SignIn
Kerala Kaumudi Online
Saturday, 20 April 2024 5.58 AM IST

പാവയല്ല വി.സി !

vc

കേരളത്തിലെ സർവകലാശാലകളെ ബാധിച്ചിരിക്കുന്ന രാഷ്ട്രീയ അതിപ്രസരം എത്രത്തോളമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നുപറഞ്ഞിട്ട് ഏറെക്കാലമായിട്ടില്ല. അതിനു പിന്നാലെ വാഴ്സിറ്റികളിലെ രാഷ്ട്രീയക്കളികൾ രേഖാമൂലം ചാൻസലർക്ക് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ പ്രൊഫ. സിസാതോമസ്. രാഷ്ട്രീയക്കാർക്ക് അവരുടെ താളത്തിന് തുള്ളുന്ന പാവയെയാണ് വൈസ്ചാൻസലറുടെ കസേരയിൽ വേണ്ടതെന്നും, അതിനു കിട്ടാത്തതിന് തന്നോട് അരിശം തീർക്കുകയാണെന്നും വി.സി തുറന്നടിച്ചു. ചുമതലകൾ നിർവഹിക്കാൻ പരമാവധി പരിശ്രമിച്ചെങ്കിലും സിൻഡിക്കേറ്റും ബോർഡ് ഒഫ് ഗവേണൻസും തന്റെ കൈകൾ കെട്ടിയിടാൻ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യം. ഇക്കാര്യത്തിൽ ഗവർണർ ഉടനടി ഇടപെടണമെന്നാണ് വി.സിയുടെ ആവശ്യം.

സിൻഡിക്കേറ്റംഗങ്ങളുടെ ബന്ധുക്കളെയും അയൽക്കാരെയും വേണ്ടപ്പെട്ടവരെയുമടക്കം നൂറോളം പേരെ സാങ്കേതിക സർവകലാശാലയിൽ താത്കാലികമായി നിയമിച്ചിട്ടുണ്ട്. വീണ്ടും നൂറുപേരെക്കൂടി നിയമിക്കാൻ വിജ്ഞാപനമിറക്കിയത് 'കേരളകൗമുദി' പുറത്തുകൊണ്ടുവന്നിരുന്നു. വി.സിയുടെ ആവശ്യപ്രകാരം ഗവർണർ ഈ വിജ്ഞാപനം മരവിപ്പിച്ചു. ഈ വിജ്ഞാപനപ്രകാരമുള്ള തുടർനടപടികൾ തടഞ്ഞ് വി.സി ഉത്തരവിറക്കി. ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈസ്ചാൻസലറുടെ അനുമതിയില്ലാതെ നിയമനത്തിന് വിജ്ഞാപനമിറക്കിയ രജിസ്ട്രാർ ഡോ.എ.പ്രവീണിന് വി.സി നോട്ടീസ് നൽകി. മുൻ വൈസ്ചാൻസലറുടെ അനുമതിയോടെയാണ് വിജ്ഞാപനമിറക്കിയതെന്നായിരുന്നു രജിസ്ട്രാറുടെ മറുപടി. എന്നാൽ ഇങ്ങനെയൊരു അനുമതിയുടെ രേഖകൾ ഫയലിലില്ല. അടിയന്തര സാഹചര്യങ്ങളിൽ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരെ താത്കാലികമായി നിയമിക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സ്റ്റാഫ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ തസ്തികകളിലേക്ക് നവംബർ എട്ടിന് വിജ്ഞാപനമിറക്കിയത്. സർവകലാശാലയുടെ ഉത്തരവുകൾ, വിജ്ഞാപനങ്ങൾ, സർക്കുലറുകൾ എന്നിവയ്ക്കെല്ലാം വി.സിയുടെ അനുമതി ആവശ്യമാണ്. വി.സി അറിയാതെ രജിസ്ട്രാർ വിജ്ഞാപനമിറക്കിയത് ധിക്കാരമാണെന്നും അച്ചടക്കലംഘനമാണെന്നും ചാൻസലറെ വി.സി അറിയിച്ചു.

രജിസ്ട്രാർക്ക് നോട്ടീസ് നൽകാൻ വി.സിക്ക് അധികാരമില്ലെന്നാണ് സിൻഡിക്കേറ്റ് വിലയിരുത്തിയത്. നോട്ടീസ് നൽകാൻ വി.സി സിൻഡിക്കേറ്റിന്റെ അനുമതി നേടിയിരിക്കണമെന്നും നിലപാടെടുത്തു. എന്നാൽ വാഴ്സിറ്റി ചട്ടപ്രകാരം വി.സിയുടെ നിയന്ത്രണത്തിലും നിർദ്ദേശപ്രകാരവുമായിരിക്കണം രജിസ്ട്രാർ പ്രവർത്തിക്കേണ്ടത്. അതിനാൽ രജിസ്ട്രാർക്ക് നോട്ടീസ് നൽകാൻ വി.സിക്ക് അധികാരമുണ്ടെന്ന് വി.സി ചാൻസലറെ അറിയിച്ചു. ചാൻസലറായ ഗവർണറും വൈസ്ചാൻസലറും തമ്മിലുള്ള എല്ലാ ആശയവിനിമയങ്ങളും സിൻഡിക്കേറ്റിൽ സമർപ്പിക്കണമെന്നും സിൻഡിക്കേറ്റിന്റെ അനുമതിയോടെ മാത്രമേ വി.സി ചാൻസലറുമായി ആശയവിനിമയം നടത്താവൂ എന്നുമാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. ഇത്തരമൊരു നിർദ്ദേശം നൽകാൻ സിൻഡിക്കേറ്റിന് വാഴ്സിറ്റി നിയമ, ചട്ടപ്രകാരം അധികാരമില്ലെന്ന് വി.സി നിലപാടെടുത്തു. ഇതുവരെ ചാൻസലർക്കയച്ച എല്ലാ റിപ്പോർട്ടുകളും സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് നൽകണമെന്ന നിർദ്ദേശവും സിൻഡിക്കേറ്റ് നൽകിയിട്ടുണ്ട്.

നിരീക്ഷണത്തിന്

ഉപസമിതി

വൈസ് ചാൻസലറുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിയെ നിയോഗിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇത് സർവകലാശാലാ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വി.സി നിലപാടെടുത്തു. ആക്ടിലെ 14(5)സെക്‌ഷൻ പ്രകാരം വി.സിയും മറ്റ് അധികാരികളുമായും തർക്കമുണ്ടായാൽ അതിൽ ചാൻസലറുടെ തീരുമാനമാണ് അന്തിമം. അതിനാൽ ഉപസമിതി നിയമവിരുദ്ധമാണ്. വി.സിയുടെ അധികാരം കവരുകയാണ് ഉപസമിതി രൂപീകരിച്ചതിന്റെ ലക്ഷ്യം. രണ്ട് രാഷ്ട്രീയക്കാരും എയ്ഡഡ് കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസറും രജിസ്ട്രാറുമാണ് ഉപസമിതിയിൽ. വളരെ ജൂനിയറായ അസോ.പ്രൊഫസറെയും കീഴുദ്യോഗസ്ഥനായ രജിസ്ട്രാറെയുമാണ് വാഴ്സിറ്റിയുടെ മുഖ്യ അക്കാഡമിക്, എക്സിക്യുട്ടീവ് ഓഫീസറായ വി.സിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് നിയോഗിച്ചത്. ഇത്തരമൊരു സമിതി വി.സിയുടെ അധികാരം പരിമിതപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതായതിനാൽ അംഗീകരിക്കാനാവുന്നതല്ല. സിൻഡിക്കേറ്റിന്റെ നടപടി നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധവും ഇല്ലാത്ത അധികാരം പ്രയോഗിക്കലുമാണെന്നും നടപടി വേണമെന്നും ചാൻസലറോട് വി.സി ആവശ്യപ്പെട്ടു.

ജീവനക്കാരെ

മാറ്റാനുമാവില്ല

വി.സിയുടെ ഓഫീസിലെയും ഇ-ഗവേണൻസ്, പരീക്ഷ, അക്കാഡമിക് വിഭാഗങ്ങളിലെയും 10ജീവനക്കാരെ മാറ്റിനിയമിച്ചതിനെതിരേ ബോർഡ് ഒഫ് ഗവേണൻസ് യോഗത്തിൽ പ്രമേയമുണ്ടായി. സോഫ്‌റ്റ്‌വെയർ പ്രോജക്ട് മാനേജരായി ഒന്നരലക്ഷംരൂപ ശമ്പളത്തിൽ സിൻഡിക്കേറ്റ് നിയമിച്ച ഫാത്തിമ സാഹിനയെ ഇ-ഗവേണൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. മുൻപ് കെൽട്രോണിലാണ് ഫാത്തിമ പ്രവർത്തിച്ചിരുന്നത്. മൂന്നുവർഷ കരാറിൽ നിയമിച്ചിരിക്കുന്ന ഫാത്തിമയുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തി കരാർ പുതുക്കുകയാണ് ചെയ്യുക. ഫാത്തിമയുടെ ശമ്പളം അംഗീകരിക്കാനുള്ള ഫയൽ എത്തിയപ്പോൾ, അവരുടെ ചുമതലകൾ എന്തൊക്കെയാണെന്ന് രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് ഫാത്തിമയോട് വി.സി റിപ്പോർട്ട് ആവശ്യപ്പെട്ടു.

സർവകലാശാലയുടെ വെബ് പോർട്ടലുമായി ബന്ധപ്പെട്ട എല്ലാ ഐ.ടി ജോലികളും ടെക്നോപാർക്കിലെ ഓസ്പിൻ ടെക്നോളജീസിനാണ് കരാർ നൽകിയിരിക്കുന്നത്. ഈ കമ്പനിയിൽ നിന്ന് ഐ.ടി ജോലികളെല്ലാം ഏറ്റെടുക്കാനാണ് ഫാത്തിമയെ നിയമിച്ചത്. ഇതിനായി 37ജീവനക്കാരെ ആവശ്യമുണ്ടെന്ന് ഫാത്തിമയുടെ റിപ്പോർട്ടിലുണ്ട്. ഇക്കാര്യം സിൻഡിക്കേറ്റിൽ വച്ചെങ്കിലും ചർച്ചയുണ്ടായില്ല. 37ജീവനക്കാരെ ലഭിക്കാതെ ഫാത്തിമയ്ക്ക് ചുമതലകൾ നിർവഹിക്കാനാവില്ല. ഈ നിലയ്ക്ക് കനത്ത ശമ്പളം നൽകി അവരെ നിലനിറുത്താനാവില്ല. അതിനാൽ അവരുടെ ഐ.ടി മേഖലയിലെ പരിചയം കണക്കിലെടുത്ത് അവരെ ഇ-ഗവേണൻസ് മേധാവിയായി നിയമിച്ചു. ഐ.ടി അസി.ഡയറക്ടറാിരുന്ന ബിജുമോനെ അക്കാഡമിക്സ് അസി.ഡയറക്ടറാക്കിയത് അക്കാഡമിക് വിഭാഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ അനിവാര്യമായതിനാലാണ്. സ്ഥിരം ജീവനക്കാരനായ ഡി.ബിനുവിനെ വി.സിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി. വാഴ്സിറ്റിയുടെ ആദ്യ വൈസ്ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബിനു.

ദുരൂഹമായി

രാഷ്ട്രീയ അജൻ‌ഡ

ചോദ്യപേപ്പർ വിഭാഗത്തിൽ പി.എസ്.സി നിയമനം ലഭിച്ച രണ്ട് അസിസ്റ്റന്റുമാരെ നിയോഗിക്കാനുള്ള വി.സിയുടെ ഉത്തരവ് രജിസ്ട്രാർ പാലിച്ചില്ല. ഇതേത്തുടർന്ന് ഉത്തരവ് വി.സി നേരിട്ട് ഇറക്കുകയായിരുന്നു. സിൻഡിക്കേറ്റ് അനുമതിയില്ലാതെ ജീവനക്കാരെ മാറ്റിയത് അംഗീകരിക്കാനാവില്ലെന്നാണ് ബോർഡ് ഒഫ് ഗവേണൻസ് യോഗത്തിന്റെ നിലപാട്. വി.സിയുടെ ഉത്തരവ് മരവിപ്പിക്കാനാണ് യോഗം തീരുമാനിച്ചത്. ഉത്തരവ് നടപ്പാക്കിയാലുള്ള പ്രത്യാഘാതം പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചു. ജീവനക്കാരെ മാറ്റിനിയമിക്കുന്നതിൽ പോലും വി.സിയെ ഉത്തരവിറക്കാൻ അനുവദിക്കാത്ത രാഷ്ട്രീയ അജൻ‌ഡ ദുരൂഹമാണ്. ബോർഡ് ഒഫ് ഗവേണൻസ് തീരുമാനം നിയമത്തിനും ചട്ടത്തിനും വിരുദ്ധമായതിനാൽ മരവിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിക്കാനാവുന്നതല്ലെന്ന് ചാൻസലറെ വി.സി അറിയിച്ചു. അക്കാഡമിക് വിഷയമല്ലാത്ത ഇക്കാര്യം അടിയന്തരപ്രമേയമായി രണ്ടുമണിക്കൂർ യോഗം ചർച്ചചെയ്തു. പരമാവധി അരമണിക്കൂറാണ് ചട്ടപ്രകാരം ചർച്ച അനുവദിക്കാനാവുക.

വ്യക്തിപരമായ

അധിക്ഷേപവും

സിൻഡിക്കേറ്റിന്റെയും ബോർഡ് ഒഫ് ഗവേണൻസിന്റെയും അജൻഡ വി.സിയെ ആക്രമിക്കുക എന്നതാണെന്നും ചാൻസലറെ വി.സി അറിയിച്ചു. വി.എസ്.എസ്.സി, ഐസർ, ഐ.ഐ.എസ്.ടി. പാലക്കാട് ഐ.ഐ.ടി, കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. യോഗങ്ങളിൽ വി.സിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും ശ്രമമുണ്ടായി. എല്ലാ അംഗങ്ങളും വി.സിയെ അപമാനിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും മാനസികവ്യഥയുണ്ടാക്കുകയും ചെയ്തു. യോഗങ്ങളുടെ 90ശതമാനം സമയവും വി.സിയെ വിമർശിക്കാനാണുപയോഗിച്ചത്. വാഴ്സിറ്റി ചട്ടത്തിലും നിയമത്തിലുമുള്ള വി.സിയുടെ അധികാരങ്ങൾ ഇല്ലാതാക്കാനാണ് സിൻഡിക്കേറ്റംഗങ്ങൾ ശ്രമിച്ചത്. വിസിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ഉപസമിതിയുണ്ടാക്കാൻ സിൻഡിക്കേറ്റിനും ബോർഡ് ഒഫ് ഗവേണൻസിനും അധികാരമില്ല.

സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യം. ഇക്കാര്യത്തിൽ ഗവർണർ ഉടനടി ഇടപെടണം. സിൻഡിക്കേറ്റിന്റെയും ബോർഡ് ഒഫ് ഗവേണൻസിന്റെയും കൺവീനറായ രജിസ്ട്രാറും ചട്ടവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്.

പണമിടപാടിലും

കള്ളക്കളികൾ

കഴിഞ്ഞ മേയ് മുതൽ ഒഴിഞ്ഞുകിടക്കുന്ന ഫിനാൻസ് ഓഫീസറുടെ ചുമതല രജിസ്ട്രാറാണ് വഹിക്കുന്നത്. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ഫയലുകൾ വി.സി അംഗീകരിക്കണമെന്നാണ് ചട്ടം. എന്നാൽ സിൻഡിക്കേറ്രംഗങ്ങളുടെ ടി.എ, ഡി.എ, ഓണറേറിയം അടക്കമുള്ള ബില്ലുകൾ രജിസ്ട്രാർ വി.സിയുടെ അംഗീകാരത്തിന് നൽകാറില്ല. ഈ ഫയലുകൾ വി.സിയെ കാണിക്കാറുമില്ല. വാഴ്സിറ്റിയിലെ ചില ജീവനക്കാർ മാത്രമാണ് ഈ ഫയലുകൾ കൈകാര്യം ചെയ്യുന്നത്. ഫിനാൻസ് ഓഫീസറുടെ ചുമതല രജിസ്ട്രാർക്ക് സിൻഡിക്കേറ്റ് നൽകിയത് ബോധപൂർവമാണോ എന്ന് സംശയിക്കണം. സർവകലാശാലയുടെ സ്റ്റാൻഡിംഗ് കോൺസിലും സിൻഡിക്കേറ്രംഗങ്ങളുടെയും രജിസ്ട്രാറുടെയും നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഹൈക്കോടതിയിലെ കേസുകളിൽ സ്റ്റാൻഡിംഗ് കോൺസിൽ ഹാജരാകാറില്ല. ഇക്കാര്യങ്ങളിൽ ചാൻസലർ ഇടപെടണമെന്നാണ് വി.സി നൽകിയ റിപ്പോർട്ടിലെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VICE CHANCELLOR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.