SignIn
Kerala Kaumudi Online
Thursday, 19 February 2026 12.14 AM IST

'കേന്ദ്ര ഏജൻസികളുടേത് മനുഷ്യത്വപരമല്ലാത്ത നിലപാട്'; റോയിയുടെ മരണത്തിൽ ഫലപ്രദമായ പരിശോധന വേണമെന്ന് എം വി ഗോവിന്ദൻ

Increase Font Size Decrease Font Size Print Page
m-v-govindan

കണ്ണൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ ഫലപ്രദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും അങ്ങനെ ആക്ഷേപം ഉന്നയിക്കാൻ സാധിക്കുന്ന നിലയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നതെന്നും റെയ്ഡ് നടക്കാനുണ്ടായതിന് പിന്നിലെ കാര്യം എന്താണെന്ന് അറിയില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

'വലിയ വ്യവസായ ശൃംഖലയുടെ ഉടമയാണ് സ്വയം വെടിവച്ച് മരണപ്പെട്ടത്. റെയ്ഡിന്റെ പശ്ചാത്തലം വച്ചുകൊണ്ടാണ് സഹോദരനും കുടുംബവുമെല്ലാം ശക്തമായ ആക്ഷേപം ഉന്നയിക്കുകയാണ്. മരിച്ചതിനുശേഷവും ഒന്നര മണിക്കൂറിലധികം റെയ്‍ഡ് തുടർന്നുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് ആകുന്നില്ല. റെയ്ഡിന്റെ ഭാഗമായി കണ്ടെത്തുന്ന ഏതുകാര്യവും സ്വാഭാവികമായി പരിഹരിക്കാൻ സാധിക്കുന്നതായിരിക്കും. ഇത്തരത്തിലൊരു അവസ്ഥ എന്തുകൊണ്ടുണ്ടായെന്ന് ഫലപ്രദമായി പരിശോധിക്കണം'- എം വി ഗോവിന്ദൻ പ്രതികരിച്ചു.

ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിൽ റിച്ച്‌മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വച്ച് ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു റോയ് ജീവനൊടുക്കിയത്. റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുടെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട റെയ്ഡാണ് നടത്തിവന്നത്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡിസംബർ 28നാണ് ആദ്യ റെയ്ഡ് നടത്തിയത്.

ജനുവരി 22ന് വീണ്ടുമെത്തി റെയ്ഡ് തുടരുകയും ഓഫീസ് മുറി മുദ്രവയ്ക്കുകയും ചെയ്തു. മൂന്നുദിവസം മുമ്പ് വീണ്ടും എത്തുകയും രേഖകൾ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ റോയ് ചോദ്യം ചെയ്യലിന് വിധേയനായി. ഇന്നലെ വൈകിട്ട് പരിശോധന അവസാനിക്കുമ്പോൾ കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നാണ് വിവരം. മുദ്രവച്ച ലോക്കറിന്റെ താക്കോൽ എടുക്കാൻ സ്വന്തം ചേംബറിലേക്ക് പോയ റോയ്, തോക്ക് നെഞ്ചോട് ചേർത്ത് നിറയൊഴിക്കുകയായിരുന്നു.

TAGS: MVGOVINDAN, INCOME TAX, CJ ROY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY