SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 PM IST

പരീക്ഷാകാലത്ത് അവരെ ഞെരുക്കരുത്

ss

കൊവിഡ് ഭീഷണിയുടെ രണ്ടുവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിലാണ് കുട്ടികൾ ഇക്കൊല്ലം പരീക്ഷയെഴുതുന്നത്. കൊവിഡിന്റെ സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും അകന്നെങ്കിലും നന്നായി പരീക്ഷയെഴുതാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ കുട്ടികൾ മാനസികസമ്മർദ്ദത്താൽ ഞെരുങ്ങുന്നുണ്ട്.

ഉയർന്ന വിജയശതമാനവും ഗ്രേഡുകളും നേടി അഭിമാനമുയർത്താൻ മത്സരിക്കുന്ന വിദ്യാലയങ്ങൾ, അമിത പ്രതീക്ഷകളും ഉത്കണ്ഠകളും പുലർത്തുന്ന രക്ഷിതാക്കൾ, വിശ്വാസം പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ട്യൂഷൻ സെന്ററുകൾ, കച്ചവട താത്പര്യത്തോടെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്ന ഓൺലൈൻ കോച്ചിംഗ് സെന്ററുകൾ തുടങ്ങി കുട്ടികളിലേക്ക് സമ്മർദ്ദം വരുന്ന വഴികൾ നാനാഭാഗത്തുമുണ്ട്. മികച്ച വിജയം നേടിയില്ലെങ്കിൽ
അനുഭവിക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലുകൾ, നാണക്കേട്,
രക്ഷിതാക്കൾക്കും വിദ്യാലയത്തിനുമുണ്ടാകുന്ന അപമാനം,
ഉപരിപഠനസാദ്ധ്യതയിലെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളെയോർത്ത് കുട്ടികളുടെ മനസ് അസ്വസ്ഥമാവുകയാണ്.

ഉറക്കകുറവ്, വിശപ്പില്ലായ്മ, താത്പര്യക്കുറവ്, തനിച്ചിരിക്കൽ, ശ്രദ്ധക്കുറവ്, ദേഷ്യം, ഓക്കാനവും ഛർദ്ദിയും തുടങ്ങിയ പ്രശ്നങ്ങൾ മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. മാനസിക പിരിമുറുക്കം കാരണം പരീക്ഷയിൽ കുട്ടിക്ക് യഥാർത്ഥ കഴിവ് പ്രകടിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല. പരീക്ഷയെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും നേരിടാൻ കുട്ടിക്ക് കരുത്തുണ്ടാകണം. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തേണ്ടതും സഹായിക്കേണ്ടതും രക്ഷിതാക്കളാണ്.

കുട്ടികളുടെ ഭാവി സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള പ്രതീക്ഷ സ്വാഭാവികമാണ്. എന്നാൽ അമിതപ്രതീക്ഷയും അതുവഴി ഉണ്ടാവുന്ന സമ്മർദ്ദങ്ങളും കുട്ടിയുടെ യാത്ര സങ്കീർണമാക്കും.. ഓരോ കുട്ടിയും മറ്റൊരാളിൽ നിന്ന് വ്യത്യസ്തനാണ്. പഠനമികവിലും ഈ വ്യത്യാസമുണ്ടാകും. അതുകൊണ്ടുതന്നെ സ്വന്തം കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നതിൽ യാതൊരർത്ഥവുമില്ല. മാത്രമല്ല താരതമ്യപ്പെടുത്തൽ കുട്ടിയിൽ അസ്വസ്ഥതയും അപകർഷതാബോധവും പരാജയഭീതിയും ഉളവാക്കുകയും ചെയ്യും. തന്റെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി തനിക്കാവുംവിധം മികച്ച സ്‌കോർ നേടാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. മറ്റുള്ളവർ നേടുന്നതിനെക്കാൾ ഉയർന്നതോ താഴ്ന്നതോ ആയിക്കൊള്ളട്ടെ,​ അത്
ശ്രദ്ധിക്കേണ്ടതില്ലെന്ന ബോദ്ധ്യം കുട്ടിയിൽ ജനിപ്പിക്കണം.

ആവശ്യകതാബോധവും താത്പര്യവുമാണ് കുട്ടിയുടെ പഠനത്തെ മുന്നോട്ടു നയിക്കേണ്ടത്, ശകാരമോ ഭീഷണിയോ അല്ല.

പഠനസമയവും കുട്ടിയും

പഠനത്തിൽ താത്പര്യമുള്ള കുട്ടി പഠിക്കാൻ ഇഷ്‌ടമുള്ള സമയം തിരഞ്ഞെടുക്കട്ടെ. പഠനസമയം മാതാപിതാക്കളല്ല തീരുമാനിക്കേണ്ടത്. ചില കുട്ടികൾ രാവിലെ വളരെ നേരത്തെ ഉണർന്ന് പഠിക്കുന്നു. രാത്രിയിൽ നേരത്തെ കിടക്കുകയും ചെയ്യും. എന്നാൽ, മറിച്ചുചെയ്യുന്ന
കുട്ടികളുമുണ്ട്. ചില കുട്ടികൾ ദീർഘനേരം പഠനത്തിന് ചെലവിടുമ്പോൾ മറ്റുചിലർ കുറച്ചു സമയം മാത്രമേ അതിനായി മാറ്റിവയ്ക്കാറുള്ളൂ. ഓരോ കുട്ടിയുടേയും പഠനസമയവും വേഗതയും ശൈലിയും വ്യത്യസ്തമാണെന്നതാണ് യാഥാർത്ഥ്യം. പഠനത്തിനായി നിശ്ചിത ടൈംടേബിൾ അടിച്ചേല്പിക്കേണ്ടതില്ല. ദീർഘനേരം തുടർച്ചയായിരുന്ന് പഠിക്കാൻ കുട്ടികളെ നിർബന്ധിക്കരുത്. പഠനത്തിൽ ഇടവേളകൾ അനിവാര്യമാണ്. ഈ സമയത്ത് നടത്തം, ഓട്ടം, കളികൾ, സൗഹൃദസംഭാഷണം, സർഗാത്മകപ്രവർത്തനങ്ങൾ, ചെടിപരിപാലനം, ശുചീകരണം എന്നിവയിലേർപ്പെടാൻ കുട്ടിയെ പ്രേരിപ്പിക്കണം. ഓരോ ചെറിയ ഇടവേളയ്ക്കു ശേഷവും പഠനം തുടരുമ്പോൾ ആശയ സ്വാംശീകരണം വളരെ വേഗത്തിലും കാര്യക്ഷമമായും നടക്കും.

എവിടെയിരുന്ന്

പഠിക്കണം ?

വീട്ടിലെ പഠനസൗകര്യവും പഠനയിടവും സംബന്ധിച്ചും ചില രക്ഷിതാക്കൾക്ക് ആശങ്കകളുണ്ട്. പ്രത്യേകം പഠനമുറി ഇല്ലാത്തത് കുട്ടിയുടെ പഠനത്തെ ബാധിക്കുമോ എന്നതാണ് ചില രക്ഷിതാക്കളുടെ ഭയം. പ്രത്യേക പഠനമുറി ഉണ്ടെങ്കിലും ചില കുട്ടികൾ എല്ലായ്‌പ്പോഴും അവിടെയിരുന്ന് പഠിക്കണമെന്നില്ല. ഒരേസ്ഥലത്തു തന്നെ ഇരുന്നുള്ള പഠനം മുഷിച്ചിലും അസ്വസ്ഥതയും സൃഷ്ടിക്കാം. പകൽ സമയത്ത് മരത്തണലിലോ വീടിന്റെ വരാന്തയിലോ എവിടെയിരുന്നാണോ കുട്ടി പഠിക്കാനാഗ്രഹിക്കുന്നത് അവിടെയിരുന്നു പഠിക്കാൻ അനുവദിക്കണം. ഏതായാലും, നല്ല വെളിച്ചവും വായുസഞ്ചാരവും നിശബ്ദമായ അന്തരീക്ഷവുമുള്ള സ്ഥലത്തിരുന്നു പഠിക്കാൻ സഹായം ചെയ്തുകൊടുക്കണം. പ്രത്യേക പഠനമുറി ഇല്ലെന്നു കരുതി വിഷമിക്കേണ്ട.

മികച്ച വിജയമുറപ്പാക്കാൻ പരീക്ഷാകാലത്ത് കുട്ടിയെ കൂടുതൽ കേന്ദ്രങ്ങളിലയച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്‌കൂളിലെ അദ്ധ്യാപകർ തന്നെ കുട്ടികളുടെ വിജയത്തിനായി കഠിനശ്രമങ്ങൾ നടത്തുന്നുണ്ട്.
പഠനസാമഗ്രികളും നിരവധിയുണ്ട്. ഇവ വേണ്ടവിധം
പ്രയോജനപ്പെടുത്തിയാൽ കുട്ടിക്ക് കഴിവിന് അനുസരിച്ചുള്ള മികച്ച വിജയം നേടാനാവും. ആവശ്യമെന്നു തോന്നുന്ന വിഷയങ്ങളിൽ
ട്യൂഷനു വിടുന്നതുകൊണ്ട് തെറ്റില്ല. എന്നാൽ, അമിത ഫീസ് ഈടാക്കിക്കൊണ്ട് പരീക്ഷയോടടുത്ത നാളുകളിൽ ഉന്നത വിജയം വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ വിദ്യാഭ്യാസ കച്ചവടക്കാരുടെ കൈകളിൽ രക്ഷിതാവും കുട്ടിയും
അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടി വിദ്യാലയത്തിൽ പഠിച്ചതിൽനിന്നും വ്യത്യസ്തമായി ചുരുങ്ങിയ ദിവസങ്ങളിൽ ഒന്നും പഠിപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങൾക്കാവില്ല. കുട്ടികളിൽ മാനസികസമ്മർദ്ദം വർദ്ധിപ്പിക്കാനേ ഇത്തരം ക്ളാസുകൾ ഇടയാക്കൂ. കുട്ടി വിദ്യാലയത്തിൽ നിന്നും പഠിച്ചുവന്ന കാര്യങ്ങളിൽ കൂടുതൽ

വ്യക്തതയും സംശയ ദൂരീകരണവും നടത്താനാണ് ഇനിയുള്ള ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ടത്.

കുട്ടിയുടെ ഭക്ഷണം

പരീക്ഷാകാലത്ത് കുട്ടികളുടെ ഭക്ഷണകാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധവയ്ക്കണം. അധികം കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണം; പ്രത്യേകിച്ച് ബേക്കറി സാധനങ്ങൾ.

പാൽ, പഴം, പച്ചക്കറികൾ,​ മുട്ട,​ പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിലെ പോഷകമൂല്യങ്ങളും പഠനഫലപ്രാപ്തിയും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷണഫലങ്ങൾ ചൂണ്ടിക്കാട്ടുന്ന കാര്യം വിസ്മരിച്ചുകൂടാ.

ഇവാല്യുവേഷൻ

കെണിയാകരുത്

ഓരോ ദിവസവും എഴുതുന്ന പരീക്ഷയെ സംബന്ധിച്ച് സൂക്ഷ്മമായ വിശകലനത്തിന് മുതിരാതിരിക്കുകയാണ് നല്ലത്. സന്തോഷിക്കാൻ മാത്രമല്ല ചിലപ്പോൾ വിഷമിക്കാനുള്ള കാര്യങ്ങളും അതിലുണ്ടാകാം. അടുത്ത ദിവസത്തെ പരീക്ഷയെ അത് സാരമായി ബാധിച്ചേക്കാം. അതിനായി സമയം കളയാതെ അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പിന് പ്രാധാന്യം നൽകുക.

ധൃതിപിടിപ്പിച്ച് കുട്ടിക്ക് മാനസിക പിരിമുറുക്കമുണ്ടാക്കരുത്. ഓരോ ദിവസവും പരീക്ഷക്കു പോകുന്നതിനു മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ മാത്രംമതി. സമയത്ത് സമാധാനത്തോടെ സ്‌കൂളിലെത്താൻ സഹായിക്കുക.

സമ്മർദ്ദരഹിതവും പ്രോത്സാഹനജനകവുമായ ഗൃഹാന്തരീക്ഷമാണ് കുട്ടികൾക്കാവശ്യം. പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള മാനസികാവസ്ഥ രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്.


( ലേഖകൻ പത്തനംതിട്ട ജില്ലാ ഡയറ്റ് മുൻ പ്രിൻസിപ്പലാണ് ഫോൺ : 9447734041)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM STRESS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.