പുത്തൂർ: സഹോദരിയുടെ വീട്ടുവളപ്പിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൂർ മാറനാട് വൈദ്യർ മുക്കിന് സമീപം അരുൺഭവനിൽ വിജയകുമാറാണ് (67) മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
തട്ടുപണിക്കുള്ള കമ്പികെട്ടിൽ വിദഗ്ദ്ധനായ വിജയകുമാറിന് ശാരീരിക അവശതകളെ തുടർന്ന് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയതോടെയാണ് ജീവനൊടുക്കിയതെന്നാണ് സൂചന. അൽപ്പം അകലെയായി തനിച്ച് താമസിക്കുന്ന പ്രായമായ സഹോദരി വിജയമ്മയുടെ വീട്ടിൽ എല്ലാ ദിവസവും ഭക്ഷണവുമായി വിജയകുമാർ എത്താറുണ്ട്. ബുധനാഴ്ച രാത്രിയിലും ഭക്ഷണവുമായെത്തി മടങ്ങി.
പുലർച്ചെ ഒന്നോടെ വീടിന് സമീപത്തെ പുരയിടത്തിൽ തീ ഉയരുന്നതും ശബ്ദവും കേട്ട് വിജയമ്മ ഉണർന്നു. അയൽവാസിയെ കൂട്ടി വെള്ളമൊഴിച്ച് തീ കെടുത്തുകയും ചെയ്തു. ഉണങ്ങിയ വിറകിന് തീ പടർന്നതാണെന്നാണ് ഇവർ കരുതിയത്.
തിരികെ വീട്ടിലെത്തി ഉറങ്ങാൻ കിടന്നു. അസ്വാഭാവിക ഗന്ധം പരന്നെങ്കിലും വിജയമ്മ പുറത്തിറങ്ങിയില്ല. പുലർച്ചെ തീ പടർന്നിടത്ത് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ മരക്കൊമ്പിൽ തൂക്കിയിട്ടിരുന്ന ഷർട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയപ്പോഴാണ് വിജയകുമാർ സ്വയം ചിതയൊരുക്കിയതാണെന്ന് തീർച്ചപ്പെടുത്തിയത്.
തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും ജോലി ചെയ്യാൻ ശാരീരികശേഷി ഇല്ലാത്തതിനാൽ സാമ്പത്തിക ബാദ്ധ്യത മൂലം ജീവനെടുക്കുന്നുവെന്നുമാണ് സുഹൃത്തിനായി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
പെട്രോളിന്റെയോ മണ്ണെണ്ണയുടെയോ അംശങ്ങൾ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഫോറൻസിക് വിഭാഗം തെളിവെടുത്തു. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പുത്തൂർ പൊലീസ് കേസെടുത്തു. ഭാര്യ: ഉഷ. മക്കൾ: അരുൺ, ആദിഷ. മരുമക്കൾ: സന്ധ്യ, പ്രേംജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |