ന്യൂ ഡൽഹി : മെഡിക്കൽ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി.
വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കാണ് കേന്ദ്ര സർക്കാർ കടന്നു
കയറുന്നതെന്നാണ് .തമിഴ്നാടിന്റെ ആരോപണം. മെഡിക്കൽ യു.ജി, പി.ജി കോഴ്സുകളിലേക്കുളള പ്രവേശനത്തിന് പൊതുപരീക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട 2019ലെ ദേശീയ മെഡിക്കൽ കമ്മീഷൻ നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്‌ക്കുളള അവകാശമാണ് നീറ്റിലൂടെ നിഷേധിക്കുന്നത്. സർക്കാർ സീറ്റുകളിലെ പ്രവേശനത്തിന് സംസ്ഥാന സർക്കാരിനുണ്ടായിരുന്ന അധികാരം എടുത്തു കളഞ്ഞു.ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ സീറ്റുകൾ അപ്രാപ്യമാകുന്ന സാഹചര്യമുണ്ടായി. പ്രത്യേക പരിശീലന ക്ലാസുകളിൽ പോയി പഠിക്കാൻ സാമ്പത്തിക സ്ഥിതിയില്ലാത്ത വിദ്യാർത്ഥികളാണ് ബുദ്ധിമുട്ടിലായത്. സ്റ്റേറ്റ് ബോർഡ് പരീക്ഷയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വച്ചാലും ഈ കുട്ടികൾക്ക് മെഡിക്കൽ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണെന്നും തമിഴ്നാട് വ്യക്തമാക്കി.
സർക്കാർ മെഡിക്കൽ കോളേജുകളെ നീറ്റ് പരിധിയിൽ നിന്ന് ഒഴിവാക്കുന്ന ബിൽ 2021ൽ തമിഴ്നാട് നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചിരുന്നു.,ബിൽ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ അയച്ചെങ്കിലും, രാഷ്‌ട്രപതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |