ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീംകോടതി. വിലക്ക് ആവശ്യപ്പെട്ട് അഡ്വ. മനോഹർലാൽ ശർമ നല്കിയ ഹർജി കോടതി തള്ളി. ലിസ്റ്റഡ് കമ്പനികൾക്കെതിരെയുള്ള വാർത്തകൾ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡിന്റെ (സെബി) മുൻകൂർ അനുമതിയില്ലാതെ നൽകരുതെന്നായിരുന്നു വാദം. വിഷയത്തിൽ മാദ്ധ്യമങ്ങൾ സെൻസേഷനുണ്ടാക്കുന്നുവെന്നും ആരോപണമുണ്ടായി. എന്നാൽ, മാദ്ധ്യമങ്ങൾക്കെതിരെ ഒരു ഉത്തരവും പുറപ്പെടുവിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിനുണ്ടായ ഓഹരിത്തകർച്ച അന്വേഷിക്കാനും നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങൾ ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കുമായി വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഉടൻ ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്സനെതിരെ കേസെടുക്കണമെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മനോഹർലാൽ ശർമ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂറിന്റെ ഉൾപ്പെടെ നാല് ഹർജികൾ സുപ്രീംകോടതിക്ക് മുന്നിലുണ്ട്.
വിദഗ്ദ്ധസമിതി അംഗങ്ങളാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച പേരുകൾ കോടതി സ്വീകരിച്ചിരുന്നില്ല. സ്വീകരിച്ചാൽ സർക്കാർ സമിതിയായി കണക്കാക്കപ്പെടുമെന്നും വിദഗ്ദ്ധരെ കോടതി തിരഞ്ഞെടുക്കുമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. സമിതിയുടെ സുതാര്യത നിലനിറുത്താനും ജനങ്ങൾക്ക് വിശ്വാസമുണ്ടാകാനുമാണ് നിലപാടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |