മൂന്ന് വനിതാ നേതാക്കൾക്ക് പരിക്ക് 30 പേർക്കെതിരെ കേസ്
ആലപ്പുഴ : വിലക്കയറ്റത്തിനും സംസ്ഥാന ബഡ്ജറ്റിനുമെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് അക്രമാസക്തമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളായ മൂന്ന് വനിതകൾക്ക് പരിക്കേറ്റു. 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസും സമരക്കാരും തമ്മിലുള്ള പോർവിളിയും സംഘർഷവും ഒരുമണിക്കൂർ നീണ്ടു. പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിതാബാബു, സംസ്ഥാന നിർവാഹക സമിതിയംഗം മീനു സജീവ്, ഗൗരി പാർവതി എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗരിപാർവതിക്ക് കൈവെള്ളയിൽ മൂന്ന് തുന്നലുണ്ട്. റോഡിലൂടെ വലിച്ചതിനെ തുടർന്ന് ഹരിതയുടെ കാലിന് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, ജില്ലാ സെക്രട്ടറി ജസ്റ്റിൻ മാളിയേക്കൽ, അമ്പലപ്പുഴ നിയമസഭ മണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ, സെക്രട്ടറി തൻസിൽ, കുസാറ്റ് സെനറ്റംഗം അബാദ് ലുപ്‌സി എന്നിവർക്കെതിരേ പൊതുസ്വത്ത് നശിപ്പിച്ച കുറ്റത്തിന് കേസെടുത്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
രാവിലെ 11ന് ടൗൺഹാൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്‌ത് മടങ്ങിയതോടെ സമരക്കാർ മുദ്രവാക്യം വിളിയുമായി രംഗത്ത് എത്തി. ഇതിനിടെ ചില പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് കളക്ടറേറ്റ് വളപ്പിൽ കയറി. ഇതോടെ പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഓടിപ്പോയ പ്രവർത്തകരെ പൊലീസ് പിൻതുടർന്ന് പടികൂടി. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ റോഡിലിട്ട് വലിച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |