SignIn
Kerala Kaumudi Online
Saturday, 20 April 2024 5.36 AM IST

വീണ്ടും പിടിമുറുക്കുന്നു​ ബ്ലേഡ് മാഫിയ

opinion

ചെറുകിടക്കാരുടെ സാമ്പത്തികപ്രതിസന്ധി ചൂഷണം ചെയ്ത് മലയോരമേഖലയിൽ ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കുന്നു. കൊവിഡിന് ശേഷം വ്യാപാര, കാർഷിക മേഖലകളിലുണ്ടായ തകർച്ച മുതലെടുത്താണ് വട്ടിപ്പലിശക്കാർ വീണ്ടും സജീവമായത്. ഒരാഴ്ചമുമ്പ്,​ തൊടുപുഴ മണക്കാട് മൂന്നംഗകുടുംബം ആത്മഹത്യചെയ്ത സംഭവത്തിന് പിന്നിലും ബ്ലേഡ് സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നതായി സംശയമുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും ബാങ്കുകാരുടേയും വട്ടിപ്പലിശക്കാരുടേയും നിരന്തരശല്യം മൂലവും മറ്റൊരു വ്യാപാരികൂടി കഴിഞ്ഞ ദിവസം തൊടുപുഴയിൽ ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് രാജാക്കാട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു കർഷകൻ ആത്മഹത്യചെയ്തു.

ലോക്ക് ഡൗണിൽ ജോലിയും വരുമാനവും നഷ്ടമായി ജീവിതം വഴിമുട്ടിയവർക്കിടയിലേക്കാണ് സഹായഹസ്തവുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വട്ടിപ്പലിശക്കാരുമെത്തുന്നത്. അധികം താമസിയാതെ തന്നെ ഇവർ സാധുക്കളുടെ അന്തകരമായി മാറുന്നു. വായ്പയെടുത്തവരുടെ വീടുകളിൽ നേരിട്ടെത്തി സ്ഥാപന പ്രതിനിധികളെന്ന പേരിൽ ഭീഷണി മുഴക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. കളക്‌ഷൻ ഏജന്റുമാരായെത്തുന്നവർ ഭീഷണിയുടെ സ്വരം പുറത്തെടുക്കുമ്പോൾ ഭയന്ന് പണം കണ്ടെത്തി അടയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നയം ഇവർ സ്വീകരിക്കുന്നത്. മിക്ക പണമിടപാട് സ്ഥാപനങ്ങളിലും എല്ലാ മാസവും ആദ്യ ആഴ്ചയാണ് തവണകൾ അടയ്‌ക്കേണ്ടത്. എന്നാൽ തൊട്ടടുത്ത മാസത്തെ തവണ കൃത്യമായി അടയ്ക്കുന്നതിന് 20 മുതൽ ഉപഭോക്താക്കളുടെ മേൽ സമ്മർദ്ദം ആരംഭിക്കും. 25 മുതൽ പ്രതിനിധികൾ നേരിട്ട് വീട്ടിലെത്തുകയും കളക്‌ഷൻ എടുക്കുകയുമാണ് പതിവ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കളക്‌ഷനിൽ കുറവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഭീഷണി സ്വരവും കടുംപിടുത്തവും. സ്ത്രീകൾക്ക് മാത്രം വായ്പ നൽകുന്ന സ്ഥാപനങ്ങളും വ്യക്തികളും പ്രവർത്തിക്കുന്നുണ്ട്. പരസ്പര ജാമ്യ വ്യവസ്ഥയിൽ നൽകുന്ന വ്യായ്പകളുടെ തിരിച്ചടവ് മുടക്കം കൂടാതെ അടയ്ക്കാൻ സ്ത്രീകൾ മുൻപന്തിയിലാണെന്നാണ് ഇവർ പറയുന്നത്. പരസ്പര ജാമ്യമായതിനാൽ മുടങ്ങുന്നവരുടെ ഉത്തരവാദിത്തവും ഇവർക്ക് തന്നെയായിരിക്കും.

ഇടക്കാലത്ത് ഓപ്പറേഷൻ കുബേര ശക്തമായതോടെ ബ്ലേഡ് സംഘങ്ങളുടെ പ്രവർത്തനം കുറച്ചെങ്കിലും മന്ദീഭവിച്ചിരുന്നു. പിന്നീട് പൊലീസിന്റെ പരിശോധനകൾ നിലച്ചതോടെ വീണ്ടും പല മേഖലകളിലും ബ്ലേഡ് സംഘങ്ങൾ തലപൊക്കി. കൊവിഡ് കാലത്തിനു ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് ഇപ്പോൾ ബ്ലേഡ് സംഘങ്ങൾ പലയിടത്തും പിടിമുറുക്കിയിരിക്കുന്നത്.

വീട് വട്ടിപ്പലിശ

കേന്ദ്രമാക്കി

സ്വന്തം വീട്ടിൽ അനധികൃതമായി പണമിടപാട് കേന്ദ്രം നടത്തിയ വട്ടിപ്പലിശക്കാരൻ ഒരാഴ്ച മുമ്പ് തൊടുപുഴ പൊലീസിന്റെ പിടിയിലായിരുന്നു. തൊടുപുഴ മുതലക്കോടം പഴുക്കാകുളം കൊച്ചുപറമ്പിൽ ജോർജ് അഗസ്റ്റിനെയാണ് ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിൽ വീട്ടിൽ റെയ്ഡ് നടത്തി പിടികൂടിയത്. ജോർജ്ജിന്റെ സഹോദരന്മാരായ ടൈറ്റസ്, ബെന്നി എന്നിവരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. രണ്ടിടങ്ങളിൽ നിന്നുമായി അഞ്ചരലക്ഷത്തോളം രൂപ, നിരവധി ആധാരങ്ങൾ, വാഹനങ്ങളുടെ ആർ.സി ബുക്കുകൾ, താക്കോലുകൾ, പാസ്‌പോർട്ട്, ചെക്ക് ലീഫുകൾ, മാൻകൊമ്പിന്റെ ഭാഗം എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. സാധാരണക്കാരായ ജനങ്ങളിൽ നിന്ന് ആധാരത്തിന്റെ പകർപ്പുകളും ബാങ്ക് ചെക്കുകളും വാഹനത്തിന്റെ താക്കോലും വാങ്ങി അമിത പലിശയ്ക്ക് പണം കൊടുക്കുകയായിരുന്നു ഇയാളുടെ രീതി. ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. 45,000 രൂപ, തുകയെഴുതാതെ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ 49, ഒരു ചെക്ക്ബുക്ക്, 40 വാഹനങ്ങളുടെ ഒറിജിനൽ ആർ.സി ബുക്ക്, ഒരാളുടെ പാസ്‌പോർട്ട്, ഇടപാടുകാരുടെ വസ്തുക്കളുടെ 15 ഒറിജിനൽ ആധാരങ്ങൾ, ഒപ്പിട്ട 32 ബ്ലാങ്ക് മുദ്രപ്പത്രങ്ങൾ, 60 പ്രോമിസറി നോട്ട്, ഒരു വാഹന വില്‌പന ഉടമ്പടി, ഒരു പിസ്റ്റൾ, മാൻ കൊമ്പിന്റെ കഷ്ണം, ഇടപാടുകാരുടെ നാല് ഇരുചക്ര വാഹനങ്ങൾ, ഒരു കാർ, എന്നിവ പിടിച്ചെടുത്തു. ജോർജ് അഗസ്റ്റിന്റെ വീടിന് പിന്നിൽ നിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്. പിസ്റ്റൾ ബാലിസ്റ്റിക് വിദഗ്ദ്ധർക്ക് പരിശോധനയ്ക്കായി കൈമാറി. മ്ലാവിൻ കൊമ്പ് വനം വകുപ്പ് ഏറ്റെടുത്തു. പ്രതിയുടെ സഹോദരൻ ടൈറ്റസിന്റെ വീട്ടിൽ നിന്നാണ് കണക്കിൽപ്പെടാത്ത അഞ്ചുലക്ഷം രൂപ പിടിച്ചെടുത്തത്. പണമിടപാടുകൾ ഈ വീടുമായി ബന്ധപ്പെട്ടാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ഗതികേട്

മുതലാക്കുന്നവർ

ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ഈട് നൽകിയിരിക്കുന്ന വാഹന വായ്പകൾ, ഭൂമി ഈടു നൽകിയിരിക്കുന്ന ബാങ്ക് വായ്പകൾ എന്നിവയുടെ തിരിച്ചടവു മുടങ്ങുമ്പോഴും വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും മറ്റുമുള്ള ചെലവുകൾ ഏറി വരുമ്പോഴാണ് പലരും ബ്ലേഡ് സംഘങ്ങളെ ആശ്രയിക്കുന്നത്. ഇതിനു പുറമെ വ്യാപാരത്തിലും ഇടിവു വന്നതോടെ പലർക്കും പിടിച്ചു നിൽക്കാൻ മാർഗമില്ലാതായി. ഇതു മുതലെടുക്കുകയാണ് ബ്ലേഡ് മാഫിയയുടെ ലക്ഷ്യം. മുമ്പ് ബ്ലാങ്ക് ചെക്കുകൾ വാങ്ങി കള്ളക്കേസുകൾ സൃഷ്ടിച്ച് ഇടപാടുകാരിൽ നിന്ന് ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളുണ്ട്. വസ്തു ഈടായി വാങ്ങി വൻ തുക നൽകുന്നവരുമുണ്ട്. ഇതിനു കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. ഭീമമായ പലിശയ്ക്ക് പണം നൽകിയ ശേഷം മടക്കി ലഭിക്കാതെ വരുമ്പോൾ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലും കയറി മർദ്ദിക്കുന്ന സംഭവങ്ങൾ വരെ ഇടുക്കി ജില്ലയിലുണ്ടായിട്ടുണ്ട്. പലവിധ മാർഗങ്ങളിലൂടെയും പണം സമ്പാദിച്ചശേഷം ഭീമമായ പലിശയ്ക്ക് പണം നൽകുന്ന തരത്തിലുള്ള ബിസിനസാണ് ഇവർ വളർത്തിയെടുത്തത്. എന്തിനും തയ്യാറായി കൂടെയുള്ള സംഘങ്ങളെ ഉപയോഗിച്ചാണ് പണപ്പിരിവും മറ്റും നടത്തുന്നത്. പണം വാങ്ങിച്ചാൽ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ പതിന്മടങ്ങ് നൽകിയാലും കടം തീരാത്ത വിധത്തിലുള്ള തന്ത്രമാണ് മാഫിയകൾ തയ്യാറാക്കുന്നത്. കേസിന്റെയും മറ്റും നൂലാമാലകളിൽ പെടുമെന്നതിനാൽ നഷ്ടം സഹിച്ചും ഇടപാടുകാർ വീണ്ടും പലിശ ഇവർക്ക് നൽകികൊണ്ടിരിക്കും. വട്ടിപ്പലിശയിൽ കുടുങ്ങി കിടപ്പാടം നഷ്ടപ്പെട്ട് വാടക വീടുകളിൽ അന്തിയുറങ്ങുന്ന ഒട്ടേറെപ്പേരുണ്ട് ഇടുക്കി ജില്ലയിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLADE MAFIA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.