കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നിന്ന് കഴിഞ്ഞ ഡിസംബർ 31വരെ വിരമിച്ചവരിൽ ആനുകൂല്യം ലഭിക്കാനുള്ള 978 പേർക്കും ഒരുലക്ഷം രൂപാവീതം 45 ദിവസത്തിനകം നൽകാൻ ഹൈക്കോടതി ഉത്തരവ്. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുള്ള പ്രത്യേക കോർപ്പസ് ഫണ്ട് ഏപ്രിലിൽ പുന:സ്ഥാപിക്കണം. തുടർന്ന് മുൻഗണനാക്രമത്തിൽ ബാക്കിത്തുക കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
മക്കളുടെ വിവാഹം, കുടുംബാംഗങ്ങളുടെ ചികിത്സ, വീട് ജപ്തി തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നവർ എം.ഡിക്ക് നൽകുന്ന അപേക്ഷ പരിശോധിച്ച് രണ്ടാഴ്‌ചയ്ക്കുള്ളിൽ പണം നൽകണം. പെൻഷൻ ആനുകൂല്യങ്ങൾ നാലുമാസത്തിനകം നൽകണമെന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജികൾ തീർപ്പാക്കിയാണ് നിർദ്ദേശം. നടപടി റിപ്പോർട്ടിനായി മാർച്ച് 31ന് വീണ്ടും പരിഗണിക്കും.
വസ്തു വിറ്റാണെങ്കിലും
വായ്പ തീർക്കണം
കോടതി നിർദ്ദേശം ഉണ്ടായിട്ടും കോർപ്പസ് ഫണ്ട്
നിറുത്തലാക്കിയത് വെല്ലുവിളിയും അനീതിയും
ദിവസ കളക്ഷന്റെ 10% ട്രഷറിയിൽ നിക്ഷേപിച്ചാണ്
ഫണ്ട് രൂപീകരിക്കേണ്ടത്
പെൻഷൻ ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നത്
മനുഷ്യാവകാശ ലംഘനം
പ്രതിമാസ വരുമാനം ശരാശരി 206 കോടിയായിട്ടും
പണം നൽകാനില്ലാത്ത അവസ്ഥ
3,100 കോടിയുടെ വായ്പാ ബാദ്ധ്യതയ്ക്ക് പ്രതിദിനം
ഒരുകോടി തിരിച്ചടവിനായി നൽകുന്നുണ്ട്
വസ്തുവകകൾ വിറ്റാണെങ്കിലും വായ്പ തീർക്കാനുള്ള
മാർഗം നോക്കണം
ശമ്പളം രണ്ടു ഗഡുക്കളായി
തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക സഹായം തുടർച്ചയായി വൈകുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം രണ്ടു ഗഡുക്കളായി നൽകാൻ തീരുമാനം. അഞ്ചാം തീയതി കൈവശമുള്ള തുകയും ബാങ്കിൽ നിന്ന് ഓവർഡ്രാഫ്ടുമെടുത്ത് ആദ്യഗഡു നൽകും. സർക്കാർ സഹായം കിട്ടുന്നതിന്റെ അടുത്ത ദിവസം രണ്ടാം ഗഡുവും. സർക്കാർ സഹായം ലഭിച്ചശേഷം മുഴുവൻ ശമ്പളവും ഒരുമിച്ച് മതി എന്നുള്ളവർ സമ്മതപത്രം നൽകണം.
ബുധനാഴ്ച നടത്തിയ ചർച്ചയിൽ തൊഴിലാളി സംഘടനകൾ എതിർത്തെങ്കിലും സി.എം.ഡി ബിജു പ്രഭാകർ ഉത്തരവിറക്കി. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. 27ന് നിയമസഭ വീണ്ടും ചേരുമ്പോൾ ധനാഭ്യർത്ഥന പാസാക്കിയാൽ മാത്രമേ ജനുവരിയിലെ സർക്കാർ ധനസഹായം പൂർണ്ണമായും ലഭിക്കൂ. 14 ദിവസം മിച്ചംപിടിച്ചതും ഓവർ ഡ്രാഫ്ടും മറ്റ് സ്രോതസുകളിൽ നിന്ന് സംഘടിപ്പിച്ച തുകയും ചേർത്താണ് ജനുവരിയിലെ ശമ്പളം നൽകിയതെന്നും ഉത്തരവിലുണ്ട്. അതേസമയം സർക്കാർ സഹായം യഥാസമയം ലഭിച്ചില്ലെങ്കിൽ ഫെബ്രുവരിയിലെ ശമ്പള വിതരണവും പ്രതിസന്ധിയിലാകും. ഈമാസം 28 ദിവസം മാത്രമുള്ളതിനാൽ കളക്ഷനിൽ 14 കോടിയുടെ കുറവുണ്ടാകും. ശമ്പളം ഗഡുക്കളാക്കുന്നതിനെതിരെ എം.ഡിക്കെതിരെ സി.ഐ.ടി.യു യൂണിയൻ ബസുകളിൽ പോസ്റ്ററുകൾ പതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |