SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.24 AM IST

ആലുവയിൽ 100 -ാമത് സർവമത സമ്മേളനം ശ്രീനാരായണ ഗുരുവിന്റെ അദ്വൈത ദർശനം തീവ്രവാദിയെയും മനുഷ്യനാക്കും: സ്വാമി സച്ചിദാനന്ദ

sndp

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ അദ്വൈതദർശനം ജനഹൃദയങ്ങളിലെത്തിയാൽ തീവ്രവാദത്തിലേക്ക് പോകുന്നവരെപ്പോലും മനുഷ്യരാക്കി തിരികെ കൊണ്ടുവരാനാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ആലുവ അദ്വൈതാശ്രമത്തിൽ നൂറാമത് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

ഗുരുദേവസന്ദേശം ഹൃദയത്തിലേറ്റിയാൽ വിശ്വപൗരന്മാരാവാം. സർവമത സമ്മേളനത്തിൽ സ്വാമി സത്യവ്രതൻ വായിച്ച സ്വാഗതപ്രസംഗത്തിന്റെ ഉള്ളടക്കം ഗുരു ദർശനമായിരുന്നു. ചിക്കാഗോയിലെ ആദ്യ സർവമത സമ്മേളനത്തിന്റെ ലക്ഷ്യം അദ്വൈത ദർശനമായിരുന്നില്ല. മതത്തിന് അതീതമായി മനുഷ്യനന്മ ലക്ഷ്യമാക്കി ആലുവയിൽ ഗുരുദേവൻ സംഘടിപ്പിച്ചതാണ് യഥാർത്ഥത്തിൽ ലോകത്തെ ആദ്യ സർവമത സമ്മേളനമെന്നും സ്വാമി പറഞ്ഞു.

കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച ദാർശനികനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ഡോ. കുര്യാക്കോസ് മോർ തിയോഫിലോസ് പറഞ്ഞു. മതങ്ങളുടെ അന്തഃസത്ത ഒന്നാണെന്ന് നൂറ്റാണ്ടു മുമ്പേ പറഞ്ഞ ഋഷിവര്യനാണ് ഗുരു.

ശ്രീനാരായണ ഗുരുദേവൻ പ്രവാചകനെ വിശേഷിപ്പിച്ച പോലെ ആരും ഇത്ര ലളിതമായി അവതരിപ്പിച്ചിട്ടില്ലെന്ന് മുസ്തഫ മൗലവി പറഞ്ഞു. എല്ലാറ്റിനേയും ഉൾക്കൊള്ളാനുള്ള മനസാണ് ഗുരുദേവന് ഉണ്ടായിരുന്നത്.

ടി.ആർ. സോമശേഖരൻ, സ്വാമി ആത്മദാസ് യമി, പ്രൊഫ. വിനോദ്കുമാർ, പ്രകാശ് പണ്ഡിറ്റ്, അഡ്വ. ടി.ആർ. രാമനാഥൻ എന്നിവർ സംസാരിച്ചു.

എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം വി.ഡി. രാജൻ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി.പ്രേമചന്ദ്രൻ, കൗൺസിലർ കെ. ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ആശ്രമത്തിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സോമകുമാർ (പ്യാരി സോപ്പ്), പി.പി. സുരേഷ് (ട്രാവൻകൂർ അമോണിയ) എന്നിവരെ സ്വാമി സച്ചിദാനന്ദ ആദരിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതവും നാരായണ ഋഷി നന്ദിയും പറഞ്ഞു.

വിശ്വമാനവികതയുടെ മഹാസന്ദേശം:

സ്വാമി ശുഭാംഗാനന്ദ

ഗുരുദേവൻ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയും സർവമത സമ്മേളനവും ലോകത്തിനു നൽകുന്നത് വിശ്വമാനവികതയുടെ മഹാസന്ദേശമാണെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ മതങ്ങളും എല്ലാവരും സമബുദ്ധിയോടും സമഭക്തിയോടും പഠിച്ചറിയണമെന്ന് ഗുരു പറയുന്നത് പല മതസാരവും ഏകമാണെന്ന ബോദ്ധ്യം എല്ലാവരിലും ഉറയ്‌ക്കാനാണ്. അപ്പോൾ മതപ്പോരുകൾ അവസാനിക്കും. മനുഷ്യരെ വാർത്തെടുക്കുന്ന സർവകലാശാലകൾ ലോകത്തില്ല. ആ കുറവ് പരിഹരിക്കാനുള്ള വലിയ സാദ്ധ്യതയാണ് മതമഹാപാഠശാല എന്ന ഗുരുസങ്കല്പം നമുക്ക് നൽകുന്നതെന്നും സ്വാമി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADWAITHASRAMAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.