SignIn
Kerala Kaumudi Online
Sunday, 17 May 2026 3.24 AM IST

പേട്ട റെയിൽവേ ആശുപത്രി ടോയ്‌ലറ്റിൽ വെടിയുണ്ടകൾ; പ്രദേശത്ത് കർശന നിരീക്ഷണം

bullet

തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. ഒമ്പത് എംഎം വിഭാഗത്തിൽപ്പെടുന്ന ഉപയോഗിക്കാത്ത ഏഴ് വെടിയുണ്ടകൾ ഒരു മഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ജീവനക്കാരാണ് ആദ്യം കണ്ടത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു.

വിവരമറിഞ്ഞയുടൻ വഞ്ചിയൂർ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് നായ്‌ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തി തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

സായുധ സേനകളും പൊലീസും ഉപയോഗിക്കുന്ന വിഭാഗത്തിലുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ആശുപത്രി ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് ചോദ്യംചെയ്‌തു. ഇതിന് പുറമേ ആശുപത്രിയിൽ കഴിഞ്ഞദിവസം എത്തിയ രോഗികളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ആർപിഎഫും പൊലീസും സംയുക്തമായാണ് കേസന്വേഷിക്കുന്നത്. ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. റെയിൽവേ സ്റ്റേഷനും പരിസരവും അധികൃതരുടെ കർശന നിരീക്ഷണത്തിലാണ്. വെടിയുണ്ടയുടെ കാലപ്പഴക്കവും നിർമാണ വിവരങ്ങളും കണ്ടെത്താനായി ഫോറൻസിക് പരിശോധന നടത്തും. സംഭവത്തിൽ പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BULLET, RAILWAY HOSPITAL, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA