വടക്കഞ്ചേരി: മലയോര മേഖലയിലെ വന്യമൃഗ ശല്യത്തിന് നിസാര ചിലവിൽ സൂത്രവിദ്യയുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ദമ്പതിമാർ വടക്കഞ്ചേരിയിൽ. ചെറിയ പി.വി.സി പൈപ്പിൽ ഗ്യാസ് ലൈറ്റർ ഘടിപ്പിച്ചു പൈപ്പിലെ ചെറിയ ദ്വാരത്തിൽ ഗോട്ടിക വലിപ്പത്തിലുള്ള കാർബൺ കഷ്ണം വെള്ളത്തിൽ കുതിർത്തിട്ട് ലൈറ്ററിന്റെ ബട്ടൺ ഞെക്കിയാൽ ഗുണ്ട് പൊട്ടുന്ന ശബ്ദം ഉണ്ടാവും.
ആന മുതൽ കുരങ്ങ്, മലയണ്ണാൻ,പന്നി, മയിൽ എന്നിങ്ങനെ കർഷകരെ ദ്രോഹിക്കുന്ന എല്ലാ ശല്യക്കാരെയും തുരത്താൻ ഈ ചെറിയ 'സൂത്ര തോക്ക് ' മതിയെന്ന് ഇവർ അവകാശപ്പെടുന്നു.
മഹാരാഷ്ട്രയിൽ നിന്നുള്ള ഉദ്ധവ്, ഭാര്യ രേഷു എന്നിവരാണ് വടക്കഞ്ചേരി മന്ദം ജംഗ്ഷനിൽ സൂത്ര തോക്കുമായെത്തിയത്. പരീക്ഷണ പൊട്ടിക്കൽ ശബ്ദം കേട്ട് പെട്ടന്ന് തന്നെ ആളുകൾ കൂടി. ഒരെണ്ണത്തിന് 200 രൂപയാണ് വില. കാട്ടുമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ മലയോര മേഖലയിലെ കർഷകർ പലരും ഉപയോഗക്രമം മനസിലാക്കി ഇത് വാങ്ങിക്കാൻ തിരക്കുകൂട്ടി.
പത്തിഞ്ചു വ്യാസമുള്ള ഒരടി നീളമുള്ള പി.വി.സി പൈപ്പിന്റെ അറ്റത്ത് അഞ്ചിഞ്ച് വ്യാസത്തിലുള്ള ചെറിയ പി.വി.സി പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. വലിയ പൈപ്പിന്റെ നടുവിലായുള്ള ചെറിയ ദ്വാരത്തിൽ വെള്ളം തളിച്ച കാർബൺ കഷ്ണം ഇട്ട് മൂടിയ ശേഷം പൈപ്പിന്റെ അറ്റത്തുള്ള ഗ്യാസ് ലൈറ്റർ അമർത്തുക എന്ന ചെറിയ പ്രവർത്തനം മാത്രമാണുള്ളത്. ഓല പടക്കത്തേക്കാൾ വ്യത്യസ്തമായ ശബ്ദമാണ്. എന്നാൽ കാതടപ്പിക്കുന്ന ഗുണ്ടിന്റെ മുഴക്കവും. പടക്കം വാങ്ങി പണം കളയുന്നതിനേക്കാൾ മെച്ചമാണെന്നാണ് കർഷകരും പറയുന്നത്. നാല് തേങ്ങ കുരങ്ങിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞാൽ സൂത്രതോക്ക് മുതലായി എന്നും ഒരു കർഷകൻ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |