കല്ലമ്പലം: പുതുശേരിമുക്ക് തലവിളയിൽ ബൈക്ക് അഭ്യാസം നടത്തി വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ബൈക്കോടിച്ച മടവൂർ ഞാറയിൽകോണം ചാന്നാരുകോണം എൻ.എഫ്.റോസ് വില്ലയിൽ എൻ.എസ്. നൗഫലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചികിത്സയ്ക്കുശേഷം ഇയാൾക്കെതിരെ തുടർനടപടി സ്വീകരിക്കും. ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചു. ബൈക്ക് അഭ്യാസം നടത്തിയതിന് മുമ്പ് 7 തവണ ഇയാൾക്കെതിരെ പിഴയിട്ടിട്ടും യുവാവ് അഭ്യാസം തുടരുന്നതുകൊണ്ടാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞ 9നാണ് വിദ്യാർത്ഥിനികൾ കടന്നുപോയ റോഡിലൂടെ ബൈക്കിൽ അമിത വേഗത്തിലെത്തിയ നൗഫൽ വാഹനത്തിന്റെ മുൻഭാഗം ഉയർത്തി അഭ്യാസം കാണിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് വഴിയാത്രക്കാരിയായ പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിക്ക് സാരമായി പരിക്കേറ്റു. വീഴ്‌ചയിൽ നൗഫലിന്റെ തോളെല്ലിനും പരിക്കുണ്ട്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് അന്വേഷിച്ചെങ്കിലും പെൺകുട്ടിക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിരുന്നില്ല. എന്നാൽ മോട്ടർ വാഹനവകുപ്പ് നൗഫലിനെക്കുറിച്ച് അന്വേഷണം നടത്തി നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |