തിരുവനന്തപുരം: പുതിയ കാലഘട്ടത്തിലെ മാറ്റങ്ങൾ സ്ത്രീ ഉന്നമനത്തിന് വേണ്ടി നടപ്പാക്കാൻ വനിതാ വികസന കോർപ്പറേഷൻ മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ വികസന കോർപ്പറേഷന്റെ മുപ്പത്തിയഞ്ചാം വാർഷികാഘോഷം തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഷികത്തോടനുബന്ധിച്ചുളള കെ.ആർ.ഗൗരിയമ്മ എൻഡോവ്മെന്റിനും തുടക്കം കുറിച്ചു.
തൊഴിൽ മേഖലയിലടക്കം സ്ത്രീകൾക്ക് പിന്തുണ നൽകുന്നതാണ് സർക്കാർ നയം. അതിനുവേണ്ടി സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കും. കൊവിഡിന് ശേഷമുള്ള വർക്ക് ഫ്രം ഹോം പദ്ധതി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതും, പൊതുവെ അംഗീകരിക്കപ്പെട്ട വർക്ക് നിയർ ഹോം എങ്ങനെ നടപ്പാക്കമെന്നതും കൂടുതൽ ആലോചിച്ച് നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കോർപ്പറേഷന്റെ മുൻ അദ്ധ്യക്ഷമാരെ മന്ത്രി ആന്റണി രാജു ആദരിച്ചു. മുൻ ചെയർപേഴ്സൺമാരായ ഡോ. മൃദുൽ ഈപ്പൻ, പ്രൊഫ. ബി.ജയലക്ഷ്മി, ജമീല ഇബ്രാഹിം, ഖമറുന്നീസ അൻവർ, എൻ.കെ.രാധ, പി.ഖുൽസു, കെ.എസ്.സലീഖ എന്നിവരെയാണ് ആദരിച്ചത്.
മുൻ മന്ത്രി പി.കെ.ശ്രീമതി ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി, കോർപ്പറേഷൻ പ്രസിഡന്റ് എം.ആർ.രംഗൻ, എം.ഡി വി.സി.ബിന്ദു, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർമാരായ ബീനാ.ബി, നിഷ.എസ്, ഷൈല സുരേന്ദ്രൻ, വി.കെ.പ്രകാശിനി, ടി.വി.അനിത, ഗ്രേസ്.എം.ഡി, ഷീബ ലിയോൺ, പെണ്ണമ്മ തോമസ്, ആർ.ഗിരിജ തുടങ്ങിയവർ പങ്കെടുത്തു. കെ.ആർ.ഗൗരിയമ്മ എൻഡോവ്മെന്റ് പ്രഭാഷണം ഇന്ന് രാവിലെ 9.30ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഡോ. കല്പന കണ്ണബീരൻ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |