SignIn
Kerala Kaumudi Online
Saturday, 21 September 2024 2.50 AM IST

കാലത്തെ കടത്തിവെട്ടുമോ ചാറ്റ് ജി.പി.ടി ?

Increase Font Size Decrease Font Size Print Page

photo

ഗവേഷണ വാർത്താ തലക്കെട്ടുകളായി മാത്രം ചുരുങ്ങിയിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ആശയം ഇപ്പോൾ വമ്പൻ സാങ്കേതിക വിപ്ലവങ്ങളുടെ ദത്തെടുക്കൽ നിരക്കിനെ തോല്‌പിച്ചിരിക്കുന്നു. മൊബൈൽ ഫോണുകൾ 10 കോടി ആളുകളുടെ പോക്കറ്റിലെത്താൻ 16 വർഷമെടുത്തു. ഇതേ നാഴികക്കല്ലിൽ എത്തിപ്പെടാൻ ജിമെയിലിന് അഞ്ച് വർഷവും ട്വിറ്ററിന് ആറ് വർഷവും ഫേസ്ബുക്കിന് നാല് വർഷവും വേണ്ടിവന്നു. എന്നാൽ പുതിയ ഓപ്പൺ എ.ഐ എന്ന ഗവേഷണ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാഷാ മോഡൽ ചാറ്റ് ജി.പി.ടിക്ക് നേട്ടം കൈവരിക്കാൻ രണ്ടുമാസമേ വേണ്ടിവന്നുള്ളൂ. സമീപകാല തരംഗവും വിവാദപരവുമായ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പ് ടിക് ടോക്ക് പോലും ഈ നേട്ടത്തിലെത്താൻ ഒൻപത് മാസമെടുത്തിരുന്നു എന്നോർക്കണം. സർവവ്യാപിയായ സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചാറ്റ് ജി.പി.ടി എന്നീ പദങ്ങൾക്ക് ഉയർന്ന റെക്കോർഡ് തിരച്ചിലുകൾ സൂചിപ്പിക്കുമ്പോൾ, ഭാവിക്ക് ഇത് നൽകുന്ന സൂചന എന്താണ്?

ഇലോൺ മസ്‌കും സാം ആൾട്ട്‌മാനും ഉൾപ്പെടെയുള്ള പ്രമുഖ സംരംഭകരും ശാസ്ത്രജ്ഞരും ചേർന്നാണ് 2015 ൽ ഓപ്പൺ എ.ഐ സ്ഥാപിക്കുന്നത്. പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനു വേണ്ടി മൈക്രോ സോഫ്റ്റ് ഉടൻ തന്നെ കമ്പനിയിൽ 20 കോടി യു.എസ് ഡോളർ നിക്ഷേപവും സാങ്കേതിക പിന്തുണയും നടത്തിയിരുന്നു. ഈ കൂട്ടായ്മയിൽ നിന്നാണ് ജി.പി.ടി (Generative Pre-trained Transformer) എന്ന ടെക്നോളജിയുടെ ഉത്ഭവം. 2022 നവംബർ ൽ ജി.പി.ടി ടെക്നോളജിയുടെ മൂന്നാം പതിപ്പായ ജി.പി.ടി -3 അടിസ്ഥാനമാക്കി പുറത്തിറക്കിയ ചാറ്റ് ജി.പി.ടി പുതിയ സാദ്ധ്യതകളും അതോടൊപ്പം ആശങ്കകളുമാണ് മുന്നോട്ട് വയ്‌ക്കുന്നത്.

ലേഖനങ്ങൾ, വെബ്‌സൈറ്റുകൾ, പുസ്‌തകങ്ങൾ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ പഠിക്കുകയും തുടർന്ന് മുൻ വാക്കുകളെ അടിസ്ഥാനമാക്കി ഒരു ശ്രേണിയിലെ അടുത്ത വാക്ക് എന്തായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയുകയും ചെയ്യുന്ന ഒരു യന്ത്രമായി ജി.പി.ടി സാങ്കേതികവിദ്യയെ ലളിതമായി സംഗ്രഹിക്കാം. 2020-ന് മുമ്പ് വിവിധ സ്രോതസുകളിൽ നിന്നുള്ള ടെക്സ്റ്റ് ഡാറ്റയുടെ പിൻബലം ഇന്ന് ചാറ്റ് ജി.പി.ടിക്കുണ്ട്. ഈ വലിയ ശേഖരം ഉപയോഗിച്ച് ചോദ്യങ്ങൾക്ക് മനുഷ്യനെപ്പോലെ ഒഴുക്കുള്ളതും വളരെ യോജിച്ചതുമായ പ്രതികരണങ്ങൾ നല്കാൻ ചാറ്റ് ജി.പി.ടിക്ക് കഴിയും.

അസിസ്റ്റന്റിന് തുല്യമോ ?

ഒരു അസിസ്റ്റന്റിനെ പോലെ നമുക്ക് ഈ ചാറ്റ് സംവിധാനത്തെ ഉപയോഗിക്കാം . ഒരു ജോലി അപേക്ഷ പൂരിപ്പിക്കാനോ അനുയോജ്യമായ അവധി അപേക്ഷ എഴുതാനോ ഒരു യൂട്യൂബ് വീഡിയോ അവതരണത്തിനായി പെട്ടെന്ന് ഒരു സ്ക്രിപ്റ്റ് നിർമ്മിക്കാനോ പോലും കഴിയുമെന്നുള്ള അതിന്റെ സാദ്ധ്യത വളരെ ആകർഷകമാണ്. ആവശ്യമെങ്കിൽ ഐൻസ്റ്റീനെയോ ഷേക്സ്പിയറെയോ അനുകരിക്കുന്ന ശൈലിയിൽ മറുപടികളും ഉത്തരങ്ങളും നൽകാനുള്ള കഴിവ് ചാറ്റ് ജി.പി.ടിയെ കൂടുതൽ രസകരമാക്കുന്നു.

തെറ്റായ വിവരങ്ങൾ

ഭീഷണിയാകുമ്പോൾ

ഈ സാങ്കേതികവിദ്യകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് തെറ്റായ വിവരങ്ങളാണ്. വലിയ ഡാറ്റാ സെറ്റുകളിൽ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും, സാങ്കേതികവിദ്യാ പിശകിന് സാദ്ധ്യത ഏറെയാണ്. പിശകുകൾ തിരിച്ചറിയാൻ വൈദഗ്ധ്യമില്ലാത്ത ഒരു ഉപയോക്താവിന് വളരെ സങ്കീർണമായ ടെക്സ്റ്റ് ജനറേറ്റീവ് പ്രതികരണങ്ങൾ ബുദ്ധിമുട്ടായേക്കാം. ഒരു സുരക്ഷാ, ധാർമ്മിക നയമെന്ന നിലയിൽ, രാഷ്ട്രീയം, മതം, ആരോഗ്യം / വൈദ്യശാസ്ത്രം തുടങ്ങിയ ചോദ്യങ്ങൾക്ക് ഓപ്പൺ എ.ഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായ ധാരണയില്ലെങ്കിൽ കൂടി ഉത്തരം നൽകാനുള്ള അതിന്റെ പ്രവണത തെറ്റിദ്ധാരണകൾ സൃഷ്‌ടിച്ചേക്കാം.

മനുഷ്യന് പകരമോ?

മറ്റൊരു ചർച്ചാവിഷയം, ഈ സാങ്കേതിക വിദ്യകളുടെ കൂടുതൽ വികസിത പതിപ്പിന് തൊഴിൽ വിപണിയിലെ മനുഷ്യ ആവശ്യങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുമോ എന്നതാണ്. ഒരുപക്ഷേ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും മനുഷ്യർ മുന്നേറുമ്പോഴെല്ലാം ഒരു പേടിസ്വപ്നമായി മനുഷ്യരെ പിന്തുടർന്ന ഒരു ചോദ്യമായിരിക്കണം ഇത്. എന്നാൽ ഇതിനൊരു മറുവാദം കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുയോജ്യമായ തൊഴിലുകൾ കണ്ടെത്തി അതിനോട് പൊരുത്തപ്പെട്ട മനുഷ്യന്റെ ചരിത്രം തന്നെയാണ്.

ഓപ്പൺ എ.ഐയുടെ ആത്യന്തികലക്ഷ്യം മനുഷ്യന്റെ ബുദ്ധിയുമായി പൊരുത്തപ്പെടാൻ കഴിയുന്ന സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടാക്കുക എന്നതാണ്. അതിൽ ചാറ്റ് ജി.പി.ടി യെ മഹത്തായ ലക്ഷ്യത്തിലെ ഒരു ചെറിയ ചുവടുവയ്പ്പായി മാത്രമേ കാണാൻ കഴിയൂ. ചാറ്റ് ജിപിടിക്ക് പുറമേ, ടെക്സ്റ്റ് വിവരണത്തിൽ നിന്ന് യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന കലയും ചിത്രങ്ങളും സൃഷ്ടിക്കാൻ കഴിയുന്ന DALL - E-യും ഓപ്പൺ എ.ഐ നിർമ്മിച്ചിരുന്നു. കൂടാതെ, ഗൂഗിൾ അവരുടെ സ്വന്തം ടൂളുകളുമായി വരുന്നു. ഒപ്പം മറ്റ് സാങ്കേതിക ഭീമന്മാരും ഇത് പിന്തുടരും.

വേഗതയിൽ എ.ഐ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ, ഭാവിയെക്കുറിച്ച് നമുക്ക് ആവേശഭരിതരാകാൻ കഴിയുമെങ്കിലും, അതിന്റെ പുരോഗതിയെക്കുറിച്ച് ആലോചിക്കുമ്പോൾ സാങ്കേതികവിദ്യ ഇപ്പോഴും ശൈശവ അവസ്ഥയിലാണ്. ഇപ്പോൾ നമുക്ക് ലഭ്യമായിട്ടുള്ള സാങ്കേതിക ഉപകരണങ്ങൾ വളരെ മികച്ചതും അത്ഭുതപ്പെടുത്തുന്നതുമാണെങ്കിലും മനുഷ്യന്റെ ബുദ്ധിക്ക് പകരക്കാരല്ലെന്ന വസ്തുതയും നാം അറിഞ്ഞിരിക്കണം. ഉടനെ ലഭിക്കുന്ന കാപ്‌സ്യൂളിലെ സംഗ്രഹങ്ങളും സമൂഹമാദ്ധ്യമ വാർത്തകളും ആകർഷകമാണെങ്കിലും സ്വന്തമായ ഗവേഷണബുദ്ധിയുടെ അനിവാര്യതയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

( ലേഖകൻ നോർവേ ആർട്ടിക് യൂണിവേഴ്സിറ്റിയിൽ സീനിയർ കംപ്യൂട്ടർ സയിന്റിസ്റ്റാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHAT GPT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.