത്തിലാണ്. അക്രമ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ 150-ലേറെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും; ഇതിൽ 35 എണ്ണം ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പയ്യന്നൂർ മണ്ഡലത്തിലെ കോത്തായിമുക്ക്, വെള്ളൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ക്യാമറകൾ. ഡ്രോൺ, ക്വിക്ക് റെസ്‌പോൺസ് ടീം, ഇടതടവില്ലാത്ത പട്രോൾ സംവിധാനം തുടങ്ങിയവ. ഈ ഒരുക്കങ്ങളുടെ വ്യാപ്തി തന്നെ ഭീഷണി എത്ര ഗൗരവമുള്ളതാണ് എന്ന് വ്യക്തമാക്കുന്നു.വോട്ടെടുപ്പ് ദിനത്തിൽ തന്നെ പയ്യന്നൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ കാർ കത്തിച്ചു. കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്ത് ഷെഡിന് തീ വെച്ചു.
അക്രമ സംഭവങ്ങൾ തുടർന്നതോടെ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ പയ്യന്നൂർ താലൂക്ക് ഓഫീസിൽ സർവ കക്ഷി സമാധാന യോഗം ചേർന്നു. പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിലെ സ്ഥാനാർഥികളുടെ വീടുകൾ കേന്ദ്രീകരിച്ച്. വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വന്തം ചെലവിൽ ക്യാമറ ഘടിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
ഒരു സൂചന

25 വർഷങ്ങൾക്ക് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചു. ഇതിന്റെ ഭാഗമായി പാറാൽ ടൗണിൽ ആഹ്ലാദ പ്രകടനം ആരംഭിച്ചു. എന്നാൽ അതിനെതിരെ സി.പി.എം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യു.ഡി.എഫ്. പ്രകടനത്തിന് നേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. ആഹ്ലാദ പ്രകടനത്തിന് നേരെ വടിവാളുമായി സി.പി.എം. പ്രവർത്തകർ എത്തി. യു.ഡി.എഫ്. പ്രവർത്തകർ തിരിഞ്ഞോടിയതോടെ ജനക്കൂട്ടത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. ലീഗ് ഓഫീസ് അടിച്ചു തകർത്തു. വടിവാൾ കൊണ്ട് നിർത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടിപ്പൊളിച്ചു. മണിക്കൂറുകളോളം പാറാട് ടൗണിൽ അക്രമി സംഘം അഴിഞ്ഞാടി.വീടുകളിൽ എത്തുമ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ സി.പി.എം പാർട്ടി കൊടി ഉപയോഗിച്ച് മുഖം മറച്ചാണ് ആക്രമണ സംഘം വന്നത്.


പൊലീസ് 'നോക്കി നിന്നു "

പൊലീസ് നോക്കി നിൽക്കെ ആണ് കലാപ സമാന ആക്രമണം നടന്നത്.
പിന്നീട് കൂടുതൽ പൊലീസ് എത്തി ലാത്തി വീശിയതോടെയാണ് സംഘർഷം ശമിച്ചത്.
ആക്രമണ ദൃശ്യം കേരളം കണ്ടതോടെ നടപടി അനിവാര്യമായി. 50-ഓളം സി.പി.എം പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് വാഹനം തകർത്തത് ഉൾപ്പെടെ ഒന്നിലേറെ കുറ്റം ചുമത്തി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.