പത്തനംതിട്ട : നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായാണ് വിദ്യാർത്ഥി പരീക്ഷയ്‌ക്കെത്തിയത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വി.എച്ച്.എസ്.എസ് പരീക്ൽാ സെന്ററിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലാണ് വ്യാജഹാൾ ടിക്കറ്റ് ചമച്ചത്. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റർ അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസെത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.
ഹാൾ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് നിലവിൽ കസ്റ്റഡിയിലുള്ള വിദ്യാർത്ഥിയുടെ പേര് തന്നെയായിരുന്നു. എന്നാൽ, ഇതിലെ ഡിക്ലറേഷന്റെ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരായിരുന്നു എന്നതാണ് സംശയത്തിലേക്ക് നയിച്ചത്. അച്ചടിപ്പിശക് ആണെന്ന സംശയത്തിൽ വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. തുടർന്ന്, ഈ വിവരം തിരുവനന്തപുരം ഓഫീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ, ഡിക്ലറേഷന്റെ ഭാഗത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള പേരിൽ ഒരു വിദ്യാർത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആരോപണവിധേയനായ വിദ്യാർത്ഥിയെപരീക്ഷ എഴുതുന്നതിൽ നിന്ന് തടഞ്ഞത്. പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെ ചോദ്യം ചെയ്തുവരികയാണ്.
ചോദ്യം ചെയ്യലിൽ നിർണായക വിവരം പുറത്തുവന്നതായാണ് റിപ്പോർട്ട്. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയത് എന്നാണ് വിദ്യാർത്ഥി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അക്ഷയ സെന്റർ ജീവനക്കാരിയെ ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |