ദുബായ്: ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് എണ്ണക്കപ്പലുകളിൽ സ്‌ഫോടനമുണ്ടായതായും കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായുമായാണ് റിപ്പോർട്ട്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമായിരുന്നു, സഹായമഭ്യർത്ഥിച്ചുകൊണ്ട് അമേരിക്കൻ നാവിക സേനയുടെ കപ്പലുകളിലേക്ക് സന്ദേശമെത്തിയത്. കപ്പലുകളിലൊന്നിൽ ടോർപിഡോ ആക്രമണമുണ്ടായതായാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മാസം മുമ്പും നാല് എണ്ണക്കപ്പലുകൾക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു.
അബുദാബിയിൽ നിന്ന് ഇന്ധനവുമായി വന്ന കൊക്കുക്ക കറേജ്യസ്, ഫ്രന്റ് ആൽട്ടിയേഴ്‌സ് എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെർണാഡ് ഷൂൾ ഷിപ്പ് മാനേജ്മെന്റിന്റേതാണ് കൊക്കുക കറേജ്യസ്. നോർവീജിയയുടേതാണ് ഫ്രന്റ് ആൽട്ടിയേഴ്‌സ്. കൊക്കുക കറേജ്യസിലെ ഒരാൾക്ക് നിസാര പരിക്കുണ്ട്. 1.11 ലക്ഷം ടൺ ഭാരമുള്ള കപ്പലിൽ മൂന്നു സ്ഫോടനങ്ങളുണ്ടായതായാണ് സൂചന. ടാങ്കറുകളിലുള്ള മെഥനോൾ സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഫ്രന്റ് ആൽട്ടിയേഴ്‌സ് കപ്പലിൽ 30 ദശലക്ഷം ഡോളർ മൂല്യമുള്ള 75,000 ടൺ നാഫ്തയാണ് ഉണ്ടായിരുന്നത്. ടോർപിഡോ ആക്രമണമാണു നടന്നതെന്നാണു സൂചന. തുടർന്നു തീപിടിത്തമുണ്ടാവുകയായിരുന്നു.
എണ്ണ വ്യാപാരത്തിനായുള്ള ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്ര പാതയായ ഹോർമൂസ് കടലിടുക്കിന് സമീപത്തുവച്ചാണ് കപ്പലുകളിൽ സ്ഫോടനം നടന്നത്. നിരവധി എണ്ണക്കപ്പലുകളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.
ചൂണ്ടുവിരൽ ഇറാനിലേക്ക്
ഇറാന് ഏറെ സ്വാധീനമുള്ള മേഖലയാണ് ഹോർമുസ് കടലിടുക്ക്. ആക്രമണങ്ങൾക്ക് പിന്നിൽ ഇറാന്റെ ഇടപെടലുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. മുമ്പ് അമേരിക്കയിൽനിന്ന് ഉപരോധം നേരിട്ടപ്പോൾ മറ്റ് രാജ്യങ്ങളുടെ എണ്ണനീക്കവും തടയുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇറാൻ സന്ദർശനത്തിന് പിന്നാലെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് മദ്ധ്യസ്ഥത വഹിക്കാനാണ് ആബെ ഇറാൻ സന്ദർശിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്ന ''ആകസ്മികമായ സംഘർഷങ്ങൾ" ഒഴിവാക്കണമെന്ന് ആബെ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, രണ്ട് എണ്ണക്കപ്പലുകളിലുമായി ഉണ്ടായിരുന്ന 44 ജീവനക്കാരെ തങ്ങളാണ് രക്ഷപ്പെടുത്തിയതെന്നാണ് ഇറാന്റെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |