SignIn
Kerala Kaumudi Online
Saturday, 20 April 2024 1.29 AM IST

ജനങ്ങളുടെ വിധി

k-n-balagopal

ബഡ്‌‌ജറ്റ് പൊതുചർച്ചയ്ക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബുധനാഴ്ച മറുപടി പറയുമ്പോൾ ഇന്ധന സെസ് പിൻവലിക്കാനുള്ള തീരുമാനമുണ്ടാകുമോ എന്നാണ് ജനം ഉറ്റുനോക്കിയത്. രാഷ്ട്രീയമുള്ളവരും അശേഷം രാഷ്ട്രീയമില്ലാത്തവരും ഇന്ധനസെസ് നിർദ്ദേശത്തിൽ അസ്വസ്ഥരായിരുന്നു. ജനരോഷം കണക്കിലെടുത്ത് തീരുമാനം പിൻവലിക്കുമെന്ന വിശ്വാസം നിലനിന്നിരുന്നു. എന്നാൽ വിവേകശൂന്യമായി കൊണ്ടുവന്ന ഇന്ധനസെസ് നിർദ്ദേശം പിൻവലിച്ചില്ലെന്നുമാത്രമല്ല, രണ്ടുരൂപ സെസ് എതിർപ്പ് കണക്കിലെടുത്ത് ഒരു രൂപയായി കുറയ്ക്കുമെന്ന പത്രവാർത്തകണ്ട് പ്രതിപക്ഷം സമരത്തിനിറങ്ങുകയായിരുന്നു എന്ന് പരിഹസിക്കുകയും ചെയ്തു.

ജനജീവിതം കൂടുതൽ ദുഷ്കരമാക്കുന്ന ഇന്ധനസെസ് പിൻവലിക്കണമെന്ന ആവശ്യം രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലായിരുന്നു. പലതരത്തിലുള്ള നികുതിവർദ്ധന കാരണം സാധാരണക്കാരുടെ നിത്യജീവിതം കൂടുതൽ ക്ളേശകരമായെന്ന് സർക്കാരിനും ബോദ്ധ്യമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വിപണിയെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഇന്ധനവില ഇനിയും ഉയരുന്നത് അധികഭാരം തന്നെയാകുമെന്ന് ആരും പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. നിർഭാഗ്യവശാൽ വിവാദ നിർദ്ദേശം പിൻവലിക്കാൻ ധനമന്ത്രി തയ്യാറാകാത്തതിന് പിന്നിലും കറതീർന്ന രാഷ്ട്രീയമാണുള്ളത്. സുദീർഘമായ മറുപടിപ്രസംഗത്തിൽ അദ്ദേഹം മറ്റ് പുതിയ നികുതി നിർദ്ദേശങ്ങളിലും ഉറച്ചുനിൽക്കുകയായിരുന്നു. ഭാവിയിലെ കേരളം എങ്ങനെയാകണമെന്ന വിശാലലക്ഷ്യം ഉൾക്കൊള്ളുന്ന ബഡ്‌‌ജറ്റ് കൊണ്ടുവരുമ്പോൾ നിസാര കാര്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തിന്റെ വളർച്ച തടസപ്പെടുത്തുകയല്ല വേണ്ടതെന്നാണ് ധനമന്ത്രിയുടെ ഉപദേശം.

ഇന്ധനസെസിലൂടെ പ്രതീക്ഷിക്കുന്ന അധിക വരുമാനത്തിന് തുല്യമായ തുക കണ്ടെത്താൻ വേറെയും വഴികളുണ്ടായിരുന്നു. അതിന് ശ്രമിക്കാതെ സാധാരണക്കാരെ വല്ലാതെ വെറുപ്പിച്ചുകൊണ്ട് അതിൽ കടിച്ചുതൂങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്. പാലിനും വൈദ്യുതിക്കും ബസിനും ഒടുവിൽ വെള്ളത്തിനും വരെ വിലകൂട്ടിയത് ഇൗ അടുത്ത ദിവസങ്ങളിലാണ്. ഇതൊന്നും പോരാതെയാണ് ഇരുട്ടടിയായി ഇന്ധനസെസും ചുമത്താൻ പോകുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒാരോ രൂപയുടെ സെസാണ് ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്നത്. റോഡ് സുരക്ഷാഫണ്ടിനു വേണ്ടി ഒരുരൂപയുടെ സെസ് ഇപ്പോൾത്തന്നെയുണ്ട്. കേന്ദ്രം ഇന്ധനവില കൂട്ടുന്നതിനെതിരെ നിരന്തരം സമരം ചെയ്തുകൊണ്ടിരുന്നവർ ഇൗ ജനവിരുദ്ധ തീരുമാനത്തിന് മുതിർന്നതിന് മുന്നോട്ടുവച്ച കാരണമാണ് ഏറെ വിചിത്രം. സാമൂഹ്യസുരക്ഷ പെൻഷന് വേണ്ട ഫണ്ട് കണ്ടെത്തുകയാണത്രെ സെസിന് പിന്നിലെ ലക്ഷ്യം. എന്നാൽ ബഡ്‌‌ജറ്റിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വിഹിതത്തിൽ ഒരുരൂപയുടെ വർദ്ധനപോലും വരുത്തിയിട്ടുമില്ല. ഇന്ധനവിലയിൽ രണ്ടുരൂപ കൂടുമ്പോൾ അത് യാത്രക്കൂലി മുതൽ സകല ഉത്പന്നങ്ങളുടെയും വിലയിൽ പ്രതിഫലിക്കും. ഇപ്പോൾത്തന്നെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ കൂടുതൽ ഉയരത്തിലേക്ക് നയിക്കുന്ന തീരുമാനമാണ് ഇതെന്ന് മനസിലാക്കാൻ സാമാന്യബോധം മതിയാകും. ഇന്ധന സെസ് ഏർപ്പെടുത്തി സംസ്ഥാനത്തെയും ജനങ്ങളെയും നന്നാക്കിക്കളയാമെന്നത് തെറ്റായ വിശ്വാസമാണ്.

ബസ് നിരക്കും വാടക വാഹനനിരക്കും പുതുക്കണമെന്ന ആവശ്യം ഉടനെ ഉയരാൻ തുടങ്ങും. പച്ചക്കറിക്കും ചായയ്ക്കും ഹോട്ടൽ ഭക്ഷണത്തിനുമൊക്കെ ആനുപാതികമായി വിലകൂടാനും സാദ്ധ്യതയുണ്ട്. സാർവത്രികമായ വിലക്കയറ്റം ക്ഷണിച്ചുവരുത്തുന്ന അപക്വമായ തീരുമാനം ബഡ്‌‌ജറ്റിലെ നല്ല വശങ്ങളെപ്പോലും മങ്ങലേല്പിച്ചു എന്നു പറയുന്നതാകും ശരി. ഇതിന്റെ ആഘാതം ജനജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നറിയാൻ അധികനാൾ വേണ്ട. ഇന്ധനസെസ് മാത്രമല്ല ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിപ്പിക്കുന്നതുൾപ്പെടെ വിവാദ നികുതി നിർദ്ദേശങ്ങളൊന്നും ഉപേക്ഷിക്കാൻ മന്ത്രി തയ്യാറായിട്ടില്ല. ജനങ്ങളുടെ വിധി എന്നല്ലാതെ എന്തുപറയാൻ. വിവാദ നികുതി നിർദ്ദേശങ്ങൾക്കെതിരെ പ്രതിപക്ഷം തുടങ്ങിവച്ച സമരമുറയുടെ ഭാവി എന്താകുമെന്നേ ഇനി അറിയാനുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA BUDGET 2023
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.