തിരുവനന്തപുരം: ഭരണത്തുടർച്ച എന്നത് തിരഞ്ഞെടുപ്പ് ജയത്തിൽ മാത്രമല്ലെന്നും ക്ഷേമ - വികസന പ്രവർത്തനങ്ങളുടെ തുടർച്ച കൂടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മുട്ടത്തറയിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായി 400 വീടുകൾ നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു.
ക്ഷേമപദ്ധതികളും വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ കല്പനപ്രകാരം എന്ന നിലയിലാണ് നടപ്പാക്കുന്നത്. ഇത് പുതിയ ഭരണസംസ്‌കാരമാണ്. പറഞ്ഞത് ചെയ്യുക, അതിനെന്തെങ്കിലും തടസമുണ്ടെങ്കിൽ നീക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. താത്‌കാലിക ആവശ്യങ്ങൾക്ക് വേണ്ടി ആളുകളെ പെട്ടെന്ന് കൂടെനിറുത്താൻ തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രീതി ഒരിക്കലും സ്വീകരിച്ചിട്ടില്ല.
വലിയ പ്രതിസന്ധികൾക്കിടെ നാട് തളരുകയല്ല, വളരുകയാണ് ചെയ്തത്. സംസ്ഥാനത്ത് സാമ്പത്തികമായി വിഷമകരമായ സാഹചര്യമുണ്ടെങ്കിലും അത് പ്രതിസന്ധിയല്ല. പ്രശ്നങ്ങൾ മാത്രമാണ്. അത് പരിഹരിക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുമെന്ന പ്രതീക്ഷയുണ്ട്.
'കൈകൾ കോർത്ത് കരുത്തോടെ' എന്ന പേരിലാണ് നൂറുദിന പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. കേരള ജനത ഒരുമിച്ചുനിൽക്കും എന്നതിന്റെ സുവ്യക്തമായ സന്ദേശമാണ് പേരിന് പിന്നിൽ. നാടിനെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും കരുത്തോടെ അതിജീവിക്കും എന്നതും പലപേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ചില ശക്തികൾ ശ്രമിക്കുമ്പോൾ അതിനെതിരെ കൈകൾ കോർത്ത് ഒറ്റക്കെട്ടായി അണുനിരക്കും എന്നതും പേരിൽ അടങ്ങിയിട്ടുണ്ട്. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
അർഹതപ്പെട്ടത്
നിഷേധിക്കുന്നു
നാടിന് അർഹതപ്പെട്ടത് നിഷേധിക്കുമ്പോൾ സ്വാഭാവികമായും ജനങ്ങളൊന്നായി അതിനെതിരെ ശബ്ദമുയർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അർഹിക്കുന്നത് ചോദിച്ചുവാങ്ങാനുള്ള ഈ ഒരുമിക്കൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. നാടിന് അർഹതപ്പെട്ടത് നിഷേധിക്കാനും നികുതി വിഹിതം മുടക്കാനും പ്രവാസികളുടെ സഹായം വിലക്കുന്ന സ്ഥിതിയുമുണ്ടായി. ഇത്തരം സ്ഥാപിത താത്‌പര്യങ്ങൾ വിജയിച്ചുകൂടാ. സാഹചര്യം എന്താണെന്നും ആര് സൃഷ്ടിച്ചതെന്നും എന്തിന് സൃഷ്ടിച്ചതെന്നും നോക്കാതെ ചിലർ നിലപാടെടുക്കുന്നു. അത് സംസ്ഥാനത്തെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. നിക്ഷിപ്തതാത്പര്യക്കാർ കല്പിക്കുന്നത് ചെയ്യാൻ തുടങ്ങിയാൽ കേരളം ഇരുട്ടിലായിപ്പോകും. വിവേചന ബുദ്ധിയോടെ ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |