SignIn
Kerala Kaumudi Online
Saturday, 20 April 2024 8.39 AM IST

ജീവിതഭാരം കൂട്ടുന്ന ബഡ്‌ജറ്റ്

ff

വളർച്ചയിലൂടെയും അഭിവൃദ്ധിയിലൂടെയും കേരളം സ്തുത്യർഹമായ നിലയിൽ തിരിച്ചു വന്നുകഴിഞ്ഞെന്ന മുഖവുരയോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2023 - 24 വർഷത്തെ ബഡ്‌ജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് വലയുകയാണെന്നാണ് കുറച്ചുകാലമായി കേട്ടുകൊണ്ടിരുന്നത്. എന്നാൽ യഥാർത്ഥസ്ഥിതി അതൊന്നുമല്ലെന്നാണ് ധനമന്ത്രിസഭയിൽ അവതരിപ്പിച്ച സാമ്പത്തികരംഗത്തെ മിഴിവാർന്ന കണക്കുകൾ!

കാർഷിക - വ്യാവസായിക, ഉത്‌പാദന മേഖലകളിൽ മികച്ച വളർച്ച നേടാൻ കഴിഞ്ഞത് ഭാവിയെ കൂടുതൽ ആത്മവിശ്വാസത്തോടെ സമീപിക്കാൻ ഇടനൽകുന്നു. ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെ സാധാരണക്കാർ പലതും പ്രതീക്ഷിച്ചെങ്കിലും ധനമന്ത്രി എല്ലാവരെയും നിരാശപ്പെടുത്തുകയാണ് ചെയ്തത്. നിശ്ചിത വരുമാനത്തിനകത്തു നിന്നുകൊണ്ട് നാനാവിഭാഗങ്ങൾക്കും തുക പങ്കുവയ്ക്കുകയെന്ന ശ്രമകരമായ അഭ്യാസത്തിനാണ് ധനമന്ത്രി ശ്രമിച്ചിരിക്കുന്നത്. കൂട്ടത്തിൽ 2955 കോടിയുടെ അധികവിഭവ സമാഹരണത്തിനായി കണ്ടെത്തിയ മാർഗങ്ങളാകട്ടെ സമൂഹത്തിന്റെ അതിരൂക്ഷമായ എതിർപ്പും പ്രതിഷേധവും ക്ഷണിച്ചുവരുത്തുന്നതുമായി.

വീണ്ടുവിചാരം അശേഷം ഇല്ലാത്തതായി പെട്രോളിനും ഡീസലിനും പുതുതായി കൊണ്ടുവരുന്ന അധിക സെസ്. ഏപ്രിൽ മുതൽ ഇവയ്ക്കു രണ്ടിനും ലിറ്ററിന് രണ്ടുരൂപ സെസ് ചുമത്താനാണു തീരുമാനം. ഇപ്പോൾത്തന്നെ ദുർവഹമായ വിലയിലെത്തിനില്‌ക്കുന്ന പെട്രോളിനും ഡീസലിനും പുതിയ സെസ് കൂടിയാകുമ്പോൾ വിപണിയിൽ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. രാജ്യത്ത് വിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണം തന്നെ ഉയർന്ന ഇന്ധനവിലയാണ്. അറിഞ്ഞുകൊണ്ട് ആപത്ത് വലിച്ചുവച്ചതു പോലെയായി ഇന്ധനവിലകൂട്ടി അധിക വിഭവസമാഹരണത്തിനുള്ള ധനമന്ത്രിയുടെ നീക്കം. വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് പെട്രോളിനും ഡീസലിനും കേന്ദ്രം വില കുറച്ചപ്പോഴും ഒരുപൈസപോലും നികുതിയിനത്തിൽ വേണ്ടെന്നുവയ്ക്കാൻ കേരളം തയ്യാറായില്ലെന്നതും ഓർക്കണം. ഇപ്പോഴത്തെ ഈ അധികഭാരം ജനങ്ങളുടെ തലയിൽ നിന്ന് എടുത്തുമാറ്റാൻ സർക്കാർ തയ്യാറാകേണ്ടതാണ്. സർക്കാർ കരുതുന്നതിനെക്കാൾ മാരകമായ ഫലങ്ങളാവും അത് വിപണിയിൽ സൃഷ്ടിക്കാൻ പോകുന്നത്.

ജി.എസ്.ടി പ്രാബല്യത്തിലുള്ളതിനാൽ ഉത്‌പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ച് വരുമാനം കൂട്ടാൻ സംസ്ഥാനത്തിനു കഴിയില്ല. അതുകൊണ്ടാണ് തനതു വരുമാന മാർഗങ്ങളിലേക്കു ധനമന്ത്രി തിരിഞ്ഞത്. ഇന്ധന സർച്ചാർജിനു പിറകെ മദ്യവില്പനയിൽ നിന്നും വലിയതോതിൽ അധിക വരുമാനം പ്രതീക്ഷിക്കുന്നു. 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് കുപ്പിയൊന്നിന് ഇരുപതുരൂപ അധികം ഈടാക്കാനാണു തീരുമാനം. ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് നാല്പതുരൂപ കൂടും. ഇപ്പോൾത്തന്നെ രാജ്യത്ത് ഏറ്റവും ഉയർന്ന മദ്യനികുതി ഇവിടെയാണ്. ഈ അടുത്ത നാളിലാണ് മദ്യവിലയിൽ വർദ്ധന വരുത്തിയതെന്നതും ശ്രദ്ധേയമാണ്. എന്നാൽ മദ്യത്തിന് ഇത്തരത്തിൽ വില ഉയർന്നുയർന്നു പോയാൽ അതുണ്ടാക്കാനിടയുള്ള ദൂഷ്യഫലങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. ധാരാളം പേർ വില കുറവായ ലഹരി ഉത്‌പന്നങ്ങളിലേക്ക് വഴിമാറിയത് മദ്യവില്പനയ്ക്ക് ഇടക്കാലത്ത് അശാസ്ത്രീയമായ നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴാണെന്ന യാഥാർത്ഥ്യം മറക്കരുത്.

പുതിയ തീരുമാനപ്രകാരം ഏപ്രിൽ മുതൽ ഭൂമി ക്രയവിക്രയ ഫീസുകൾ ഉയരാൻ പോവുകയാണ്. ഭൂമിയുടെ ന്യായവില ഇരുപതു ശതമാനം കൂട്ടാനാണു തീരുമാനം. ഇപ്പോൾത്തന്നെ രാജ്യത്ത് ഏറ്റവുമധികം രജിസ്ട്രേഷൻ ഫീസ് നിലനില്‌ക്കുന്ന സംസ്ഥാനം കേരളമാണ്. വാഹന മേഖലയാണ് അധികവിഭവ സമാഹരണത്തിനായി തിരഞ്ഞെടുത്ത മറ്റൊരു മേഖല. ഇലക്ട്രിക് വാഹനങ്ങളൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും അധികനിരക്ക് ബാധകമാകും. കോടതി ഫീസുകൾ, അപേക്ഷകൾ, പെർമിറ്റുകൾ, കെട്ടിട നികുതി, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്കു പ്രത്യേക നികുതി,​ കല്ല്, മണ്ണ് തുടങ്ങി നിരവധി വസ്തുക്കൾക്ക് വില കൂടുന്ന നിർദ്ദേശങ്ങൾ ബഡ്‌ജറ്റിലുണ്ട്. വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് ബഡ്‌ജറ്റ് വരും മുൻപേ നിരക്ക് പുതുക്കിയിരുന്നു. വൈദ്യുതി ഡ്യൂട്ടി ഇനിയും കൂട്ടാൻ ബഡ്‌ജറ്റിൽ നിർദ്ദേശമുണ്ട്. കെട്ടിട നികുതി പരിഷ്കരണത്തിലൂടെ മാത്രം ആയിരം കോടി രൂപയുടെ അധിക വരുമാനമാണു കണക്കാക്കുന്നത്. ഈ തുക അപ്പാടെ തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കും ലഭിക്കുക. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയുടെ നടത്തിപ്പിനുവേണ്ടിയാണ് മദ്യനികുതി വർദ്ധിപ്പിക്കുന്നതെന്നു ധനമന്ത്രി പറഞ്ഞെങ്കിലും പെൻഷൻ ഇപ്പോഴത്തെ 1600 രൂപയിൽ നിന്ന് ഒരുരൂപ പോലും വർദ്ധിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വായ്പാ നിയന്ത്രണം പ്രാബല്യത്തിലുള്ളതിനാൽ സംസ്ഥാനം ചെലവുകൾ ചുരുക്കാൻ നിർബന്ധിതമായിട്ടുണ്ട്. അതിനിടയിലും പ്രധാന മേഖലകളിൽ പലതിനും മുൻ വർഷങ്ങളിലേതിനേക്കാൾ വിഹിതം കൂട്ടിനല്‌കാൻ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്. വിഭവ വിനിയോഗം കാര്യക്ഷമമാക്കാനും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറയുകയുണ്ടായി. അനാവശ്യ ചെലവുകൾ പാടേ ഒഴിവാക്കുന്നതിനൊപ്പം നികുതിവരുമാനം കൃത്യമായി പിരിച്ചെടുക്കാനും ഉൗന്നൽ നല്‌കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വീൺവാക്കാകാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

സംസ്ഥാനത്ത് ദേശീയപാത വികസനം മൂന്നുവർഷത്തിനകം പൂർത്തിയാകുമ്പോൾ വലിയ സാദ്ധ്യതകളാകും ഉണ്ടാകാൻ പോകുന്നത്. പുതിയ വ്യവസായ ഇടനാഴികളുടെ വികസനത്തിന് ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. വ്യവസായ - ഐ.ടി പാർക്കുകളുടെ വികസനം, മേക്ക് - ഇൻ - കേരള പദ്ധതി, ജലപാത വികസനം എന്നിവയും അഭിവൃദ്ധിയുടെ പാതകളാകും തുറക്കുക. വിഴിഞ്ഞം തുറുമുഖത്തോടൊപ്പം റിംഗ് റോഡ് പൂർത്തീകരണവും നടക്കുന്നതോടെ വ്യവസായ മുന്നേറ്റവും പ്രതീക്ഷിക്കാം. കേരളത്തെ ഹെൽത്ത് ഹബ്ബായിമാറ്റി വിദേശികളെ ആകർഷിക്കാനുള്ള പദ്ധതിയും ആകർഷകമാണ്. സാധാരണ കുടുംബങ്ങളിലുള്ളവർക്കു പ്രയോജനം ചെയ്യുന്ന 'നേർകാഴ്ച" പദ്ധതി, അങ്കണവാടി ജീവനക്കാർക്ക് ഇൻഷ്വറൻസ് പദ്ധതി, തിരുവനന്തപുരം സ്ഥിരം വ്യവസായ പ്രദർശനവേദി, കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ് - ഇവയൊക്കെ ബഡ്‌ജറ്റിലെ സവിശേഷതകളാണ്. കൃഷിമേഖലയിൽ റബർ സബ്‌സിഡിക്കായി 600 കോടി വകയിരുത്തിയിട്ടുണ്ട്. തേങ്ങയുടെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയർത്തിയത് കേരകർഷകർക്കു ഗുണകരമാണ്. തൃശൂർപൂരം ഉൾപ്പെടെയുള്ള പൈതൃക ഉത്സവങ്ങൾക്കായി എട്ടുകോടി രൂപ വകയിരുത്തിയതും പുതുമയായി. കാപ്പാട് ചരിത്ര മ്യൂസിയം, ചേന്ദമംഗലം കൈത്തറി ഗ്രാമം, എ.കെ.ജി മ്യൂസിയം, കൊല്ലത്തെ കല്ലുമാല സ്മാരകം തുടങ്ങിവയ്ക്കും പരിഗണന ലഭിച്ചു.

ബഡ്‌ജറ്റ് എന്നത് വെറും കണക്കുകളല്ലെന്നാണ് ധനമന്ത്രി ബഡ്‌ജറ്റവതരണം പൂർത്തിയാക്കവെ പറഞ്ഞത്. സർക്കാരിന്റെ സമീപന രേഖയായി ബഡ്‌ജറ്റിനെ കാണണമെന്ന അഭിപ്രായവും മുന്നോട്ടുവച്ചു. എന്നാൽ ജനജീവിതം ക്ളേശരഹിതമാക്കുന്ന എന്തെങ്കിലും നിർദ്ദേശങ്ങൾ ബഡ്‌ജറ്റിലുണ്ടോ എന്നു പരതുന്നവരെ നിരാശപ്പെടുത്തുന്ന ബഡ്‌ജറ്റാണിത്. ഏറ്റവുമധികം കെടുതി ഉണ്ടാകാൻ പോകുന്നത് പുതിയ ഇന്ധന സെസ് വഴിയാകുമെന്നതിലും സംശയം വേണ്ട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.