ന്യൂഡൽഹി : പ്രതിരോധ മന്ത്രാലയത്തിന് കീഴീലെ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആ.ഒ) 2017ൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയ ദോക്‌ലാമിൽ തന്ത്ര പ്രധാനമായ റോഡ് നിർമ്മാണം പൂർത്തിയാക്കി. ഇതോടെ മേഖലയിൽ ഇന്ത്യയ്‌ക്ക് മേൽക്കൈ നേടാനായെന്ന് പ്രതിരോധ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കി. ഭൂട്ടാനും ഇന്ത്യയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 'ദന്തക്' പദ്ധതിക്കാണ് സാക്ഷാത്കാരം. ഭൂട്ടാനിൽ റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ സഹായിക്കുന്നത്. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗെ റോഡ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്‌തു. ബോർഡർ റോഡ്സ് ഡയറക്‌ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രഘു ശ്രീനിവാസൻ ജൂലായ് 28 മുതൽ ഇന്നലെ വരെ ഭൂട്ടാനിലുണ്ടായിരുന്നു. അദ്ദേഹം ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്‌ചുക്, പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗെ എന്നിവരെ സന്ദർശിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അടുത്തിടെ ഭൂട്ടാൻ സന്ദശിച്ച് പദ്ധതി വിലയിരുത്തിയിരുന്നു.
സേനയ്ക്കും ജനങ്ങൾക്കും
പ്രയോജനകരം
റോഡ് നിയന്ത്രണരേഖയ്‌ക്ക് സമീപം
ദോക്‌ലാമിൽ നിന്ന് ഭൂട്ടാനിലെ ഹാ വാലിയിലേക്ക്
സേനാ നീക്കത്തിനും പൊതുയാത്രയ്‌ക്കും പ്രയോജനകരം
നിലവിൽ റോഡ് ഭൂട്ടാൻ ഉപയോഗിക്കുന്നു
അവശ്യ സാഹചര്യങ്ങളിൽ ഇന്ത്യയ്‌ക്ക് പ്രയോജനപ്പെടും
ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണം
നിർമ്മാണച്ചെലവ് 254 കോടി
ടിബറ്റ് സ്വയംഭരണ പ്രദേശമായ ചുംബി വാലിയെ സംബന്ധിച്ചും നിർണായകം
ചുംബി വാലിയിൽ ചൈനീസ് സൈനികരുടെ സാന്നിദ്ധ്യമുണ്ട്
ഭൂട്ടാൻ ആർമിക്ക് ചുംബി വാലിക്ക് സമീപത്തെ അതിർത്തിയിലെത്താൻ റോഡ് സഹായകം
ഭൂട്ടാൻ ഇന്ത്യ-ചൈന അതിർത്തിക്ക് തൊട്ടടുത്ത രാജ്യം
ചൈനയിൽ നിന്ന് ഭീഷണി നേരിടുന്നുണ്ട് ഭൂട്ടാൻ
അതിനാൽ ഭൂട്ടാനുമായുള്ള പങ്കാളിത്തം ഇന്ത്യയ്‌ക്ക് പരമ പ്രധാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |