തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സിപിഎം. തൃശൂർ നഗരത്തിൽ മാത്രമല്ല, ബിജെപിക്ക് സ്വാധീനമുള്ള മറ്റിടങ്ങളിലും കള്ളവോട്ട് നടന്നെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞത്. ബിജെപി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപി നേതാവിന്റെ വീട്ടിൽ ചേർത്തത് 17 വോട്ടുകളാണെന്നും അദ്ദേഹം ആരോപിച്ചു.
വീട്ടുനമ്പർ ഇല്ലാതെയാണ് ഈ വോട്ടുകൾ ചേർത്തതെന്നും നാട്ടിക നിയോജകമണ്ഡലത്തിലെ 69-ാം നമ്പർ ബൂത്തിലാണ് ഇവർ വോട്ട് ചെയ്തതെന്നും സിപിഎം വ്യക്തമാക്കി. സിവി അനിൽകുമാർ, ഭാര്യ, മകൻ എന്നിവരും ഈ വിലാസത്തിൽ ഉണ്ട്. നാട്ടുകാരല്ലാത്ത 79 പേരെയാണ് നാട്ടിക ബൂത്ത് 69 ൽ ചേർത്തതെന്നും സിപിഎം ആരോപിച്ചു. ഇവരെല്ലാം വോട്ടു ചെയ്തിട്ടുണ്ടെന്നും സിപിഎം പറയുന്നു.
അതേസമയം, ഇന്നലെ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി ആരോപണങ്ങളോട് മൗനം പാലിച്ചത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരിക്കുകയാണ്. വോട്ടർപ്പട്ടിക വിഷയത്തിൽ ഒരു ശതമാനംപോലും സുരേഷ്ഗോപി മറുപടി പറയേണ്ട കാര്യമില്ലെന്നാണ് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത് പാർട്ടിയാണ്. സുരേഷ്ഗോപി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥി മാത്രമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തേക്കിൻകാട് വന്ന സമയത്ത് തൃശൂരിൽ സുരേഷ്ഗോപി മത്സരിക്കുമെന്ന് ബിജെപി നിശ്ചയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ സുരേഷ്ഗോപിയും കുടുംബവും ഡ്രൈവറും സഹപ്രവർത്തകരും വീട് വാടകയ്‌ക്കെടുത്ത് ഇവിടെത്തന്നെയായിരുന്നു ക്യാമ്പ് ചെയ്തിരുന്നത്.
പാർട്ടി 60,000 വോട്ട് അനധികൃതമായി ചേർത്തു എന്ന ആരോപണത്തിന് നിങ്ങൾ എന്ത് കണ്ട് ഇരിക്കുകയായിരുന്നു എന്നാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതാക്കന്മാരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ പോയി തൂങ്ങിച്ചാകുന്നതാണ് നല്ലത്. കന്യാസ്ത്രീകളുടെയും വൈദികരുടെയും വിഷയത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാണ് കാര്യങ്ങൾ ചെയ്യുന്നത്. സുരേഷ്ഗോപിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |