SignIn
Kerala Kaumudi Online
Saturday, 02 August 2025 12.24 AM IST

ഇനിയും ട്രാക്കിലാകാതെ ഹരിത ഇടനാഴിയിലെ വൈദ്യുതീകരണം

Increase Font Size Decrease Font Size Print Page

photo

സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴി, രാജ്യത്തെ നീളംകുറഞ്ഞ ബ്രോഡ്‌ ഗേജ് പാത, തേക്കുമരങ്ങളും വൻ പേരാലുകളും തണൽപരത്തി നിൽക്കുന്നതാണ് തീവണ്ടിപ്പാത, ഡീസൽ നിറച്ച തീവണ്ടികൾ സർവീസ് നടത്തുന്ന ഷൊർണൂർ - നിലമ്പൂർ റെയിൽപ്പാതയ്ക്ക് പ്രത്യേകതകളേറെയാണ്. ഇരുവശവും പച്ചപ്പുനിറഞ്ഞ പാതയിലൂടെയുള്ള തീവണ്ടിയാത്രതന്നെ സഞ്ചാരികൾക്ക് നവ്യാനുഭവമാണ്. മഴ കഴിഞ്ഞ സമയമാണെങ്കിൽ റെയിൽവേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ അതിരാവിലത്തെ യാത്രയിൽ മഞ്ഞും തണുപ്പുമുണ്ടാകും. കാഴ്ചകൾക്ക് കൂടുതൽ നിറം പകരുകയും ചെയ്യും.

ഒമ്പത് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാതയെ വൈദ്യുതീകരിക്കാനുള്ള പ്രവൃത്തികൾ നിലവിൽ ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ വൈദ്യുതീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി പദ്ധതി നീളുകയാണ്. ഈ റെയിൽപ്പാതയുടെ വൈദ്യുതീകരണം കൂടി പൂർത്തിയായാൽ പാലക്കാട് ഡിവിഷനിലെ എല്ലാ പാതകളും വൈദ്യുതീകരിച്ചവയാകും. പാത വൈദ്യുതീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാനായി മരങ്ങൾ മുറിച്ചു നീക്കാനാകാത്തതാണ് തടസം. മരം മുറിച്ചുമാറ്റാൻ സാമൂഹിക വനവത്കരണ വിഭാഗം നിശ്ചയിച്ച ഉയർന്ന തുകയ്ക്ക് കരാറെടുക്കാൻ ആളില്ല. സർക്കാർ നിശ്ചയിച്ച നിരക്കിലാണ് തേക്കുൾപ്പെടെയുള്ള മരങ്ങൾക്ക് വിലയിട്ടതെങ്കിലും കരാറെടുക്കാൻ ആരുമെത്തിയില്ല. മൂന്നുതവണ ദർഘാസ് വിളിച്ചശേഷവും ആരുമെത്തിയില്ലെങ്കിൽ കിട്ടിയവിലയ്ക്ക് നൽകാനാകുമെന്നാണ് റെയിൽവേയുടെയും സാമൂഹികവനവത്കരണ വിഭാഗത്തിന്റെയും പ്രതീക്ഷ. മരം മുറിച്ചു നീക്കിയാലുടൻ മറ്റുപണികൾ പൂർത്തിയാക്കാമെന്നും റെയിൽവേ കണക്കുകൂട്ടുന്നു.

നഷ്ടം കുറയ്ക്കാം

ഷൊർണൂർ - നിലമ്പൂർ പാതയിലെ വൈദ്യുതീകരണം നടപ്പായാൽ ഇൗ റൂട്ടിൽ സർവീസ് നടത്തുന്ന ഏഴ്‌ തീവണ്ടികളുടെ ഇന്ധനച്ചെലവ് കുറയ്ക്കാനാകും. ആകെ 12 സ്റ്റോപ്പുകളാണ് പാതയിലുള്ളത്. ഇവിടങ്ങളിലെല്ലാം നിറുത്തി തീവണ്ടി മുന്നോട്ടെടുക്കാൻ ഇന്ധനം ഏറെവേണം. ഓടാനുള്ളതുകൂടി കണക്കാക്കിയാൽ ഡീസൽ തീവണ്ടികൾ റെയിൽവേക്ക് കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്ന് വ്യക്തം. ഈ റൂട്ട് വൈദ്യുതികരിച്ചാൽ 40 ശതമാനത്തോളം ഇന്ധനച്ചെലവ് കുറയ്ക്കാനാകും. നിലവിൽ 1.35 മണിക്കൂറാണ് പാതയിലെ യാത്രാസമയം. ഇത് ഒരുമണിക്കൂർ മുതൽ 1.10 മണിക്കൂർ വരെയാക്കി കുറയ്ക്കാനുമാകും.

കൂടാതെ കൂടുതൽ വേഗംകിട്ടുന്ന മെമു തീവണ്ടികളെ ഇവിടെ ഉപയോഗിക്കാനാകും. 12 സ്റ്റേഷനുകളിൽ ഓരോന്നിലും നിറുത്തി വേഗത്തിൽ വീണ്ടുമെടുക്കാൻ മെമു തീവണ്ടികൾക്കാകും. ഇത് സമയം ലാഭിക്കാൻ ഉപകാരപ്പെടും. നിലമ്പൂരിലോ ഷൊർണൂരിലോ എത്തി എൻജിൻ മാറ്റിവേണം പുതിയയാത്ര തുടരാൻ. മെമുവാകുമ്പോൾ ഇതും ഒഴിവാകും. ഇത് കൂടുതൽ തീവണ്ടികളെ പാതയിൽ അനുവദിക്കാനും സഹായകമാകും.

പദ്ധതി ഇങ്ങനെ

ദക്ഷിണ റെയിൽവേക്കു കീഴിലെ എട്ടു സെക്‌ഷനുകളിലായുള്ള 1100 കീലോമീറ്റർ പാത വൈദ്യുതീകരിക്കാനായിരുന്നു പദ്ധതി. സെൻട്രൽ ഓർഗനൈസേഷൻ ഒഫ് റെയിൽവേ ഇലക്ട്രിഫിക്കേഷനാണ് നിർമ്മാണ ചുമതല നൽകിയത്. കേരളത്തിൽ കൊല്ലം - പുനലൂർ (44 കി.മി), ഷൊർണൂർ - നിലമ്പൂർ (66 കി.മീ) പാതകളാണ് തിരഞ്ഞെടുത്തത്. എട്ട് പദ്ധതികൾക്കുമായി ആകെ 587.53 കോടിരൂപയാണ് റെയിൽവേ അനുവദിച്ചത്. ഷൊർണൂർ മുതൽ നിലമ്പൂർവരെയുള്ള 66 കിലോമീറ്റർ റെയിൽപ്പാത പൂർണമായും വൈദ്യുതീകരിക്കാൻ മാത്രം 53 കോടി ചെലവാണ് പ്രതീക്ഷിക്കുന്നത്. 1,300 തൂണുകളിലായാണ് കാന്റിലിവർ രീതിയിൽ വൈദ്യുതി ക്കമ്പികൾ കടന്നുപോവുക. ട്രാക്ഷൻ സബ്സ്റ്റേഷൻ മേലാറ്റൂരിലും സ്വിച്ചിംഗ് സ്റ്റേഷനുകൾ വാടാനാംകുറിശ്ശിയിലും വാണിയമ്പലത്തും അങ്ങാടിപ്പുറത്തും സ്ഥാപിക്കാനുമായിരുന്നു ഉദ്ദേശിച്ചിരുന്നത്‌.

മലയാള സിനിമയുടെ

ഇഷ്ട ലൊക്കേഷൻ

കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനായ ഷൊർണൂരിൽ നിന്ന് ആരംഭിക്കുന്ന നിലമ്പൂർ പാത അവസാനിക്കുന്നത് കാടിന്റെ തണുപ്പും മനോഹാരിതയും തഴുകിയെത്തുന്ന നിലമ്പൂർ ജംഗ്ഷനിലാണ്. ട്രെയിൻ പോകുന്ന ഓരോ സ്റ്റേഷനും അതി മനോഹരമാണ്. യാത്രയിലുടനീളം തീവണ്ടിക്ക് തണലൊരുക്കി ആൽമരങ്ങളും തേക്കും തലയുയർത്തി നിൽക്കുന്നുണ്ട്.

പച്ചപുതച്ച് നിൽക്കുന്ന വയലേലകൾ, അങ്ങിങ്ങായി ചെറുതും വലുതുമായ വീടുകൾ, പശ്ചാത്തലത്തിൽ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന മലനിരകൾ. അതിനും മുകളിൽ ചിതറിത്തെറിച്ച് കിടക്കുന്ന മേഘങ്ങൾ, തെങ്ങും കമുകും നിറഞ്ഞ പറമ്പുകൾ, റബർ തോട്ടങ്ങൾ അങ്ങനെ പുറത്തേക്കു നോക്കിയാൽ കാണുന്നത് ഗ്രാമീണതയുടെ അതിമനോഹരമായ ദൃശ്യങ്ങളാണ്. വെള്ളിയാർ, ഒലിപ്പുഴ തുടങ്ങിയ പുഴകളും ഈ പാതയിലെ പ്രധാന ആകർഷക ഘടകമാണ്. വാടാനംകുർശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടികപ്പുലം, വാണിയമ്പലം എന്നിവയാണ് തീവണ്ടിപ്പാതയിലെ ചെറുതും പ്രകൃതി സുന്ദരവുമായ റെയിൽവേ സ്‌റ്റേഷനുകൾ.

ഇരുവശത്തും മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന പാതയുടെ മനോഹാരിത ട്രെയിൻ യാത്രക്കാരുടെ മനസിനെ ഏറെ കീഴടക്കിയതാണ്. മലയാള സിനിമയിൽ ഈ പാത പലതവണ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഉദ്യാനപാലകൻ, നമ്പർ 20 മദ്രാസ് മെയിൽ എന്നിങ്ങനെ നിരവധി സിനിമകളിൽ നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശി, ചെറുകര, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകളുടെ വേറിട്ട ഭംഗി കാണാനാകും. അതുകൊണ്ടുതന്നെ ഈ പാതയ്ക്ക് ആരാധകരും ഏറെയാണ്. പച്ചപ്പ് പരമാവധി സംരക്ഷിച്ച് പാതയുടെ പ്രകൃതി ഭംഗി നിലനിറുത്തിയും വൈദ്യുതീകരണം പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ചരിത്രം

90 വർഷം മുമ്പ് ചരിത്രത്തിലേക്കൊരു ചൂളം വിളിയുമായാണ് ഷൊർണൂർ നിലമ്പൂർ തീവണ്ടി സർവീസ് തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാതകളിലൊന്നാണിത്. അതിന് മുമ്പ് യാഥാർഥ്യമായത് തിരൂരിൽ നിന്ന് ബേപ്പൂരിലേക്കുള്ള പാത. ക്രമേണ ഇത് മദിരാശിയിലേക്കുള്ള മെയിൻ ലെയിനുമായി ബന്ധിപ്പിച്ച് മംഗലാപുരം വരെ നീട്ടി.
നിലമ്പൂരിൽ സമൃദ്ധമായി വളർന്നുകൊണ്ടിരിക്കുന്ന തേക്കുകളുടെ അന്താരാഷ്ട്ര വാണിജ്യ സാദ്ധ്യത മനസിലാക്കി, അവയെ ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടു പോവുന്നതിന് ബ്രിട്ടീഷുകാരാണ് നിലമ്പൂർ പാത നിർമ്മിച്ചത്. 1921ൽ ആരംഭിച്ച പാത 1927 ഫെബ്രുവരിയിലായിരുന്നു ഷൊർണൂരിൽ നിന്ന് അങ്ങാടിപ്പുറം വരെ നീട്ടിയത്. 1943 ൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് നിലമ്പൂരിലെ തേക്കുതോട്ടത്തിൽ നിന്നും ഒട്ടേറെ മരത്തടികൾ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാതയിലൂടെ ആയിരുന്നു എന്നത് ചരിത്രം.

TAGS: NILAMBUR SHORNUR RAIL LINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.