വിതുര: ജില്ലയിൽ ടൂറിസം വികസനം ഫലപ്രദമാക്കുന്നതിനായി സംസ്ഥാനസർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ടൂറിസം ഇടനാഴി പദ്ധതി യാഥാർത്ഥ്യമായാൽ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അത് പുത്തൻ ഉണർവേകും. നെടുമങ്ങാട് താലൂക്കിലെ പത്തോളം വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ടൂറിസം ഇടനാഴി പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ സഞ്ചാരികളെ ആകർഷിച്ച് ടൂറിസം വരുമാനം ഉയർത്തുകയാണ് ലക്ഷ്യം. വിനോദസഞ്ചാരികളുടെ പറുദീസകളായ മലയോരത്തെ മിക്ക ടൂറിസംകേന്ദ്രങ്ങളും അവഗണനയുടെ നടുവിലാണ്. വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് പൊൻമുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നത്. സാധാരണ ടൂറിസംമേഖലകൾക്കായി ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളിൽ മിക്കതും കടലാസിലുറങ്ങുകയാണ് പതിവ്. വർഷങ്ങൾ കഴിയുംതോറും മലയോരമേഖലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്. എന്നാൽ മിക്ക ടൂറിസംകേന്ദ്രങ്ങളിലും സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള ക്രമീകരണങ്ങളൊന്നും ഒരുക്കാറില്ലെന്നുള്ളതാണ് വസ്തുത. ടൂറിസം ഇടനാഴിക്കായി ആദ്യഘട്ടത്തിൽ 50 കോടിരൂപയാണ് സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
പരിസ്ഥിതിക്ക് കോട്ടംതട്ടാതെ നിലവിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളെ വികസിപ്പിക്കുയും ഇതിലൂടെ തൊഴിലവസരം സൃഷ്ടിച്ച് അനവധി പേർക്ക് തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ആദിവാസിമേഖലകളിലും വികസനം സാദ്ധ്യമാക്കും. ടൂറിസ്റ്റുകളുടെ വരവ് വർദ്ധിപ്പിച്ച് വ്യാപാരവ്യവസായ മേഖലകളെയും ഉണർത്തും. കൊവിഡ് വ്യാപനത്തിന് മുൻപ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചുപൂട്ടിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ പിന്നീട് തുറന്നപ്പോൾ വേണ്ടത്ര സഞ്ചാരികൾ എത്തിയിരുന്നില്ല. ചൂടിന്റെ കാഠിന്യം വർദ്ധിച്ചിട്ടും വിനോദസഞ്ചാരമേഖലകൾ ഇനിയും ഉണർന്നിട്ടില്ല. സാധാരണ വേനൽ കടുക്കുമ്പോൾ പൊൻമുടി ഉൾപ്പെടെയുള്ള ജില്ലയിലെ വിനേദസഞ്ചാരകേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളാൽ നിറയും. എന്നാൽ സ്ഥിതി ഇപ്പോൾ മറിച്ചാണ്. എന്നാൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി യാതൊരുപദ്ധതികളും നടപ്പിലാക്കാറുമില്ല.
സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും ലഭിക്കാറില്ല. മിക്കപ്പോഴും ടൂറിസം വികസനത്തിനായി ഉയരുന്ന മുറവിളികൾ വനരോദനമായി അവശേഷിക്കുകയാണ് പതിവ്. എന്നാൽ പുതുതായി പ്രഖ്യാപിച്ച ടൂറിസം ഇടനാഴി പദ്ധതി യാഥാർത്ഥ്യമായാൽ മലയോരമേഖലയിലെ ടൂറിസം വികസന സ്വപ്നങ്ങൾ പച്ചപിടിക്കും. പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 50 കോടി വിനിയോഗിച്ച് പ്രാരംഭപ്രവർത്തനങ്ങൾ നടപ്പിലാക്കും. കൂടുതൽ തുക പിന്നീട് അനുവദിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |