
അമേരിക്കൻ ഓഹരികൾ മൂക്കുകുത്തി, ഇന്ത്യയിൽ കുതിപ്പ്
കൊച്ചി: അമേരിക്കയിലെയും യൂറോപ്പിലെയും ഓഹരികൾ കനത്ത തകർച്ച നേരിടുമ്പോഴും ഇന്ത്യയിൽ വിപണി മുന്നേറ്റം തുടരുന്നു. കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിൽ ഒരു ദിവസം മാത്രമാണ് രാജ്യത്തെ ഓഹരികൾ നഷ്‌ടം നേരിട്ടത്. അതേസമയം അമേരിക്കൻ സൂചികകൾ ഈ കാലയളവിൽ ഒരു ദിവസം മാത്രമാണ് ലാഭത്തിലായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) രംഗത്തെ ആശങ്കകളാണ് ആഗോള വിപണികളെ ആശങ്കയിലാക്കിയത്. എൻവിഡി അടക്കമുള്ള വൻകിട കമ്പനികളുടെയെല്ലാം ഓഹരികൾ കനത്ത വിൽപ്പന സമ്മർദ്ദത്തിലാണ്. ക്രിപ്‌റ്റോ വിപണിയും കനത്ത തകർച്ച നേരിട്ടു.
ഇന്ത്യയും അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നടപ്പാകാൻ സാദ്ധ്യതയേറിയതാണ് ഇന്നലെ രാജ്യത്തെ ഓഹരി വിപണിക്ക് ആവേശമായത്. ഇരു രാജ്യങ്ങളുമായി വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഇന്നലെ സൂചന നൽകിയിരുന്നു. സെൻസെക്‌സ് ഇന്നലെ 513 പോയിന്റ് ഉയർന്ന് 85,186.47ൽ അവസാനിച്ചു. നിഫ്‌റ്റി 143 പോയിന്റ് നേട്ടത്തോടെ 26,052.65ൽ എത്തി.
ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ ഉയർന്ന് 475.6 ലക്ഷം കോടി രൂപയിലെത്തി.
ഇന്ത്യയുടെ അനുകൂല ഘടകങ്ങൾ
1. ടെക്നോളജി കമ്പനികളുടെ വിപണി സ്വാധീനം കുറവായതിനാൽ ഇന്ത്യയെ എ.ഐ പ്രതിസന്ധി ബാധിക്കില്ല
2. ഇന്ത്യൻ ഓഹരി വിപണി ഒരു വർഷത്തിനിടെ കാര്യമായ നേട്ടമുണ്ടാക്കാത്തതിനാൽ വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു
3. ആഭ്യന്തര നിക്ഷേപകർ എസ്.ഐ.പിയിലൂടെ പണമൊഴുക്കുന്നതിനാൽ വിദേശ സാഹചര്യങ്ങൾ ഇന്ത്യയെ ബാധിക്കുന്നില്ല
4. അമേരിക്കയുമായുള്ള വ്യാപാര കരാർ ഒപ്പുവക്കുന്നതോടെ ഇന്ത്യൻ കമ്പനികളുടെ വളർച്ചാ ശേഷി ഗണ്യമായി ഉയരും
രൂപയ്ക്കും നേട്ടം
ഇന്തോ - യു. എസ് വ്യാപാര കരാർ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ ഇന്ത്യൻ രൂപയ്ക്കും കരുത്ത് പകർന്നു. ഇന്നലെ ഡോളറിനെതിരെ രൂപ രണ്ട് പൈസ നേട്ടത്തോടെ 88.58ൽ അവസാനിച്ചു. കരാർ ഒപ്പുവയ്ക്കുന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 85 വരെ ഉയർന്നേക്കുമെന്ന് ആഗോള ഏജൻസികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |