തിരുവനന്തപുരം: റിസോർട്ട് ആരോപണവിവാദത്തിൽ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ നടത്തിയ വിശദീകരണത്തിലൂടെ ഉന്നമിട്ടത് സംസ്ഥാന നേതൃത്വത്തെയും കൂടിയാണെന്ന് സൂചന. ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ തനിക്കെതിരെ ആരോപണമുന്നയിച്ചത് സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ ഗൂഢാലോചനയുടെ കൂടി ഭാഗമായിട്ടാണോയെന്ന സംശയമാണ് ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുയർത്തുന്നത്.
തന്നെ വ്യക്തിഹത്യ നടത്താനും മോശക്കാരനാക്കി ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം സംസ്ഥാനകമ്മിറ്റിയിൽ പറഞ്ഞത് പി. ജയരാജനു പിന്നിൽ മറ്റാരെങ്കിലുമുണ്ടെന്ന സംശയം ധ്വനിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തൽ.
പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായതിലുള്ള നീരസം പ്രകടമാക്കിക്കൊണ്ടാണ് ഗോവിന്ദൻ ചുമതലയേറ്റ ശേഷം ഏറെക്കാലം ഇ.പി. ജയരാജൻ ആരോഗ്യകാരണങ്ങൾ പറഞ്ഞ് അവധിയെടുത്തു നിന്നത്. രാജ്ഭവനു മുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച ഉപരോധസമരത്തിൽ മുന്നണി കൺവീനറായ ഇ.പി. ജയരാജന്റെ അസാന്നിദ്ധ്യം വലിയ ചർച്ചയായിരുന്നു.
ഇ.പി. ജയരാജൻ അവധിയെടുത്ത് വിട്ടുനിന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ പി. ജയരാജൻ സാമ്പത്തിക കുറ്റാരോപണം ഉയർത്തിയത്. പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകാൻ സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദ്ദേശിച്ചതും മുഖ്യമന്ത്രി മൗനം പാലിച്ചതുമെല്ലാം ഇ.പി. ജയരാജന്റെ ഉള്ളിൽ സംശയത്തിന് വിത്തുപാകിയിരുന്നു. അതിനുശേഷം ഇ.പി. ജയരാജൻ തുടർച്ചയായി പാർട്ടിവേദികളിൽ സജീവമായി. ഡിസംബറിലെ യോഗത്തിനുശേഷം ചേർന്ന സംസ്ഥാനകമ്മിറ്റി യോഗമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എ.കെ.ജി സെന്ററിൽ ചേർന്നത്. ഈ യോഗത്തിൽ ഇ.പി. ജയരാജൻ തുറന്നടിച്ചപ്പോൾ പി. ജയരാജനുൾപ്പെടെ പ്രതികരിച്ചില്ല. രേഖാമൂലമുള്ള പരാതി പി. ജയരാജൻ നൽകാത്തതും, പ്രതിഷേധനിസ്സഹകരണം പ്രകടിപ്പിക്കുന്ന ഇ.പി. ജയരാജനെ വിരട്ടാനുള്ള തന്ത്രമാണോ നടന്നതെന്ന ചർച്ചയ്ക്ക് പാർട്ടിക്കുള്ളിൽ വഴിയൊരുക്കിയിരുന്നു.
ഇ.പി. ജയരാജൻ ഗൂഢാലോചന ആരോപണം കൂടി ഉയർത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയപരിശോധനയ്ക്ക് തീരുമാനിച്ചത്. കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രനേതൃത്വത്തിന്റെ കൂടി നിർദ്ദേശപ്രകാരമാകും സംസ്ഥാനത്ത് തുടർനീക്കങ്ങൾ.
അതേസമയം, പി. ജയരാജൻ ഉന്നയിച്ച ആരോപണം അതേപടി മാദ്ധ്യമങ്ങളിൽ ചോർന്നതിനെതിരെ കഴിഞ്ഞ ദിവസത്തെ സംസ്ഥാനകമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ രൂക്ഷമായി പ്രതികരിച്ചു. മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകുന്നതിനെതിരെ കർശനനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും സെക്രട്ടറി നൽകിയതായാണ് വിവരം.
സംസ്ഥാനസെക്രട്ടേറിയറ്റിന് തീരുമാനം വിട്ടെങ്കിലും തൽക്കാലം വിഷയത്തിൽ ചർച്ച വേണ്ടെന്ന നിലപാടിലാണ് സി.പി.എം. ഈ മാസം 20ന് എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ കാസർകോട്ടു നിന്ന് സംസ്ഥാനജാഥ തുടങ്ങാനിരിക്കെ, ഇതുപോലുള്ള വിവാദവിഷയങ്ങളിൽ ചർച്ചകളെ തളച്ചിടാതിരിക്കാനുള്ള ജാഗ്രത വേണമെന്നാണ് സി.പി.എം നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |