SignIn
Kerala Kaumudi Online
Friday, 26 April 2024 2.28 AM IST

ജീവനെടുക്കുന്ന കേബിൾ കെണി

photo

കേബിളിൽ കുരുങ്ങിയുള്ള റോഡപകടങ്ങൾ സ്ഥിരമായി ആവർത്തിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം. കായംകുളത്തിന് സമീപം ഭർത്താവിനൊപ്പം യാത്രചെയ്ത‌ സ്‌ത്രീക്ക് കേബിൾ കഴുത്തിൽകുരുങ്ങി ജീവൻ നഷ്ടപ്പെട്ടു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷയുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കൊച്ചിയിൽ കേബിൾതട്ടി അരഡസനോളം അപകടങ്ങൾ നടന്നു. പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഹൈക്കോടതി ഇടപെട്ടിട്ടും കേബിൾ കെണികൾ ഒഴിവാക്കാൻ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കേബിളിടാനും ജലഅതോറിട്ടിയുടെ പൈപ്പിടാനും എടുക്കുന്ന കുഴികളും അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡിലുണ്ടാകുന്ന കുഴികളും മൂടിയില്ലാത്ത ഓടകളും വാഹനയാത്രക്കാർക്ക് പേടിസ്വപ്നമാണ്. റോഡിലെ കുഴിയിൽവീണ് ആരെങ്കിലും മരണമടഞ്ഞെന്ന് അറിയുമ്പോൾ മാത്രമാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ രംഗത്തെത്തുന്നത്.

പ്രൈവറ്റ് ടെലികോം കമ്പനികൾ, ബി.എസ്.എൻ.എൽ, ലോക്കൽ ചാനലുകൾ തുടങ്ങിയവയാണ് പ്രധാനമായും കേബിളുകൾ ഇടുന്നത്. കേബിൾ ഇടുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ജീവനക്കാർക്കും അറിയില്ല, നാട്ടുകാർക്കും അറിയില്ല എന്നതാണ് സ്ഥിതി. ഇത് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥർ പ്രവൃത്തി നടക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറുമില്ല.

കേബിൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും സർക്കാർ ഭീമമായതുക നഷ്ടപരിഹാരം നിശ്ചയിക്കണം. അപകടത്തിന് കാരണക്കാരായ കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണം. അങ്ങനെ വരുമ്പോൾ ജോലികൾ പയ്യന്മാരെ ഏല്പിച്ചിട്ട് ഉത്തരവാദിത്വമുള്ള എൻജിനിയർക്ക് സ്ഥലം വിടാൻ കഴിയില്ല. അല്ലെങ്കിൽ അലക്ഷ്യമായും അപകടം ഉണ്ടാകാവുന്ന തരത്തിലും കേബിളുകൾ കെട്ടിയിരിക്കുന്നത് കണ്ടെത്തി റോഡ് സുരക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വൻതുക ഫൈനടിക്കണം. ഇതിനൊന്നും ആരും മെനക്കെടാറില്ല. വാഹനപരിശോധനക്കാരെ സംബന്ധിച്ച് ഇപ്പോഴും ഏറ്റവും വലിയപ്രശ്നം ഹെൽമെറ്റ് വയ്ക്കാത്തതാണ്.

ജലഅതോറിട്ടിയായാലും കെ.എസ്.ഇ.ബി ആയാലും റോഡിൽ കുഴിയെടുത്താൽ അതിന് ചുറ്റും വേലികെട്ടി തിരിക്കണമെന്നും റിഫ്ളക്‌ടർ സ്ഥാപിക്കണമെന്നും അപായ മുന്നറിയിപ്പ് ബോർഡ് വയ്ക്കണമെന്നും മറ്റും ചട്ടമുള്ളതാണ്. പക്ഷേ ഇതൊന്നും ഒരു കരാറുകാരനും ചെയ്യാറില്ല. റോഡ് സുരക്ഷയുടെ പേരിൽ ലിറ്ററിന് ഒരുരൂപ ഇന്ധന സെസായി വാങ്ങുന്ന അധികൃതർ സുരക്ഷ ഉറപ്പാക്കാൻ നയാപൈസ ചെലവാക്കാറില്ല. റോഡ് സുരക്ഷയ്ക്ക് കഴിഞ്ഞ ബഡ്‌ജറ്റിൽ അനുവദിച്ച 68 കോടി രൂപയിൽ സിംഹഭാഗവും വാഹനവും കാമറയും വാങ്ങാൻ ചെലവഴിക്കുകയായിരുന്നു. കുഴികൾ കണ്ടുപിടിച്ച് മുന്നറിയിപ്പ് നല്‌കാനായി മാത്രം ഇതിൽ ചില കാമറകൾ മാറ്റിവച്ചാൽ നല്ലതായിരുന്നു. ദേശീയപാത ആറുവരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിലും മതിയായ മുന്നറിയിപ്പുകളും സുരക്ഷയും ഒരുക്കിയിട്ടില്ല. ഒരു വലിയ അപകടം നടന്നിട്ടുവേണം ഇതൊക്കെ ഒരുക്കാൻ എന്ന മട്ടിലിരിക്കുകയാണ് ഉദ്യോഗസ്ഥർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CABLES BECOMING DEATH NOOSE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.