
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത (ഡിഎ) രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ക്ഷാമ ബത്ത 60 ശതമാനമായി ഉയർന്നു. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് 50.5 ലക്ഷം ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും ഗുണകരമാകും.
അടുത്ത മാസം ജീവനക്കാരുടെ കൈകളിലെത്തുന്ന ശമ്പളത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുക. ശമ്പള വർദ്ധനവ് നടപ്പാക്കുന്നതോടെ സർക്കാരിന് 6791 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകും. ഇതിന് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത അവസാനമായി പരിഷ്‌കരിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. അന്ന് 55 ശതമാനത്തിൽ നിന്ന് 58 ശതമാനത്തിലേക്കാണ് വർദ്ധിപ്പിച്ചത്. 2025 ജൂലായ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തിലോടെ വന്ന ഈ വർദ്ധനവ് കുടിശികയോടെയാണ് നടപ്പാക്കിയത്.
ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള പതിവ് നഷ്ടപരിഹാര ചട്ടക്കൂടിന്റെ ഭാഗമായി, ജനുവരി ജൂലായ് മാസങ്ങളിൽ രണ്ടുതവണയാണ് ഡിയർനെസ് അലവൻസും (ഡിഎ) ഡിയർനെസ് റിലീഫും (ഡിആർ) സർക്കാർ പരിഷ്‌കരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം നികത്തുന്നതിനും വാങ്ങൽ ശേഷി സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ ക്രമീകരണങ്ങൾ. വിലക്കയറ്റത്തിനനുസരിച്ച് ശമ്പളവും പെൻഷനും നിലനിർത്താൻ സഹായിക്കുന്നതിന് അടിസ്ഥാന ശമ്പളത്തിന്റെ ശതമാനമായി കണക്കാക്കി സർക്കാർ ജീവനക്കാർക്ക് നൽകുന്നതാണ് ക്ഷാമ ബത്ത (ഡിഎ).
ഇത്തവണ 58 ശതമാനത്തിൽ നിന്ന് 60 ശതമാനമാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതായത് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം ഡിഎയായി ലഭിക്കും. അതായത് 18,000 രൂപ അടിസ്ഥാന ശമ്പളമുള്ളവർക്ക് 10,800 രൂപയായിരിക്കും ക്ഷാമബത്ത. നേരിയ വർദ്ധനവാണ് ലഭിക്കുന്നതെങ്കിലും മുൻകാല പ്രാബല്യത്തിൽ ലഭിക്കുമ്പോൾ വലിയ തുക കയ്യിൽ ലഭിച്ചേക്കാം. പുതിയ ശമ്പളക്കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഡിഎ വർദ്ധനവ് മാത്രമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |