കാസർകോട് : പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയ്ക്കെതിരെ സി.പി.എം നടപടി. രാഘവനെ സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉദുമ ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം .
സംഭവം വിവാദമായതോടെ പാർട്ടി പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഏരിയാ കമ്മിറ്റി ചേർന്ന് തീരുമാനമെടുത്തത്. ജില്ലാ സെക്രട്ടറി ഉൾപ്പെടെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. രാഘവനെതിരെ കർശന നടപടി വേണമെന്ന് ജില്ലാ നേതൃത്വം യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇതിൻമേൽ നടന്ന ചർച്ചയെ തുടർന്നാണ് രാഘവനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
മൂന്ന് ദിവസം മുൻപാണ് രാഘവന്റെ സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വരുന്നത്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് ഇയാൾ. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേയ്ക്ക് പോകുന്നതിനിടെ അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റാർക്കോ അയച്ച സന്ദേശം മാറി പാർട്ടി ഗ്രൂപ്പിൽ എത്തിയതാണെന്നാണ് പറയുന്നത്. ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിൽ പോയതെന്നാണ് രാഘവൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |