ന്യൂഡൽഹി: അയോദ്ധ്യ കേസിലെ ചരിത്ര വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അംഗം റിട്ട. ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അടക്കം ആറു പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാൻഡ്, മേഘാലയ അടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിക്കുകയും ചെയ്‌തു. മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, ലഡാക് ലെഫ്റ്റനന്റ് ഗവർണർ രാധാകൃഷ്‌ണൻ മാഥുർ എന്നിവർ രാജിവച്ചു.
ആന്ധ്ര ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഢ് ഗവർണറായി നിയമിച്ചു. ഛത്തീസ്ഗഡിൽ നിന്ന് അനസൂയ യുക്യയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂർ ഗവർണർ ലാ ഗണേശനെ നാഗാലാൻഡിൽ നിയമിച്ചു. ബീഹാർ ഗവർണർ ഫാഗു ചൗഹാനാണ് പുതിയ മേഘാലയ ഗവർണർ. പകരം ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ബീഹാറിൽ നിയമനം നൽകി. മഹാരാഷ്‌ട്രയിൽ ജാർഖണ്ഡ് ഗവർണർ രമേഷ് ബെയ്‌സിനെയും അരുണാചൽ ഗവർണർ റിട്ട. ബ്രിഗേഡിയർ ബി.ഡി മിശ്രയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർറായും നിയമിച്ചു.
റിട്ട.ജസ്റ്റിസ് എസ്. അബ്ദുൾ നസീർ മുത്തലാഖ് വിഷയത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിനൊപ്പം ന്യൂനപക്ഷ വിധി പുറപ്പെടുവിച്ചിരുന്നു. ജമ്മുകാശ്‌മീരിലെ ഉധംപൂർ ആസ്ഥാനമായ നോർത്തേൺ കമാൻഡിന്റെ മുൻ മേധാവിയാണ് പുതിയ അരുണാചൽ ഗവർണർ കൈവല്യ ത്രിവിക്രം പർനായിക്ക്. ഇവരൊഴികെയുള്ള പുതിയ ഗവർണർമാർ ബി.ജെ.പിയിൽ നിന്നാണ്.
രാജസ്ഥാനിലെ പ്രതിപക്ഷ നേതാവാണ് അസമിൽ നിയമിതനായ ഗുലാബ് ചന്ദ് കഠാരിയ. ജാർഖണ്ഡ് ഗവർണറായ സി.പി. രാധാകൃഷ്‌ണൻ തമിഴ്നാട് മുൻ ബി.ജെ.പി അദ്ധ്യക്ഷനും രണ്ടു തവണ കോയമ്പത്തൂർ എം.പിയും മുൻ കേരള പ്രഭാരിയുമാണ്. ഹിമാചൽ ഗവർണർ ശിവ് പ്രതാപ് ശുക്‌ള, യു.പിയിൽ നിന്നുള്ള രാജ്യസഭാ എം.പിയും സിക്കിം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ പട്ടികവർഗക്കാരനായ ബി.ജെ.പി നേതാവുമാണ്.
പുതിയ ഗവർണർമാർ
ജസ്റ്റിസ് (റിട്ട) എസ്. അബ്ദുൾ നസീർ -ആന്ധ്രപ്രദേശ്
റിട്ട. ലെഫ്റ്റ. ജനറൽ കൈവല്യ ത്രിവിക്രം പർനായിക്ക് - അരുണാചൽ പ്രദേശ്
ലക്ഷ്‌മൺ പ്രസാദ് ആചാര്യ - സിക്കിം
സി.പി രാധാകൃഷ്ണൻ -ജാർഖണ്ഡ്
ശിവപ്രതാപ് ശുക്ല -ഹിമാചൽ പ്രദേശ്
ഗുലാബ് ചന്ദ് കതാരിയ - അസം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |